Image courtesy: Canva
Insurance

കുടുംബ ബിസിനസില്‍ ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ബിസിനസില്‍ റിസ്‌ക് എപ്പോഴും വരാം. അപകടങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍ തുടങ്ങി റിസ്‌കുകള്‍ ഓരോ ദിവസവും കൂടിവരികയാണ്. ഈ റിസ്‌കുകളൊക്കെ കവര്‍ ചെയ്യുകയെന്നത് ഏതൊരു വ്യക്തിയുടെയും ബിസിനസിന്റെയും അടിസ്ഥാന ആവശ്യമാണ്

Viswanathan Odatt

പല പ്രമുഖ വന്‍കിട ബിസിനസ് ഗ്രൂപ്പുകളുടെയും ചരിത്രം പരിശോധിച്ചാല്‍ അവ ഒരു കുടുംബത്തിന്റെ കൂട്ടായ പരിശ്രമത്തില്‍ നിന്ന് ഉടലെടുത്തതാണെന്ന് മനസിലാകും. പാരമ്പര്യമായി പകര്‍ന്നുകിട്ടിയ ബിസിനസ് മൂല്യങ്ങള്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തി, അടുത്ത തലമുറക്ക് കൈമാറുകയാണ് സ്ഥാപനങ്ങള്‍ ചെയ്തുവരുന്നത്. അതുതന്നെയാണ് അവരുടെ വിജയരഹസ്യവും. തലമുറകള്‍ മാറുമ്പോഴും തകര്‍ച്ചയില്ലാതെ ബിസിനസ് മുന്നോട്ട് കൊണ്ടുപോകാന്‍ ലാഭം ആവശ്യമുണ്ടാകാം. എന്നാല്‍ അത് മാത്രം പോര, കൃത്യമായ റിസ്‌ക് മാനേജ്‌മെന്റും ആവശ്യമാണ്. ബിസിനസില്‍ വരുന്ന അപ്രതീക്ഷിത പ്രതിസന്ധികളെ മറികടക്കാന്‍ ഇന്‍ഷുറന്‍സ് നിങ്ങളെ സഹായിക്കും.

ഇന്‍ഷുറന്‍സ് കമ്പനി/ പോളിസി

ഉപഭോക്താവ് അടക്കുന്ന പ്രീമിയം, കവര്‍ ചെയ്യുന്ന റിസ്‌കുകള്‍ എന്നിവ ഏറ്റവും വിശ്വാസ്യതയും കെട്ടുറപ്പുമുള്ള കമ്പനിയിലായിരിക്കണം. കമ്പനിയുടെ ആസ്തി, വിപണിയിലെ വളര്‍ച്ച, വിദേശ പങ്കാളിത്തം എന്നിവ പ്രധാന ഘടകങ്ങളാണ്. പോളിസി തിരഞ്ഞെടുക്കുമ്പോഴും വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. കവര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന റിസ്‌കുകള്‍, കുറഞ്ഞ പ്രീമിയം നിരക്ക്, സുതാര്യമായ പോളിസി വ്യവസ്ഥകള്‍, പാക്കേജ് പോളിസികള്‍, ഡിസ്‌കൗണ്ടുകള്‍, ഉപഭോക്താവിന്റെ ആവശ്യത്തിനനുസൃതമായി തയാറാക്കിയ പോളിസികള്‍ എന്നിവ ശ്രദ്ധിക്കണം.

പ്രൊഫഷണല്‍ ഉപദേശകരുടെ സേവനം

വരുമാനം വര്‍ധിക്കുന്നതിനനുസരിച്ച് ബിസിനസ് ആവശ്യങ്ങളും കൂടിവരുന്നു. ഇന്ന് ഇന്ത്യയില്‍ പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമായി നിരവധി ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉപഭോക്താവിന്റെ സാമ്പത്തിക അടിത്തറ മനസിലാക്കുകയും അവരുടെ ഭാവി ആവശ്യങ്ങള്‍ മുന്നില്‍ കാണുകയും ചെയ്ത് തയാറാക്കുന്ന ഒരു സാമ്പത്തിക ഉപദേഷ്ടാവിനെയാണ് സ്വാഭാവികമായും എല്ലാവരും ആഗ്രഹിക്കുന്നത്. ഒരു പ്രൊഫഷണല്‍ സാമ്പത്തിക ഉപദേഷ്ടാവിന് അത് സാധിക്കും. ഭാവിയില്‍ വരാന്‍ ഇടയുള്ള റിസ്‌കുകളെ മനസിലാക്കി, അവയെല്ലാം കവര്‍ ചെയ്ത് ആധികാരികമായി സംരക്ഷിക്കാന്‍ കഴിയുന്ന വ്യക്തിയായിരിക്കണം ഉപദേഷ്ടാവാകേണ്ടത്.

റിസ്‌ക് കവറേജ്

ബിസിനസില്‍ റിസ്‌ക് എപ്പോഴും വരാം. അപകടങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍ തുടങ്ങി റിസ്‌കുകള്‍ ഓരോ ദിവസവും കൂടിവരികയാണ്. ഈ റിസ്‌കുകളൊക്കെ കവര്‍ ചെയ്യുകയെന്നത് ഏതൊരു വ്യക്തിയുടെയും ബിസിനസിന്റെയും അടിസ്ഥാന ആവശ്യമാണ്. ബിസിനസിന്റെ സാമ്പത്തിക സ്ഥിതി അനുസരിച്ചുള്ള ഇന്‍ഷുറന്‍സിന് മുന്‍ഗണന നല്‍കണം. അത്തരം സ്‌കീമുകളാണ് എടുക്കേണ്ടത്. മേല്‍പറഞ്ഞ സുരക്ഷ മാര്‍ഗങ്ങള്‍ യഥാസമയം ശരിയായ രീതിയില്‍ നടപ്പാക്കിയാല്‍ സ്ഥാപനത്തെ മുന്നോട്ട് നയിക്കാന്‍ എളുപ്പമായിരിക്കും.

(Originally published in Dhanam Magazine March 31, 2026 issue.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT