പശ്ചിമേഷ്യയിൽ യു.എസ്-ഇറാൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ, യുദ്ധമേഖലകളിലൂടെ യാത്ര ചെയ്യുന്നവരും അവിടെ താമസിക്കുന്നവരും തങ്ങളുടെ ഇൻഷുറൻസ് പോളിസികളുടെ നിബന്ധനകൾ കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്.
ട്രാവൽ ഇൻഷുറൻസ്: സാധാരണ നിലയിലുള്ള ട്രാവൽ ഇൻഷുറൻസ് പോളിസികൾ യുദ്ധം മൂലം ഉണ്ടാകുന്ന നഷ്ടങ്ങൾക്ക് പരിരക്ഷ നൽകുന്നില്ല. എന്നിരുന്നാലും, യുദ്ധസാഹചര്യം കാരണം വിമാനത്താവളങ്ങൾ അടച്ചുപൂട്ടുകയോ വിമാനങ്ങൾ റദ്ദാക്കുകയോ ചെയ്യുന്നത് മൂലമുണ്ടാകുന്ന കാലതാമസത്തിന് (Trip delay) പരിരക്ഷ ലഭിച്ചേക്കാം. ഇതിനായി ഈ സംഘർഷം സംഭവിക്കുന്നതിന് (Known event) മുൻപ് തന്നെ നിങ്ങൾ പോളിസി എടുത്തിരിക്കണം എന്നത് നിർബന്ധമാണ്.
മെഡിക്കൽ എമർജൻസി: വിദേശത്തുള്ളപ്പോൾ ഉണ്ടാകുന്ന അസുഖങ്ങൾക്കും അപകടങ്ങൾക്കും പരിരക്ഷ ലഭിക്കുമെങ്കിലും, അവ യുദ്ധവുമായി ബന്ധപ്പെട്ടതാകാൻ പാടില്ല. മിസൈൽ ആക്രമണമോ സായുധ പോരാട്ടമോ വഴി ഉണ്ടാകുന്ന പരിക്കുകൾക്ക് ക്ലെയിം ലഭിക്കില്ല. ഏകദേശം 99 ശതമാനം ആരോഗ്യ ഇൻഷുറൻസുകളും യുദ്ധബാധിത പ്രദേശങ്ങളിലെ ചികിത്സയ്ക്ക് പരിരക്ഷ നൽകുന്നില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ടേം ഇൻഷുറൻസ് പോളിസികൾ സാധാരണയായി ലോകമെമ്പാടും പരിരക്ഷ നൽകുന്നവയാണ്. വിദേശത്തുവെച്ചുള്ള സ്വാഭാവിക മരണങ്ങൾക്ക് തുക ലഭിക്കുമെങ്കിലും, യുദ്ധത്തിൽ നേരിട്ട് പങ്കെടുത്തോ അല്ലെങ്കിൽ യുദ്ധത്തിന്റെ നേരിട്ടുള്ള ഫലമായോ സംഭവിക്കുന്ന മരണങ്ങൾക്ക് ക്ലെയിം ലഭിക്കാൻ പ്രയാസമാണ്. സർക്കാർ അപ്രതീക്ഷിത സംഭവങ്ങളില്‍ പ്രഖ്യാപിക്കുന്ന 'ഫോഴ്സ് മജൂർ' (Force majeure) സാഹചര്യങ്ങളിലും ഇൻഷുറൻസ് കമ്പനികൾ ക്ലെയിമുകൾ നിരസിച്ചേക്കാം.
മൃതദേഹം നാട്ടിലെത്തിക്കൽ (Repatriation): യുദ്ധമേഖലയിൽ വെച്ച് മരണം സംഭവിക്കുകയാണെങ്കിൽ, മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ എംബസിയും ഇൻഷുറൻസ് കമ്പനിയും ചേർന്നാണ് ഏകോപിപ്പിക്കുന്നത്. പോളിസിയിൽ ഇതിനായുള്ള പരിരക്ഷ ഉണ്ടെങ്കിൽ ഇൻഷുറൻസ് കമ്പനി ചെലവുകൾ വഹിക്കും, അല്ലാത്തപക്ഷം വലിയൊരു തുക കുടുംബം സ്വയം കണ്ടെത്തേണ്ടി വരും.
ഇൻഷുറൻസ് പോളിസികളിലെ 'എക്സ്ക്ലൂഷനുകൾ' (Exclusions) അഥവാ ഒഴിവാക്കപ്പെട്ട കാര്യങ്ങൾ ശ്രദ്ധാപൂർവം വായിച്ചു മനസിലാക്കുന്നത് ഇത്തരം പ്രതിസന്ധികളിൽ നിർണായകമാണ്.
Explainer on whether travel and life insurance policies provide coverage for people traveling or living in war zones amid the escalating US–Iran conflict.
Read DhanamOnline in English
Subscribe to Dhanam Magazine