Insurance

2 മിനിറ്റില്‍ ഓണ്‍ലൈന്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സെടുക്കാന്‍ ആപ്പുമായി നവി ജനറല്‍ ഇന്‍ഷൂറന്‍സ്

വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും 2 ലക്ഷം മുതല്‍ 1 കോടി രൂപ വരെ കവറേജ് ലഭിക്കുന്ന ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് ഈ ആപ്പിലൂടെ എടുക്കാം.

Dhanam News Desk

നവി ജനറല്‍ ഇന്‍ഷുറന്‍സ് 2 മിനിറ്റുകൊണ്ട് ഓണ്‍ലൈനിലൂടെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കാനുള്ള നവി ഹെല്‍ത്ത് ആപ്പ് അവതരിപ്പിച്ചു. വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും 2 ലക്ഷം മുതല്‍ 1 കോടി രൂപ വരെ കവറേജ് ലഭിക്കുന്ന ഹെല്‍ത്ത് ഇന്‍ഷൂറന്‍സ് ഈ ആപ്പിലൂടെ എടുക്കാം. സച്ചിന്‍ ബന്‍സാലും അങ്കിത് അഗര്‍വാളും ചേര്‍ന്ന് പ്രൊമോട്ടു ചെയ്യുന്ന നവി ഗ്രൂപ്പിന്റെ ഭാഗമായ ഈ ആപ്പിന് ക്യാഷ്ലെസ് ക്ലെയിമുകള്‍ക്കുള്ള അനുമതിയും 20 മിനിറ്റില്‍ ലഭ്യമാണെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കേരളത്തിലുള്‍പ്പെടെയുള്ള 400-ലേറെ സ്ഥലങ്ങളിലെ 10,000-ലേറെ ആശുപത്രികളില്‍ ക്യാഷ്ലെസ് സേവനം ലഭ്യമാണ്. ഹെല്‍ത്ത് ക്ലെയിമുകള്‍ക്കുള്ള നവിയുടെ സെറ്റില്‍മെന്റ് റേഷ്യോ 98% ആണെന്ന് നവി ജനറല്‍ ഇന്‍ഷൂറന്‍സ് എംഡിയും സിഇഒയുമായ രാമചന്ദ്ര പണ്ഡിറ്റ് പറഞ്ഞു.

ആപ്പിലൂടെ ഹെല്‍പ്പ്ലൈനില്‍ വിളിച്ച് ക്ലെയിമുകള്‍ സമര്‍പ്പിക്കാം. ഇന്‍-പേഷ്യന്റ് ആശുപത്രിവാസം, ആശുപത്രിവാസത്തിനു മുന്‍പും പിന്‍പമുള്ള ചെലവുകള്‍, കോവിഡ്19 ആശുപത്രിവാസം, റോഡ് ആംബുലന്‍സ് കവര്‍, വെക്റ്റര്‍-ബോണ്‍ രോഗം, പ്രസവ-നവജാതശിശു കവര്‍ തുടങ്ങി 20-ലേറെ ആനുകൂല്യങ്ങള്‍ക്ക് കവറേജ് ലഭ്യമാണ്.

ഇന്‍ഷുര്‍ ചെയ്ത തുകയുടെ പരമാവധിയ്ക്കുള്ളില്‍ നിന്ന് ഒരു വര്‍ഷം എത്ര ക്ലെയിം വേണമെങ്കിലും ചെയ്യാം. കമ്പനിയുടെ സേവനം ലഭ്യമല്ലാത്ത ആശുപത്രികളിലെ സേവനങ്ങള്‍ക്കും പൂര്‍ണ രേഖകളുണ്ടെങ്കില്‍ 4 മണിക്കൂറില്‍ ക്ലെയിമുകള്‍ സെറ്റ്ല്‍ ചെയ്യുമെന്നും കമ്പനിയുടെ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ജീവിതകാലം മുഴുവന്‍ പരിശോധന ഇല്ലാതെ ഓണ്‍ലൈനായിത്തന്നെ പുതുക്കാനും ഓപ്ഷനുണ്ട്. ഡെങ്കിപ്പനി, മലമ്പനി, സൈ്വന്‍ ഫ്ളു എന്നിവയ്ക്ക് അടിസ്ഥാന ഇന്‍ഷുറന്‍സ് തുകയില്‍ ബാധിയ്ക്കാതെ അധികമായി 20,000 രൂപയുടെ എക്സ്ട്രാ കെയര്‍ കവറെടുക്കാനും സൗകര്യമുണ്ട്.

ആപ്പിലൂടെ നേരിട്ട് ഇന്‍ഷുറന്‍സ് എടുക്കാമെന്നതിനാല്‍ ഇടയിലുള്ള ഏജന്റുമാരുടെ സേവനത്തിലും ആശ്രയിക്കേണ്ടതില്ല. ഗൂഗ്ള്‍ പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT