"1979ല്‍ നൂറ് പോയ്ന്റിലാണ് സെന്‍സെക്സിന്റെ തുടക്കം. ഇപ്പോള്‍ ഇത് 67,000 ത്തിനുമുകളില്‍ എത്തി നില്‍ക്കുന്നു. ഈ 40 വര്‍ഷത്തിലധികമായുള്ള യാത്ര നോക്കിയാല്‍ വലിയ ഉയര്‍ച്ച ഉണ്ടാകുമ്പോഴാണ് നിക്ഷേപകര്‍ക്ക് വിപണിയിലൊരു വിശ്വാസം വരുന്നതെന്നു കാണാം. എന്നാല്‍ അത് ഒട്ടും ശരിയായ രീതിയല്ല. ഒന്നോ രണ്ടോ വര്‍ഷത്തെ ഉയര്‍ന്ന റിട്ടേണ്‍ കണ്ടുകൊണ്ടല്ല നിക്ഷേപിക്കേണ്ടത്. ദീര്‍ഘകാലത്തേക്കായിരിക്കണം നിക്ഷേപം. ചിലപ്പോള്‍ രണ്ടോ മൂന്നോ വര്‍ഷമൊക്കെ യാതൊരു നേട്ടവും ലഭിക്കാതെയിരിക്കാം. അതിനെയെല്ലാം തരണം ചെയ്യാനുള്ള നിക്ഷേപ രീതി അവലംബിക്കുകയാണ് വേണ്ടത്. അതിനനുസരിച്ചുള്ള ഫണ്ടുകളും പദ്ധതികളുമൊക്കെയുണ്ട്. പക്ഷേ, പലപ്പോഴും നിക്ഷേപകര്‍ നേട്ടം കൊയ്യാന്‍ ക്ഷമയോടെ കാത്തിരിക്കാന്‍ തയാറാകുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം."
മ്യൂച്വല്‍ഫണ്ടില്‍ ഉള്‍പ്പെടെ നിക്ഷേപിക്കുന്നവരുടെ പൊതുവായ മനോഭാവത്തെ സൂചിപ്പിക്കുന്നതാണ് ഡി.എസ്.പി മ്യൂച്വല്‍ഫണ്ട് സീനിയര്‍ വൈസ് പ്രസിഡന്റ് ഉഷ നായരുടെ വാക്കുകള്‍. കഴിഞ്ഞ നാല് വര്‍ഷത്തിലധികമായി ഡി.എസ്.പിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം നല്‍കുന്ന മലയാളിയായ ഉഷ നായര്‍ ഇന്ത്യന്‍ ഓഹരി വിപണിയെ കുറിച്ചും മ്യൂച്വല്‍ഫണ്ട് നിക്ഷേപകര്‍ ഇപ്പോള്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെ കുറിച്ചും ധനം ഓണ്‍ലൈന്‍ ഡോട്ട് കോമുമായി പങ്കുവയ്ക്കുന്നു
ചെറിയ ഉയര്‍ച്ച താഴ്ചകളുണ്ടെങ്കിലും ഓഹരി വിപണി എക്കാലത്തെയും ഉയര്‍ന്ന നിലയില്‍ തുടരുകയാണ്. ഇപ്പോഴത്തെ വിപണി അവസ്ഥയെ കുറിച്ചുള്ള വിലയിരുത്തലെന്താണ്? നിക്ഷേപകരുടെ സമീപനം എങ്ങനെയായിരിക്കണം?
ഇപ്പോഴത്തെ സാഹചര്യം നോക്കിയാല്‍ വിപണി വലിയ ഉയര്‍ച്ചയില്‍ തന്നെയാണ്. രാജ്യമെന്ന നിലയില്‍ ഇന്ത്യ നടപ്പാക്കി വരുന്ന പല പരിഷ്‌കാരങ്ങളും പദ്ധതികളും മറ്റു രാഷ്ട്രങ്ങളെ അപേക്ഷിച്ചുള്ള മെച്ചപ്പെട്ട വളര്‍ച്ചയുമൊക്കെയാണ് മാര്‍ക്കറ്റിനൊരു മൊമന്റം നല്‍കുന്നത്. ഇതൊക്കെയാണെങ്കിലും വാല്വേഷന്‍ കൂടി നില്‍ക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുമുണ്ട്. ഉയര്‍ന്ന വാല്വേഷനായതുകൊണ്ട് വിപണിയില്‍ നിന്ന് മാറിനില്‍ക്കണമെന്നില്ല. അതിനനുസരിച്ചുള്ള ഫണ്ടുകളും സ്‌കീമുകളും പദ്ധതികളുമൊക്കെ മനസിലാക്കി നിക്ഷേപിക്കാം. നിക്ഷേപകരെ സംബന്ധിച്ച് എപ്പോഴാണോ പണം കൈയില്‍ വരുന്നത് അപ്പോഴാണല്ലോ നിക്ഷേപം നടത്തേണ്ടത്. എത്ര തന്നെ ഈ മേഖലയില്‍ വൈദഗ്ധ്യമുണ്ടെന്നു പറഞ്ഞാലും വിപണി അടുത്ത വര്‍ഷം ഈ സമയത്ത് എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കുക അസാധ്യമാണ്. അതിനാല്‍ വിപണി എങ്ങനെ മുന്നോട്ടുപോയാലും അതിജീവിക്കുന്ന തരത്തിലുള്ള പദ്ധതികള്‍ അവതരിപ്പിക്കാനാണ് കമ്പനികള്‍ ശ്രമിക്കുന്നത്. അത്തരത്തിലുള്ള ഫണ്ടുകള്‍ തിരഞ്ഞെടുക്കാന്‍ നിക്ഷേപകരും ശ്രദ്ധിക്കണം.
എസ്.ടി.പി, എസ്.ഐ.പി, ഹൈബ്രിഡ് ഫണ്ട് അങ്ങനെ മാര്‍ക്കറ്റിന്റെ ലെവലിനെ മറികടക്കാൻ പറ്റുന്ന രീതികള്‍ പിന്തുടരാം. വിപണി ഏത് അവസ്ഥയിലാണെങ്കിലും എസ്.ഐ.പി നല്ലൊരു മാര്‍ഗമാണ്. നിക്ഷേപം ഒരു യാത്രയാണെങ്കില്‍ അതില്‍ നല്ല ദിവസങ്ങളും ചീത്ത ദിവസങ്ങളുമുണ്ടാകും. ആ യാത്ര സുഗകരമാക്കുകയാണ് എസ്.ഐ.പി ചെയ്യുന്നത്. എന്നാല്‍ ഒറ്റത്തവണയായി നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നവരെ സംബന്ധിച്ച് നിലവില്‍ മാര്‍ക്കറ്റ് അല്‍പം എക്‌സ്‌പെന്‍സീവ് ആണ്. അവര്‍ക്ക് ഹൈബ്രിഡ് ഫണ്ടുകളെ ആശ്രയിക്കാം. അസറ്റ് അലോക്കേഷന്‍ ഫണ്ട്, മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ട് എന്നിവയിലൊക്കെ ഉയര്‍ന്ന വാല്വേഷന്‍ കണക്കിലെടുത്തുകൊണ്ട് ഫണ്ട് തന്നെ നിക്ഷേപ മോഡല്‍ സ്വാഭാവികമായി മാറ്റുന്നുണ്ട്. ഇതുവഴി നിക്ഷേപകർക്ക് വിപണി ചലനങ്ങളെ കുറിച്ചുള്ള ആകുലതകളില്ലാതെ നിക്ഷേപം തുടരാനാകും.
എന്താണ് ഹൈബ്രിഡ് ഫണ്ടുകള്‍? അവയുടെ നേട്ടം എന്താണ്?
ആദ്യ കാലങ്ങളില്‍ ഇക്വിറ്റി ഫണ്ടുകള്‍, അല്ലെങ്കില്‍ ഡെറ്റ് ഫണ്ടുകള്‍ മാത്രമാണുണ്ടായിരുന്നത്. ഓഹരി അധിഷ്ഠിത ഫണ്ടുകളില്‍ മാത്രം നിക്ഷേപിക്കുന്ന ഫണ്ടുകളും, ഗവണ്‍മെന്റ് സെക്യൂരിറ്റികള്‍ ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളില്‍ നിക്ഷേപിക്കുന്ന ഫണ്ടുകളും. പിന്നീട് നിക്ഷേപകര്‍ക്ക് നഷ്ട സാധ്യത കുറച്ചുകൊണ്ട് ഓഹരി വിപണിയുടെ നേട്ടം കൂടി ആസ്വദിക്കത്തക്ക വിധത്തില്‍ ഇക്വിറ്റിയും ഡെറ്റും സംയോജിപ്പിച്ചുകൊണ്ടുള്ള ഫണ്ടുകള്‍ അവതരിപ്പിച്ചു. ഇവയാണ് ഹൈബ്രിഡ് ഫണ്ടുകള്‍. ഇതില്‍ നിശ്ചിത ശതമാനം വീതം ഇക്വിറ്റിയിലും ഡെറ്റിലും നിക്ഷേപിക്കുന്നു. ഇതിന്റെ അനുപാതം മുന്‍കൂട്ടി നിശ്ചയിച്ചിരിക്കും. ഹൈബ്രിഡ് ഫണ്ടുകളുടെ മറ്റൊരു രൂപമാണ് ഡൈനാമിക് ഹൈബ്രിഡ് ഫണ്ടുകള്‍. ഇതില്‍ ഇക്വിറ്റി, ഡെറ്റ് അലോക്കേഷന്‍ അതത് സമയത്ത് ഫണ്ട് മാനേജര്‍മാര്‍ മാറ്റം വരുത്തുകയാണ് ചെയ്യുന്നത്. ഒരു സ്ഥിര നിക്ഷേപത്തിന്റെ ഗുണമാണ് ഡെറ്റ് നിക്ഷേപങ്ങള്‍ നല്‍കുന്നതെങ്കില്‍ വിപണിയിലെ ഉയര്‍ന്ന നേട്ടത്തിന്റെ ഗുണമാണ് ഇക്വിറ്റി ഫണ്ടുകള്‍ നല്‍കുന്നത്. വിപണിയിലെ ഉയര്‍ച്ച താഴ്ചകള്‍ നിക്ഷേപത്തെ വലുതായി ബാധിക്കാതിരിക്കാന്‍ ഈ അനുപാതം സഹായിക്കും.
മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ട് എങ്ങനെയാണ് വ്യത്യസ്തമാകുന്നത്?
പുതിയ കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ക്കിണങ്ങുന്ന ഒരു ഫണ്ടെന്ന് മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ടുകളെ വിശേഷിപ്പിക്കാം. ഇക്വിറ്റി, ഡെറ്റ് എന്നിവ കൂടാതെ സ്വര്‍ണം, അന്താരാഷ്ട്ര കമ്പനികളുടെ ഓഹരികള്‍ (International equity) എന്നിവയിലാണ് മള്‍ട്ടി അലോക്കേഷന്‍ ഫണ്ട് നിക്ഷേപം നടത്തുന്നത്. വിവിധ ആസ്തികളിലേക്കുള്ള വിഹിതത്തിന്റെ അനുപാതം അപേക്ഷികമായിരിക്കും. വിപണി സാഹചര്യങ്ങള്‍ വിലയിരുത്തിയാകും അത് നിശ്ചിയിക്കുക. സാധാരണ നിക്ഷേപകര്‍ക്ക് വളരെ ഗുണപ്രദമായൊരു ആശയമാണിത്. വ്യത്യസ്ത സാമ്പത്തിക സാഹചര്യങ്ങളില്‍ വ്യത്യസ്തമായി പ്രതികരിക്കുന്ന ആസ്തികള്‍ ഉള്‍പ്പെടുത്തുന്നതിനാല്‍ വിപണിയിലെ ഏറ്റക്കുറിച്ചിലുകളില്‍ സ്ഥിരത നല്‍കുന്നു. വിപണി ഉയര്‍ന്ന നിലയിലായിരിക്കുമ്പോള്‍ എങ്ങനെ നിക്ഷേപം നടത്തണമെന്ന് അറിയാത്ത നിക്ഷേപകര്‍ക്ക് ഇവ ഗുണകരമാണ്. കാരണം ഫണ്ട് മാനേജര്‍മാര്‍ നിക്ഷേപകര്‍ക്ക് വേണ്ടി നിക്ഷേപം ക്രമീകരിക്കും. എല്ലാ വിഭാഗം നിക്ഷേപകര്‍ക്കും അവരുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടാന്‍ മള്‍ട്ടി അലോക്കേഷന്‍ ഫണ്ടുകള്‍ സഹായിക്കും.
മിക്ക ഫണ്ട് ഹൗസുകള്‍ക്കും മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ടുണ്ട്. ഡി.എസ്.പി അടുത്തിടെയാണ് ഡി.എസ്.പി മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ട് അവതരിപ്പിച്ചത്. കഴിഞ്ഞ 20 വര്‍ഷത്തിലധികമായി ഡി.എസ്.പിക്ക് ഹൈബ്രിഡ് ഫണ്ടുകളുണ്ട്. നിക്ഷേപകര്‍ക്ക് കൂടുതല്‍ പ്രയോജനകരമാകുമെന്ന കണക്കുകൂട്ടലിലാണ് ഇപ്പോള്‍ ഈ വിഭാഗത്തില്‍ മള്‍ട്ടി അസറ്റ് അലോക്കേഷന്‍ ഫണ്ട് അവതരിപ്പിച്ചിരിക്കുന്നത്. ഇന്റര്‍നാഷണല്‍ ഇക്വിറ്റിയിലൊക്കെ സാധാരണ നിക്ഷേപകര്‍ക്ക് അത്ര എളുപ്പത്തില്‍ നിക്ഷേപിക്കാനാകില്ല. എന്നാല്‍ അതേ കുറിച്ചൊന്നും ചിന്തിക്കാതെ തന്നെ അവയെ നിക്ഷേപത്തിന്റെ ഭാഗമാക്കാന്‍ മള്‍ട്ടി അസറ്റ് ഫണ്ടുകള്‍ വഴി സാധിക്കും.
അടുത്തകാലത്തായി മ്യൂച്വല്‍ഫണ്ടിലേക്കുള്ള നിക്ഷേപം കൂടുന്നുണ്ടല്ലോ? ഈ സാഹചര്യത്തില്‍ പുതുതായി കടന്നു വരുന്ന നിക്ഷേപകരോട് എന്താണ് പറയാനുള്ളത്?
അതെ, നിക്ഷേപകരുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ധന ഓരോ മാസവും ഉണ്ടാകുന്നുണ്ട്. പക്ഷെ തുടക്കക്കാരായ പല നിക്ഷേപകരും വലിയ പഠനമൊന്നും നടത്താതെ നേരിട്ട് നിക്ഷേപത്തിന് ഇറങ്ങുന്ന ഒരു രീതിയാണ് കണ്ടുവരുന്നത്. അത് ശരിയല്ലയെന്നതാണ് എന്റെ അഭിപ്രായം. നമ്മള്‍ ഒരു വാഹനം വാങ്ങുമ്പോഴോ വീടു വാങ്ങുമ്പോഴോ ഒക്കെ വലിയ മുന്നൊരുക്കങ്ങള്‍ നടത്താറില്ലേ? അതേ പോലെ നിക്ഷേപത്തിലും അത് അത്യാവശ്യമാണ്. നല്ലൊരു ഫണ്ട് മാനേജര്‍ അല്ലെങ്കില്‍ അഡ്വൈസറുടെ സഹായം നേടുന്നതാണ് ഉചിതം. ഒരാള്‍ക്ക് എത്രത്തോളം നഷ്ടം സഹിക്കാന്‍ പറ്റും, സാമ്പത്തിക ലക്ഷ്യങ്ങളെന്താണ്, എത്ര തുക നിക്ഷേപത്തിനായി നീക്കിവയ്ക്കാനാകും എന്നിവയൊക്കെ കണക്കിലെടുത്ത് അനുയോജ്യമായ ഫണ്ടുകള്‍ കണ്ടെത്തിത്തരാന്‍ ഫണ്ട് മാനേജര്‍മാര്‍ക്ക് സാധിക്കും. അല്ലാതെ ആപ്പ് വഴിയോ ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ വാക്ക്‌കേട്ടോ ഏതെങ്കിലും ഫണ്ടുകള്‍ തെരഞ്ഞെടുക്കുന്നത് ഗുണകരമാകില്ല.
തുടക്കക്കാരനായ ഒരാൾ വരുമാനത്തിന്റെ എത്ര ശതമാനം വരെ നിക്ഷേപത്തിനായി നീക്കി വയ്ക്കണം?
ഒരു വ്യക്തിയുടെ മൊത്ത വരുമാനത്തിന്റെ 20 ശതമാനം നിശ്ചയമായും നിക്ഷേപത്തിനായി നീക്കി വയ്ക്കണം. 80 ശതമാനത്തില്‍ കൂടുതല്‍ മറ്റ് കാര്യങ്ങള്‍ക്കായി ചെലവഴിക്കേണ്ടതില്ല. പലപ്പോഴും ജോലി കിട്ടുന്ന ആദ്യ കാലത്ത് പലരും സമ്പാദ്യത്തിന് വേണ്ടത്ര പ്രാധാന്യം കൊടുക്കില്ല. 35 വയസൊക്കെയാകുമ്പോഴാണ് സേവിംഗ്‌സ് ഒന്നിമില്ലല്ലോ എന്ന ചിന്ത വരുന്നത്. അത്രയും വൈകി നിക്ഷേപം തുടങ്ങുന്നവര്‍ 35 ശതമാനമോ അതില്‍ കൂടുതലോ നീക്കിവച്ചാലെ നല്ലൊരു സമ്പാദ്യമുണ്ടാക്കാനാകൂ. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി പലരും 50 വയസുവരെയൊക്കെയാണ് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ 25 വയസില്‍ സമ്പാദിക്കാന്‍ ആരംഭിച്ചാലാണ് 25 വര്‍ഷം സമയം കിട്ടുന്നത്. ഇത്തരം കാര്യങ്ങള്‍ ഉള്ളതു കൊണ്ടാണ് നേരത്തെ പറഞ്ഞത് അഡ്വൈസറുടെ സഹായം തേടണമെന്ന്. 35 വയസില്‍ സമ്പാദ്യം തുടങ്ങുന്നവര്‍ മറ്റു ചിലവുകൾ ക്രമീകരിച്ച് കൂടുതല്‍ തുക സമ്പാദ്യത്തിലേക്ക് നീക്കി വയ്ക്കാന്‍ തയാറാകേണ്ടി വരും.
മ്യൂച്വല്‍ഫണ്ട് നിക്ഷേപകര്‍ സാധാരണ വരുത്തുന്ന തെറ്റുകള്‍ എന്തൊക്കെയാണ്?
പലരും ഒരു ഫണ്ടില്‍ നിക്ഷേപം തുടങ്ങും. പിന്നെ വലിയ റിട്ടേണ്‍ ഇല്ലെന്നു കാണുമ്പോള്‍ ഉടനെ മറ്റ് ഫണ്ടിലേക്ക് മാറുകയോ അല്ലെങ്കില്‍ നിക്ഷേപം പിന്‍വലിക്കുകയോ ചെയ്യും. മറ്റു ചിലരാകട്ടെ വിപണി വലിയ ഉയരത്തില്‍ നില്‍ക്കുമ്പോള്‍ വലിയ നിക്ഷേപം നടത്തും. ഇതെല്ലാം തന്നെ നിക്ഷേപകരുടെ ഭാഗത്തു നിന്നുള്ള തെറ്റുകളാണ്. സ്ഥിരമായൊരു സമ്പാദ്യ ശീലം ഉണ്ടാക്കുകയാണ് വേണ്ടത്. ഒരു നിക്ഷേപകന്‍ ആദ്യം മനസിലാക്കേണ്ടത് വിപണി ഒരിക്കലും ഒരു ബാങ്ക് നിക്ഷേപം പോലെ ഓരോ വര്‍ഷവും റിട്ടേണ്‍ നല്‍കില്ല എന്നതാണ്. എട്ട്, പത്ത് കൊല്ലം സ്ഥിരമായി നിക്ഷേപിക്കണം. എസ്.ഐ.പി വഴി നിക്ഷേപിച്ചുകൊണ്ടേയിരിക്കുക. അപ്പോഴാണ് സാമ്പത്തിക ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനാകുക.
Read DhanamOnline in English
Subscribe to Dhanam Magazine