Image courtesy: Canva
Personal Finance

ഇനി മൂന്നാഴ്ച മാത്രം! നികുതി ലാഭിക്കാന്‍ ഇതാ, എട്ട് നിക്ഷേപ മാര്‍ഗങ്ങള്‍

നികുതി ഭാരം കുറയ്ക്കുന്നതിനും സമ്പാദ്യം വർദ്ധിപ്പിക്കുന്നതിനും ഈ നിക്ഷേപ മാര്‍ഗങ്ങള്‍ സഹായകരമാണ്.

Dhanam News Desk

ഏപ്രില്‍ 1 മുതല്‍ പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങുകയാണ്. 2024-25 സാമ്പത്തിക വർഷം അവസാനിക്കാറായ സാഹചര്യത്തില്‍ നിരവധി നികുതിദായകരാണ് നികുതി ലാഭിക്കാനുള്ള മാര്‍ഗങ്ങള്‍ തേടുന്നത്. നികുതി ഭാരം കുറയ്ക്കുന്നതിനും നിങ്ങളുടെ സമ്പാദ്യം വർദ്ധിപ്പിക്കുന്നതിനുമുളള ചില മികച്ച നിക്ഷേപ മാര്‍ഗങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്.

ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീം (ELSS)

ആദായനികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം 1.5 ലക്ഷം രൂപ വരെ ഇളവുകളാണ് ELSS ഫണ്ടുകള്‍ വാഗ്ദാനം ചെയ്യുന്നത്. വെറും 500 രൂപയുടെ കുറഞ്ഞ നിക്ഷേപവും മൂന്ന് വർഷത്തെ ലോക്ക്-ഇൻ പിരീഡും ഉള്ളവയാണ് ELSS ഫണ്ടുകള്‍. നികുതി ആനുകൂല്യങ്ങളുടെയും സാമ്പത്തിക വളർച്ചയുടെയും മികച്ച സംയോജനമാണ് ഇവ നൽകുന്നത്.

യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാനുകൾ (യുലിപ്സ്)

ലൈഫ് ഇൻഷുറൻസ്, നിക്ഷേപ റിട്ടേണുകൾ, നികുതി ആനുകൂല്യങ്ങൾ തുടങ്ങിയ മൂന്ന് നേട്ടങ്ങളാണ് യുലിപ്സിനുളളത്. അഞ്ച് വർഷത്തെ ലോക്ക്-ഇൻ കാലയളവുള്ളതിനാൽ യുലിപ്സിലെ നിക്ഷേപങ്ങൾ നികുതി രഹിതമാണ്. കൂടാതെ അടച്ച പ്രീമിയങ്ങൾക്ക് സെക്ഷൻ 80സി പ്രകാരമുളള കിഴിവുകളും ലഭിക്കും.

നാഷണല്‍ പെൻഷൻ സിസ്റ്റം (NPS)

നിങ്ങളുടെ വിരമിക്കൽ സുരക്ഷിതമാക്കുന്നത് കൂടാതെ എൻ‌പി‌എസ് നികുതി ലാഭിക്കാനും പ്രയോജനകരമാണ്. സെക്ഷൻ 80സി പ്രകാരം 1.5 ലക്ഷം രൂപയ്ക്കും സെക്ഷൻ 80 സിസിഡി (1 ബി) പ്രകാരം 50,000 രൂപ വരെയുള്ള കിഴിവുകളും എന്‍പിഎസ് വാഗ്ദാനം ചെയ്യുന്നു.

ടാക്സ് സേവര്‍ ഫിക്സഡ് ഡെപ്പോസിറ്റ്സ്

ടാക്സ് സേവർ എഫ്ഡികൾക്ക് അഞ്ച് വർഷത്തെ ലോക്ക്-ഇൻ പിരീഡുകളാണ് ഉളളത്. കൂടാതെ സെക്ഷൻ 80സി പ്രകാരം 1.5 ലക്ഷം രൂപ വരെ നികുതി ഇളവുകളും ലഭിക്കും.

കേന്ദ്ര സർക്കാറിന്റെ പിന്തുണയുള്ളതിനാല്‍ പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകൾ വളരെയധികം സുരക്ഷിതമായ നിക്ഷേപ മാര്‍ഗമായാണ് പരിഗണിക്കുന്നത്. സെക്ഷൻ 80 സി പ്രകാരം നികുതി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പ്രധാന പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകള്‍ ഇവയാണ്.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്)

സെക്ഷൻ 80സി പ്രകാരമുള്ള കിഴിവുകൾ പിപിഎഫ് വാഗ്ദാനം ചെയ്യുന്നു. കൂടാതെ ലഭിക്കുന്ന പലിശയും കാലാവധി പൂർത്തിയാകുന്ന വരുമാനവും നികുതി രഹിതമാണ്. ഇത് ദീർഘകാല നിക്ഷേപങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമാക്കുന്നു.

500 രൂപ നിക്ഷേപിച്ചുകൊണ്ട് പിപിഎഫില്‍ ചേരാം. 1.5 ലക്ഷം രൂപയാണ് പരമാവധി പരിധി. 7.1 ശതമാനം പലിശ നിരക്കുളള പിപിഎഫിന്റെ മെച്യുരിറ്റി കാലാവധി 15 വർഷമാണ്.

നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്

അഞ്ച് വർഷത്തെ ലോക്ഇൻ പിരീഡുള്ള ഈ സ്ഥിരനിക്ഷേപപദ്ധതിയില്‍ കുറഞ്ഞത് 1,000 രൂപയാണ് നിക്ഷേപിക്കേണ്ടത്. 7.7 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്.

സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (എസ്‌സി‌എസ്‌എസ്)

മുതിർന്ന പൗരന്മാർക്ക് 8.2 ശതമാനം വാർഷിക പലിശ ലഭിക്കുന്ന ആകര്‍ഷകമായ സ്കീമാണ് SCSS. 30 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് സെക്ഷൻ 80സി പ്രകാരം നികുതി ഇളവുകളുണ്ട്. ഇത് സുരക്ഷയും വരുമാനവും ഉറപ്പു നല്‍കുന്നു. 60 വയസ് കഴിഞ്ഞവര്‍ക്ക് ബാങ്കിലോ പോസ്റ്റ് ഓഫീസിലോ ഈ സ്‌കീമിൽ അക്കൗണ്ട് ഓപ്പൺ ചെയ്യാവുന്നതാണ്.

സുകന്യ സമൃദ്ധി യോജന

സുകന്യ സമൃദ്ധി യോജനയില്‍ സെക്ഷൻ 80സി പ്രകാരം 1.5 ലക്ഷം രൂപ വരെ നികുതി ഇളവ് ലഭിക്കും. കൂടാതെ നികുതി രഹിത റിട്ടേണുകളും ലഭിക്കും. 10 വയസിന് താഴെയുള്ള പെൺകുട്ടികൾക്കായാണ് ഈ സ്കീമില്‍ അക്കൗണ്ടുകൾ തുറക്കാൻ സാധിക്കുക. കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയുമാണ് നിക്ഷേപിക്കാന്‍ സാധിക്കുക, 8 ശതമാനമാണ് പലിശ നിരക്ക്. രക്ഷിതാക്കള്‍ക്ക് പെൺമക്കളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിന് ഏറെ പ്രയോജനകരമാണ് ഈ സ്കീം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT