Image courtesy: Canva
Personal Finance

ട്രെൻഡായ എസ്.ഐ.പിയിൽ നിന്ന് നിക്ഷേപകർ പിൻവാങ്ങുന്നു; ഈ പരിഭ്രാന്തിക്ക് അടിസ്ഥാനമുണ്ടോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വിപണി ഇടിയുമ്പോൾ പണം നഷ്ടപ്പെടുമെന്ന ഭയത്താൽ നിക്ഷേപം നിർത്തുന്നവർ ബുക്ക് ലോസിനെ റിയാലിറ്റിയിലേക്ക് എത്തിക്കുന്നു

Sutheesh Hariharan

എസ്ഐപിയില്‍ നിക്ഷേപിക്കുന്നത് പെട്ടെന്നാണ് ആളുകള്‍ക്കിടയില്‍ ട്രെന്‍ഡായി മാറിയത്. പരമ്പരാഗത നിക്ഷേപങ്ങളേക്കാള്‍ കൂടുതല്‍ റിട്ടേണ്‍ ലഭിക്കുമെന്നതാണ് ജനങ്ങളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. എന്നാല്‍ മ്യൂച്വൽ ഫണ്ട് നിക്ഷേപകർക്കിടയിൽ, പ്രത്യേകിച്ച് പ്രൊഫഷണൽ സഹായമില്ലാതെ നേരിട്ട് (Direct) നിക്ഷേപം നടത്തുന്നവർക്കിടയിൽ എസ്ഐപി (SIP) നിർത്തലാക്കുന്ന പ്രവണത ദൃശ്യമാകുകയാണ്. വിപണിയിലെ അനിശ്ചിതത്വങ്ങളും കൃത്യമായ സാമ്പത്തിക ആസൂത്രണത്തിന്റെ കുറവുമാണ് ഈ പ്രവണതയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങൾ.

ഫണ്ടുകൾ ശരിയാണോയെന്ന് സംശയം

വിപണിയിലുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റങ്ങളും ആഗോള പ്രതിസന്ധികളും (ഉദാഹരണത്തിന് യുഎസ്-ഇറാന്‍ യുദ്ധ വാർത്തകൾ) നിക്ഷേപകർക്കിടയിൽ വലിയ തോതിൽ പരിഭ്രാന്തി (Panic) സൃഷ്ടിക്കുന്നു. തങ്ങൾ തിരഞ്ഞെടുത്ത ഫണ്ടുകൾ ശരിയാണോ എന്ന കാര്യത്തിൽ ഇവർക്ക് പലപ്പോഴും സംശയം ഉണ്ടാകുന്നതായി തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെഡിഐ വെല്‍ത്തിന്റെ സ്ഥാപകയും സിഇഒയുമായ ധന്യ വി.ആര്‍ സിഎഫ്പി പറയുന്നു.

വിപണി ഇടിയുമ്പോൾ പണം നഷ്ടപ്പെടുമെന്ന ഭയത്താൽ നിക്ഷേപം നിർത്തുന്നവർ യഥാർത്ഥത്തിൽ തങ്ങളുടെ "ബുക്ക് ലോസിനെ" (Book loss) റിയാലിറ്റിയിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. ഒരു നിശ്ചിത ലക്ഷ്യം (Goal-oriented) മുൻനിർത്തിയല്ലാതെ നിക്ഷേപം നടത്തുന്നവരാണ് ഇത്തരത്തിൽ പെട്ടെന്ന് പിന്മാറാൻ പ്രവണത കാണിക്കുന്നത്.

അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യയുടെ കണക്കുകൾ പ്രകാരം

വിപണിയിലെ ഇടിവ്

ഒരു അവസരം സാധാരണയായി ഒരു വസ്തുവിന്റെ വില കുറഞ്ഞിരിക്കുമ്പോഴാണ് അത് വാങ്ങേണ്ടത് എന്ന തത്വമാണ് നിക്ഷേപത്തിലും പിന്തുടരേണ്ടത്. വിപണി താഴ്ന്നിരിക്കുന്ന സമയങ്ങൾ കൂടുതൽ യൂണിറ്റുകൾ വാങ്ങിക്കാനുള്ള അവസരമായാണ് കാണേണ്ടതെന്നും ധന്യ പറഞ്ഞു. ഇതിനെ "ആവറേജിംഗ്" (Averaging) എന്ന് വിളിക്കുന്നു.

നിലവിലുള്ള പോർട്ട്ഫോളിയോയിൽ തന്നെ അഡീഷണൽ പർച്ചേസ് നടത്താനോ, അല്ലെങ്കിൽ മാർക്കറ്റ് ഫ്ലക്ചുവേഷൻ ഉള്ള സമയത്ത് കുറഞ്ഞ കാലയളവിലേക്ക് ഡെയിലി എസ്ഐപി (Daily SIP) തിരഞ്ഞെടുക്കാനോ വിദഗ്ധർ നിർദ്ദേശിക്കുന്നു. അയ്യായിരം രൂപയ്ക്ക് മുകളിൽ എത്ര തുക വേണമെങ്കിലും ഇത്തരത്തിൽ അധികമായി നിക്ഷേപിക്കാവുന്നതാണ്.

ഇറാന്‍-യു.എസ് അസ്വസ്ഥതകള്‍ ആരംഭിച്ച ശേഷം 3,000 കോടി രൂപയുടെ എസ്ഐപിയാണ് നിക്ഷേപകര്‍ നിര്‍ത്തിയത്. ഈ എസ്ഐപി നിക്ഷേപങ്ങള്‍ പ്രധാനമായും നിര്‍ത്തലാക്കപ്പെട്ടത് വിദഗ്ധരുടെ നിര്‍ദേശമില്ലാതെ നിക്ഷേപകര്‍ നേരിട്ട് എടുക്കുന്ന മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നാണ് എന്നത് ശ്രദ്ധേയമാണ്.

വിജയകരമായ നിക്ഷേപത്തിനുള്ള തന്ത്രങ്ങൾ

ദീർഘകാല വീക്ഷണം: ഇക്വിറ്റി നിക്ഷേപങ്ങളിൽ ക്ഷമ (Patience) ഏറ്റവും പ്രധാനമാണ്. കുറഞ്ഞത് ഏഴ് വർഷമെങ്കിലും കാത്തിരിക്കാനുള്ള മനസ് വേണം.

1979 മുതലുള്ള ചരിത്രം പരിശോധിച്ചാൽ ഏഴ് വർഷത്തെ സൈക്കിളുകളിൽ ഒരിക്കൽ പോലും വിപണി താഴ്ന്ന നിലയിൽ അവസാനിച്ചിട്ടില്ലെന്ന് കാണാം.

ഡൈവേഴ്സിഫിക്കേഷൻ: ഒരു സെക്ടറിനെ മാത്രം ആശ്രയിക്കാതെ പോർട്ട്ഫോളിയോ വൈവിധ്യവൽക്കരിക്കാന്‍ (Diversification) ശ്രദ്ധിക്കുക. ലാർജ് ക്യാപ്പ്, മിഡ് ക്യാപ്പ്, സ്മാൾ ക്യാപ്പ്, മൾട്ടി അസറ്റ് ഫണ്ടുകൾ എന്നിവയുടെ ഒരു മിശ്രിതം ഇതിനായി തിരഞ്ഞെടുക്കാം.

ലക്ഷ്യാധിഷ്ഠിത നിക്ഷേപം: മക്കളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം, റിട്ടയർമെന്റ് തുടങ്ങിയ കൃത്യമായ ലക്ഷ്യങ്ങൾക്കായി പണം മാറ്റിവെക്കുക.

വിപണിയിലെ ട്രെൻഡുകൾ വീണ്ടും പോസിറ്റീവ് ആയി മാറുന്നു എന്നതും നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകുന്ന കാര്യമാണ്. വിപണിയിലെ താൽക്കാലിക വാർത്തകൾക്ക് പിന്നാലെ പോകാതെ, കൃത്യമായ ലക്ഷ്യബോധത്തോടെയും ക്ഷമയോടെയും നിക്ഷേപം തുടരുന്നതാണ് ദീർഘകാലാടിസ്ഥാനത്തിൽ മികച്ച റിട്ടേൺ നേടാൻ സഹായിക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT