ഇൻഷുറൻസ് വിതരണ രംഗത്ത് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI) നിർദ്ദേശിച്ചിട്ടുള്ള പുതിയ പരിഷ്കാരങ്ങൾ പോളിസി ഉടമകൾക്ക് അനുകൂലമാകാൻ സാധ്യത. ഇൻഷുറൻസ് കമ്പനികളുടെ മാനേജ്മെന്റ് ചെലവുകൾ (Expenses of Management - EoM) ഘട്ടംഘട്ടമായി അഞ്ച് വർഷത്തിനുള്ളിൽ 12.5 ശതമാനമായി പരിമിതപ്പെടുത്താനാണ് റെഗുലേറ്റർ ലക്ഷ്യമിടുന്നത്. വിതരണക്കാർക്കുള്ള കമ്മീഷൻ, ജീവനക്കാരുടെ വേതനം, മാർക്കറ്റിംഗ് ചെലവുകൾ എന്നിവയാണ് ഇ.ഒ.എമ്മിൽ ഉൾപ്പെടുന്നത്.
പ്രവർത്തനച്ചെലവുകൾ കുറയുന്നതോടെ ടേം ഇൻഷുറൻസ് പോളിസികളുടെ പ്രീമിയം നിരക്കുകളിൽ കുറവുണ്ടാകുമെന്ന് വിദഗ്ധര് ചൂണ്ടിക്കാണിക്കുന്നു. അതേസമയം, സേവിംഗ്സ് അധിഷ്ഠിത പോളിസികളിലും യൂലിപ് (ULIP) പദ്ധതികളിലും നിക്ഷേപകർക്ക് മെച്ചപ്പെട്ട റിട്ടേണുകൾ ലഭിക്കുകയും ചെയ്യും. നിലവിൽ വിവിധ ഇൻഷുറൻസ് കമ്പനികളുടെ ഇ.ഒ.എം അനുപാതം 14 ശതമാനം മുതൽ 60-70 ശതമാനം വരെ വ്യത്യസ്ത നിലവാരങ്ങളിലാണ്. അതിനാൽ ഈ ലക്ഷ്യത്തിലെത്താൻ ചില കമ്പനികൾക്ക് കൂടുതൽ സമയം ആവശ്യമായി വന്നേക്കാം.
കമ്മീഷൻ പരിധികൾ കുറയുമ്പോൾ വലിയ സെയിൽസ് ടീമുകളെയും കോൾ സെന്ററുകളെയും നിലനിർത്തുന്നത് കമ്പനികൾക്ക് വെല്ലുവിളിയാകും. അതിനാൽ കമ്പനികൾ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, ഓട്ടോമേറ്റഡ് പ്രക്രിയകൾ എന്നിവയിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. പോളിസി ക്വോട്ടേഷനുകൾ, നിർദ്ദേശങ്ങൾ, പുതുക്കലുകൾ എന്നിവ സാങ്കേതികവിദ്യ നിർവഹിക്കുമ്പോഴും, ഉപഭോക്താവിന് അനുയോജ്യമായ പോളിസി തിരഞ്ഞെടുക്കാൻ സഹായിക്കുന്ന അവസാന ഘട്ട ഉപദേശങ്ങൾക്ക് (Last mile advisory) അടുത്ത 10 വർഷത്തേക്ക് മനുഷ്യരുടെ (ഏജന്റുമാരുടെ) സാന്നിധ്യം ആവശ്യമായി വരും.
അവബോധവും പോളിസി തുടർച്ചയും: പ്രീമിയം കുറഞ്ഞതുകൊണ്ട് മാത്രം ഇൻഷുറൻസ് വിൽപന വർദ്ധിക്കണമെന്നില്ല. ഇന്ത്യയിൽ കുടുംബത്തിലെ പ്രധാന വ്യക്തിയുടെ മരണശേഷം ആവശ്യമായ സാമ്പത്തിക ഭദ്രതയുടെ 86 ശതമാനവും ഇൻഷുറൻസ് കവറേജില്ലാത്തവയാണ്. കൂടാതെ ഹെൽത്ത് ഇൻഷുറൻസിൽ 75 ശതമാനം പോളിസികളും 10 ലക്ഷം രൂപയിൽ താഴെ മാത്രം സുരക്ഷ നൽകുന്നവയാണ്. മുൻപ് ജി.എസ്.ടി കുറച്ചപ്പോഴും വിപണിയിൽ വൻ കുതിച്ചുചാട്ടം ഉണ്ടായിരുന്നില്ല. നിലവിൽ അഞ്ചാം വർഷത്തിൽ 50 ശതമാനത്തോളം ലൈഫ് ഇൻഷുറൻസ് പോളിസികൾ മാത്രമാണ് സജീവമായി തുടരുന്നത്.
സാങ്കേതിക നവീകരണത്തിനും ചെലവ് ചുരുക്കലിനുമൊപ്പം ചെറുകിട നഗരങ്ങളിൽ കൃത്യമായ അവബോധം സൃഷ്ടിക്കുകയും ഇടപാടുകൾക്ക് അപ്പുറം ഉപദേശക കേന്ദ്രീകൃത വിൽപന രീതി നടപ്പിലാക്കുകയും ചെയ്താൽ മാത്രമേ പോളിസി ഉടമകൾക്ക് ഇതിന്റെ പൂർണ പ്രയോജനം ലഭിക്കൂ.
Read DhanamOnline in English
Subscribe to Dhanam Magazine