ഫെബ്രുവരിയിൽ 2.1 ശതമാനമായിരുന്ന മൊത്തവില സൂചിക (WPI) പണപ്പെരുപ്പം മാർച്ചിൽ 21 മാസത്തെ ഉയർന്ന നിരക്കായ 3.2 ശതമാനത്തിലേക്ക് എത്തുമെന്നാണ് കണക്കാക്കുന്നത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ മൂലം ആഭ്യന്തര വിപണിയിലുണ്ടാകുന്ന അനിശ്ചിതാവസ്ഥയാണ് ഇതിന് പ്രധാന കാരണം. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിൽ വില 100 ഡോളറിന് മുകളില്‍ തുടരുകയാണ്. എല്‍.പി.ജി പ്രതിസന്ധിയും സാധാരണക്കാരെ വലിയ തോതില്‍ ബുദ്ധിമുട്ടിക്കുന്നു. ഈ സാഹചര്യത്തിലാണ് പണപ്പെരുപ്പം ശ്രദ്ധാകേന്ദ്രമാകുന്നത്. ഏപ്രിലിൽ നടക്കാനിരിക്കുന്ന റിസർവ് ബാങ്കിന്റെ പണനയ യോഗത്തെ (MPC) നിക്ഷേപകർ ഏറെ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്.
നിലവിൽ 5.25 ശതമാനമാണ് രാജ്യത്തെ പലിശ നിരക്ക്. പണപ്പെരുപ്പം ഉയരുന്നുണ്ടെങ്കിലും സാമ്പത്തിക വളർച്ചയ്ക്ക് മുൻഗണന നൽകുന്നതിനാൽ ആർബിഐ പലിശ നിരക്കുകൾ ഉടൻ വർദ്ധിപ്പിക്കാൻ സാധ്യതയില്ലെന്ന് ചില വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എങ്കിലും, വിപണിയിലെ ചാഞ്ചാട്ടങ്ങൾക്കിടയിൽ മുൻകൂട്ടി നിശ്ചയിച്ച വരുമാനം ആഗ്രഹിക്കുന്നവർക്ക് ബോണ്ടുകൾ മികച്ചൊരു ഓപ്ഷനാണ്. 10 വർഷത്തെ സർക്കാർ ബോണ്ടുകൾ നിലവിൽ 6.6-6.8 ശതമാനം ആദായം നൽകുന്നുണ്ട്. ഏകദേശം 6.7 മുതൽ 7 ശതമാനം വരെ ആദായം നൽകുന്ന മികച്ച നിലവാരമുള്ള ബോണ്ടുകളിൽ പണം നിക്ഷേപിക്കുന്നത് നിലവിലെ സാഹചര്യത്തിൽ ബുദ്ധിപരമായ നീക്കമായിരിക്കും.
ലാഡറിംഗ് സ്ട്രാറ്റജി (Laddering Strategy): 1, 3, 5 വർഷം എന്നിങ്ങനെ വ്യത്യസ്ത കാലാവധിയുള്ള ബോണ്ടുകളിൽ പണം വിഭജിച്ചു നിക്ഷേപിക്കുക. പലിശ നിരക്ക് വർദ്ധിക്കുകയാണെങ്കിൽ കാലാവധി പൂർത്തിയാകുന്ന പണം ഉയർന്ന പലിശയിൽ വീണ്ടും നിക്ഷേപിക്കാൻ ഇത് സഹായിക്കും.
കാലാവധി വരെ സൂക്ഷിക്കുക (Hold to Maturity): പലിശ നിരക്കുകൾ ഉയരുമ്പോൾ ബോണ്ടുകളുടെ വിപണി വില കുറയാൻ സാധ്യതയുണ്ട്. അതിനാൽ, ബോണ്ടുകൾ കാലാവധി തീരുന്നത് വരെ കൈവശം വെക്കുന്നത് മൂലധന നഷ്ടം ഒഴിവാക്കാനും ഉറപ്പായ ആദായം ലഭിക്കാനും സഹായിക്കും.
പണപ്പെരുപ്പവും യഥാർത്ഥ ലാഭവും: പണപ്പെരുപ്പം നിങ്ങളുടെ നിക്ഷേപത്തിന്റെ യഥാർത്ഥ മൂല്യത്തെ (Real Returns) ചോർത്തുന്ന 'നിശബ്ദ ശത്രു'വാണ്. അതിനാൽ പണപ്പെരുപ്പത്തെക്കാൾ ഉയർന്ന പലിശ നൽകുന്ന സുരക്ഷിതമായ ബോണ്ടുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.
പലിശ നിരക്കുകൾ അതിന്റെ ഏറ്റവും ഉയർന്ന നിലയിലോ അതിനടുത്തോ ആണെന്ന് കരുതുന്നവർക്ക് ദീർഘകാല ബോണ്ടുകളിൽ നിക്ഷേപിച്ച് ഉയർന്ന ആദായം ഉറപ്പാക്കാന്‍ സാധിക്കും.
Rising inflation and unchanged interest rates: Is this the right time to invest in bonds?
Read DhanamOnline in English
Subscribe to Dhanam Magazine