Image courtesy: Canva
Personal Finance

ഐടിആർ ഫയലിംഗിൽ ഈ 10 തെറ്റുകൾ വരുത്തരുത്! പോക്കറ്റ് ചോരാതിരിക്കാൻ ആദായനികുതി വകുപ്പിന്റെ മുന്നറിയിപ്പ്

ഉയർന്ന റീഫണ്ട് ലഭിക്കുന്നതിനായി വരുമാനം മറച്ചുവെക്കുന്നതോ തെറ്റായ ഇളവുകൾ കാട്ടുന്നതോ നിയമവിരുദ്ധമാണ്

Dhanam News Desk

2025-26 സാമ്പത്തിക വർഷത്തെ (AY 2026-27) ആദായനികുതി റിട്ടേൺ (ITR) ഫയൽ ചെയ്യുന്നവർക്കായി സുപ്രധാന നിർദ്ദേശങ്ങളുമായി ആദായനികുതി വകുപ്പ്. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാനും തെറ്റുകളില്ലാതെ ഫയലിംഗ് പൂർത്തിയാക്കാനും ഇവ സഹായിക്കുമെന്ന് അധികൃതർ ഓർമ്മിപ്പിക്കുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശരിയായ നികുതി സമ്പ്രദായം തിരഞ്ഞെടുക്കുക: പഴയതോ പുതിയതോ ആയ നികുതി വ്യവസ്ഥകളിൽ ഏതാണ് നിങ്ങൾക്ക് കൂടുതൽ ലാഭകരമെന്ന് താരതമ്യം ചെയ്ത് മാത്രം തിരഞ്ഞെടുക്കുക.

കൃത്യമായ ഐടിആർ ഫോം ഉപയോഗിക്കുക: വരുമാന സ്രോതസ്, താമസം (വിദേശത്താണോ, ഇന്ത്യയിലാണോ എന്നത്) തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ ഏഴ് തരം ഐടിആർ ഫോമുകളാണുള്ളത്. തെറ്റായ ഫോം ഉപയോഗിക്കുന്നത് റിട്ടേൺ നിരസിക്കപ്പെടാൻ കാരണമായേക്കാം.

AIS, ഫോം 26AS പരിശോധിക്കുക: ആനുവൽ ഇൻഫർമേഷൻ സ്റ്റേറ്റ്‌മെന്റും (AIS) ഫോം 26AS-ഉം ഡൗൺലോഡ് ചെയ്ത് നിങ്ങളുടെ കൈയിലുള്ള വിവരങ്ങളുമായി ഒത്തുനോക്കുക.

രേഖകൾ തയ്യാറാക്കി വെക്കുക: ഫയലിംഗ് തുടങ്ങുന്നതിന് മുമ്പ് ഫോം 16, ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, പലിശ സർട്ടിഫിക്കറ്റുകൾ, നിക്ഷേപ രേഖകൾ എന്നിവ കരുതുക.

മുൻകൂട്ടി പൂരിപ്പിച്ച വിവരങ്ങൾ പരിശോധിക്കുക: പാൻ (PAN), ആധാർ, ബാങ്ക് വിവരങ്ങൾ എന്നിവ ശരിയാണെന്ന് ഉറപ്പുവരുത്തുക. ആധാർ പാനുമായി ബന്ധിപ്പിച്ചിരിക്കണം.

ഇളവുകൾ (Deductions) കൃത്യമായി നൽകുക: ലഭ്യമായ നികുതി ഇളവുകൾ തെറ്റില്ലാതെ രേഖപ്പെടുത്തുക. തെറ്റായ റിപ്പോർട്ടിംഗ് അധിക നികുതി അടയ്ക്കാൻ കാരണമായേക്കാം.

തെറ്റായ വിവരങ്ങൾ നൽകരുത്: ഉയർന്ന റീഫണ്ട് ലഭിക്കുന്നതിനായി വരുമാനം മറച്ചുവെക്കുന്നതോ തെറ്റായ ഇളവുകൾ കാട്ടുന്നതോ നിയമവിരുദ്ധമാണ്.

അവസാന തീയതിക്ക് മുൻപ് ഫയൽ ചെയ്യുക: സാങ്കേതിക തകരാറുകൾ ഒഴിവാക്കാൻ അവസാന നിമിഷം വരെ കാത്തിരിക്കരുത്.

പിഴകൾ ഒഴിവാക്കുക: കൃത്യസമയത്ത് ഫയൽ ചെയ്തില്ലെങ്കിൽ ലേറ്റ് ഫയലിംഗ് ഫീസും പലിശയും നൽകേണ്ടി വരും.

ഇ-വെരിഫിക്കേഷൻ പൂർത്തിയാക്കുക: ഐടിആർ സമർപ്പിച്ച ശേഷം നിശ്ചിത സമയത്തിനകം ഇ-വെരിഫിക്കേഷൻ നടത്തിയില്ലെങ്കിൽ റിട്ടേൺ സാധുവാകില്ല.

ഈ കാര്യങ്ങൾ ശ്രദ്ധിക്കുന്നത് സുഗമമായ ഐടിആർ ഫയലിംഗിന് സഹായിക്കുമെന്ന കാര്യം ഓര്‍ക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT