image: @canva 
Personal Finance

ഐടിആർ പ്രശ്നങ്ങളും റീഫണ്ട് വൈകലും: പരാതികൾക്ക് 'ഇ-നിവാരൺ' എങ്ങനെ ഉപയോഗിക്കാം?

പരാതികൾ വേഗത്തിലും കൃത്യമായും പരിഹരിക്കാൻ ലോഗിൻ ചെയ്ത ശേഷം പരാതി നൽകുന്നതാണ് അഭികാമ്യം

Dhanam News Desk

ആദായനികുതി റിട്ടേൺ (ITR) ഫയൽ ചെയ്യുന്നതിലെ ബുദ്ധിമുട്ടുകൾ, റീഫണ്ട് ലഭിക്കുന്നതിലെ കാലതാമസം, ടിഡിഎസ് (TDS) പൊരുത്തക്കേടുകൾ, പാൻ (PAN) സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവ പരിഹരിക്കുന്നതിനായി ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് സജ്ജമാക്കിയിട്ടുള്ള ഓൺലൈൻ സംവിധാനമാണ് 'ഇ-നിവാരൺ' (e-Nivaran). രജിസ്റ്റർ ചെയ്തവർക്കും അല്ലാത്തവർക്കും ഒരുപോലെ ഈ സേവനം ഉപയോഗിക്കാം.

പരാതികൾ സമർപ്പിക്കേണ്ട രീതി (രജിസ്റ്റർ ചെയ്തവർക്ക്):

ആദായനികുതി പോർട്ടലിൽ ലോഗിൻ ചെയ്ത ശേഷം ഡാഷ്‌ബോർഡിലെ 'Grievances' എന്ന മെനുവിൽ നിന്ന് 'Submit Grievance' തിരഞ്ഞെടുക്കുക.

അനുയോജ്യമായ വകുപ്പ് (ഉദാഹരണത്തിന് ഇ-ഫയലിംഗ്, സിപിസി-ഐടിആർ, സിപിസി-ടിഡിഎസ് അല്ലെങ്കിൽ അസസിംഗ് ഓഫീസർ) തിരഞ്ഞെടുക്കുക.

പരാതിയുടെ വിഭാഗവും (Category) ഉപവിഭാഗവും തിരഞ്ഞെടുത്ത് ആവശ്യമായ വർഷം (Assessment Year) രേഖപ്പെടുത്തുക.

പരാതിയെക്കുറിച്ച് 100 അക്ഷരങ്ങളിൽ കുറയാത്ത വിവരണം നൽകുക. ആവശ്യമെങ്കിൽ അനുബന്ധ രേഖകൾ അപ്‌ലോഡ് ചെയ്യാവുന്നതാണ്.

സമർപ്പിച്ച ശേഷം ലഭിക്കുന്ന അക്‌നോളജ്‌മെന്റ് നമ്പർ (Acknowledgement Number) ഭാവി ആവശ്യങ്ങൾക്കായി സൂക്ഷിക്കുക.

രജിസ്റ്റർ ചെയ്യാത്തവർക്ക്: പോർട്ടലിലെ 'Contact Us' എന്ന വിഭാഗത്തിൽ 'Grievances' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. തുടർന്ന് പാൻ/ടാൻ ഇല്ല എന്ന ഓപ്ഷൻ നൽകി പേര്, ഇമെയിൽ, മൊബൈൽ നമ്പർ എന്നിവ നൽകണം. മൊബൈലിൽ ലഭിക്കുന്ന ഒടിപി (OTP) വെരിഫിക്കേഷന് ശേഷം മുകളിൽ പറഞ്ഞ അതേ രീതിയിൽ പരാതി സമർപ്പിക്കാം.

പരാതിയുടെ സ്ഥിതി അറിയാൻ: അക്‌നോളജ്‌മെന്റ് നമ്പറും മൊബൈൽ നമ്പറും ഉപയോഗിച്ച് പോർട്ടലിലെ 'View Grievance Status' വഴി പരാതിയുടെ പുരോഗതി തത്സമയം നിരീക്ഷിക്കാവുന്നതാണ്. പരാതികൾ വേഗത്തിലും കൃത്യമായും പരിഹരിക്കാൻ ലോഗിൻ ചെയ്ത ശേഷം പരാതി നൽകുന്നതാണ് ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് ശുപാർശ ചെയ്യുന്നത്. ഓരോ പരാതിയും അതിന്റെ സ്വഭാവമനുസരിച്ച് അതത് വകുപ്പുകളിലേക്ക് നേരിട്ട് കൈമാറുന്നതിനാൽ പരിഹാരത്തിനായുള്ള നടപടികൾ വേഗത്തിലാകുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT