2025-26 അസസ്‌മെന്റ് വർഷത്തെ ആദായനികുതി റിട്ടേണുകൾ (ITR) സമർപ്പിച്ച ലക്ഷക്കണക്കിന് നികുതിദായകർ റീഫണ്ടിനായി കാത്തിരിക്കുകയാണ്. ഫയൽ ചെയ്ത 8.5 കോടി റിട്ടേണുകളിൽ ഏകദേശം 70 ലക്ഷത്തിലധികം എണ്ണം ഇനിയും പ്രോസസ് ചെയ്യാനുണ്ടെന്ന് ഡിസംബർ 28 ലെ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഡിസംബർ 31 എന്നത് ആദായനികുതി വകുപ്പ് റിട്ടേണുകൾ പ്രോസസ് ചെയ്യേണ്ട അവസാന തീയതിയല്ല, മറിച്ച് നികുതിദായകർക്ക് തങ്ങളുടെ റിട്ടേണുകളിൽ സ്വമേധയാ തിരുത്തലുകൾ (Revision) വരുത്താനുള്ള അവസാന അവസരമാണ്. നിങ്ങളുടെ റിട്ടേൺ പ്രോസസിംഗിലിരിക്കുകയാണെങ്കിൽ പോലും, ഡിസംബർ 31 കഴിഞ്ഞാൽ പിന്നീട് പിഴയില്ലാതെ തെറ്റുകൾ തിരുത്താൻ സാധിക്കില്ല.
റിട്ടേൺ പ്രോസസ് ചെയ്യുന്നത് വൈകിയാലും നിങ്ങളുടെ റീഫണ്ട് നഷ്ടപ്പെടില്ല. നിയമപ്രകാരം, റിട്ടേൺ ഫയൽ ചെയ്ത സാമ്പത്തിക വർഷം അവസാനിച്ച് 9 മാസം വരെ (അതായത് 2026 ഡിസംബർ 31 വരെ) പ്രോസസിംഗിനായി വകുപ്പിന് സമയമുണ്ട്. റീഫണ്ട് നൽകുന്നതിൽ വകുപ്പിന്റെ ഭാഗത്ത് നിന്ന് കാലതാമസം നേരിടുകയാണെങ്കിൽ, പ്രതിമാസം 0.5 ശതമാനം (പ്രതിവർഷം 6%) എന്ന നിരക്കിൽ പലിശ ലഭിക്കാൻ നികുതിദായകർക്ക് അർഹതയുണ്ട്.
ഫോം 16-ഉം ഐടിആറും തമ്മിലുള്ള വ്യത്യാസങ്ങൾ (Mismatches) ശ്രദ്ധയിൽപ്പെട്ടാൽ അത്തരം റീഫണ്ടുകൾ വകുപ്പ് തടഞ്ഞുവെക്കും. ഡിസംബർ 31 നകം ഇവ തിരുത്തിയില്ലെങ്കിൽ, പിന്നീട് വകുപ്പ് നടത്തുന്ന പരിശോധനയിൽ പിശക് കണ്ടെത്തിയാൽ 50 മുതൽ 200 ശതമാനം വരെ പിഴ ഈടാക്കാൻ സാധ്യതയുണ്ട്.
ജനുവരി 1 ന് ശേഷം തെറ്റുകൾ തിരുത്തണമെങ്കിൽ 'അപ്ഡേറ്റഡ് റിട്ടേൺ' (ITR-U) വഴി മാത്രമേ സാധിക്കൂ. ഇതിന് 25 ശതമാനം മുതൽ 70 ശതമാനം വരെ അധിക നികുതി നൽകേണ്ടി വരുമെന്ന് മാത്രമല്ല, റീഫണ്ട് ആവശ്യപ്പെടാനും സാധിക്കില്ല. അതിനാൽ, പ്രോസസിംഗ് വൈകുന്നതിനേക്കാൾ ഉപരിയായി, റിട്ടേണിലെ പിശകുകൾ ഡിസംബർ 31 നകം പരിഹരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് നികുതിദായകര്‍ ചെയ്യേണ്ടത്.
ITR refund delays and the critical December 31 deadline for revising tax returns without penalties.
Read DhanamOnline in English
Subscribe to Dhanam Magazine