ശമ്പളക്കാരായ ജീവനക്കാരുടെ പ്രധാന വിരമിക്കൽ നിക്ഷേപ മാർഗമാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPF). എന്നാൽ വിരമിക്കൽ പ്രായം, പലിശ, പെൻഷൻ നിയമങ്ങൾ എന്നിവയെക്കുറിച്ച് അംഗങ്ങള്‍ക്കിടയിൽ നിരവധി തെറ്റിദ്ധാരണകൾ നിലനിൽക്കുന്നുണ്ട്. അവ ഏതൊക്കെയാണെന്ന് പരിശോധിക്കുകയാണ് ഇവിടെ.
1. വിരമിക്കൽ പ്രായം 60 ആണ്: പലരും 60 വയസാണ് വിരമിക്കൽ പ്രായമായി കരുതുന്നത്, എന്നാൽ ഇപിഎഫ് നിയമപ്രകാരം ഔദ്യോഗിക വിരമിക്കൽ പ്രായം 58 വയസാണ്. ഒരാൾ 58 വയസിന് ശേഷവും ജോലി തുടരുകയാണെങ്കിൽ പോലും സാധാരണയായി ഇപിഎഫ് വിഹിതം അടയ്ക്കുന്നത് നിൽക്കുന്നു.
2. വിരമിച്ചാലുടൻ പലിശ ലഭിക്കുന്നത് നിൽക്കും: വിരമിക്കൽ പ്രായമായ 58 വയസിൽ ജോലിയിൽ നിന്ന് പിരിഞ്ഞാലും അക്കൗണ്ടിലുള്ള തുകയ്ക്ക് പലിശ ലഭിക്കുന്നത് ഉടൻ നിൽക്കില്ല. വിരമിക്കലിന് ശേഷം 3 വർഷം കൂടി (അതായത് 61 വയസ് വരെ) അക്കൗണ്ടിലെ ബാലൻസിന് പലിശ ലഭിക്കും.
3. നേരത്തെ വിരമിച്ചാലും 3 വർഷം പലിശ ലഭിക്കും: വിരമിച്ച ശേഷം 3 വർഷം പലിശ ലഭിക്കും എന്നത് 58 വയസിൽ വിരമിക്കുന്നവർക്ക് മാത്രമുള്ള നിയമമാണ്. 58 വയസിന് മുൻപ് വിരമിക്കുന്നവർക്ക് അവർ ജോലി വിട്ട പ്രായത്തെ അടിസ്ഥാനമാക്കിയാണ് പലിശ കാലാവധി നിശ്ചയിക്കുന്നത്. ഉദാഹരണത്തിന്, 45 വയസിൽ ഒരാൾ ജോലി വിട്ടാൽ അയാൾക്ക് 58 വയസ് വരെ പലിശ ലഭിച്ചേക്കാം. എന്നാൽ 57 വയസിൽ വിരമിക്കുന്നവർക്ക് 60 വയസ് വരെ (3 വർഷം) മാത്രമേ പലിശ ലഭിക്കൂ.
4. ജോലിയിലെ ഇടവേള അക്കൗണ്ടിനെ നിർജീവമാക്കും: തുടർച്ചയായി 3 വർഷം വിഹിതം അടയ്ക്കാതിരുന്നാൽ മാത്രമേ ഒരു അക്കൗണ്ട് 'ഇൻഓപ്പറേറ്റീവ്' (inoperative) ആയി മാറുന്നുള്ളൂ. അപ്പോഴും അക്കൗണ്ട് പൂർണമായി അടയ്ക്കപ്പെടുന്നില്ല; വരിക്കാർക്ക് പണം കൈമാറാനോ പിൻവലിക്കാനോ റെക്കോർഡുകൾ പുതുക്കാനോ സാധിക്കും. വിഹിതം ലഭിക്കാത്ത കാലയളവ് (Non-contributory period) പെൻഷൻ കണക്കാക്കുന്ന സർവീസ് കാലയളവിൽ ഉൾപ്പെടുത്തില്ല.
5. ജോലിയിൽ നിന്ന് പൂർണമായി വിരമിച്ചാലേ പെൻഷൻ ലഭിക്കൂ: എംപ്ലോയീസ് പെൻഷൻ സ്കീം (EPS) പ്രകാരമുള്ള പെൻഷൻ ലഭിക്കാൻ ജോലി ഉപേക്ഷിക്കണമെന്നില്ല. ഒരാൾക്ക് 58 വയസ് പൂർത്തിയായാൽ, അദ്ദേഹം ജോലി തുടരുകയാണെങ്കിലും പെൻഷൻ ലഭിച്ചുതുടങ്ങും. നിലവിൽ കുറഞ്ഞ പ്രതിമാസ പെൻഷൻ 1,000 രൂപയാണ്. ഇത് 7,500 രൂപയായി വർദ്ധിപ്പിക്കാനുള്ള നിർദ്ദേശങ്ങൾ ചർച്ചയിലാണെങ്കിലും ഔദ്യോഗികമായ അറിയിപ്പുകൾ വന്നിട്ടില്ല.
Read DhanamOnline in English
Subscribe to Dhanam Magazine