Image courtesy: Canva
Personal Finance

ഐ‌ടി‌ആർ മുതൽ ജൻ ധൻ അക്കൗണ്ട് റീ-കെവൈസി വരെ, സെപ്റ്റംബറിലെ പ്രധാന സാമ്പത്തിക മാറ്റങ്ങള്‍ ഇവയാണ്

ജൻ ധൻ അക്കൗണ്ട് ഉപയോക്താക്കള്‍ റീ-കെവൈസി അവഗണിച്ചാല്‍, സർക്കാർ സബ്‌സിഡികള്‍ നഷ്ടപ്പെട്ടേക്കാം

Dhanam News Desk

സെപ്റ്റംബർ 1 മുതൽ ബാങ്കിംഗ്, നികുതി, ഗാർഹിക ചെലവുകൾ എന്നിവയിലെ നിരവധി പ്രധാന നിയമ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. ഉപയോക്താക്കള്‍ അവരുടെ പണവും ദൈനംദിന ആവശ്യങ്ങളും എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ഈ മാറ്റങ്ങള്‍ സ്വാധീനിക്കാൻ സാധ്യതയുണ്ട്. ആളുകള്‍ അറിഞ്ഞിരിക്കേണ്ട പ്രധാന മാറ്റങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്.

ഐടിആർ ഫയലിംഗ് അവസാന തീയതി

ഓഡിറ്റിംഗ് ആവശ്യമില്ലാത്ത നികുതിദായകര്‍ക്ക് 2025–26 അസസ്‌മെന്റ് വർഷത്തേക്കുള്ള ആദായനികുതി റിട്ടേണുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 15 വരെയാണ് നീട്ടിയിരിക്കുന്നത്. ജൂലൈ 31 ആയിരുന്ന അവസാന തീയതിയാണ് അധികൃതര്‍ നീട്ടി നല്‍കിയത്. അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യേണ്ടവർക്ക് അവസാന തീയതി 2025 ഒക്ടോബർ 31 ആയി തുടരുന്നതാണ്.

ജൻ ധൻ അക്കൗണ്ട് റീ-കെവൈസി

ജൻ ധൻ അക്കൗണ്ട് ഉടമകൾ റീ-കെവൈസി ഓർമ്മപ്പെടുത്തലുകൾ അവഗണിക്കരുത്. അവ നഷ്ടപ്പെട്ടാൽ നിങ്ങളുടെ അക്കൗണ്ടിന് നിയന്ത്രണങ്ങൾ നേരിടേണ്ടി വന്നേക്കാം. കൂടാതെ സർക്കാർ സബ്‌സിഡികളോ പണം പിൻവലിക്കലുകളോ ഉപയോക്താക്കള്‍ക്ക് നഷ്ടപ്പെട്ടേക്കാം. സെപ്തംബർ 30 വരെ ഗ്രാമങ്ങളിലും പഞ്ചായത്തുകളിലും ബാങ്കുകൾ റീ-കെവൈസി ക്യാമ്പുകൾ നടത്തുന്നുണ്ട്.

എസ്‌ബി‌ഐ കാർഡ് നിയമങ്ങൾ

നിങ്ങൾ ഒരു എസ്‌ബി‌ഐ കാർഡ് ഉടമയാണെങ്കിൽ, പുതുക്കിയ നിബന്ധനകൾക്ക് തയ്യാറാകേണ്ടതുണ്ട്. ഉപയോക്താക്കളുടെ ഓട്ടോ-ഡെബിറ്റ് പേയ്‌മെന്റ് പരാജയപ്പെട്ടാൽ 2 ശതമാനമാണ് പിഴ ഈടാക്കുക. അന്താരാഷ്ട്ര ഇടപാടുകൾ, പെട്രോള്‍ ചെലവ്, ചില ഓൺലൈൻ ഷോപ്പിംഗ് ചെലവുകൾ എന്നിവയ്ക്ക് അധിക ഫീസ് ബാധകമായേക്കാം. റിവാർഡ് പോയിന്റുകളുടെ മൂല്യം കുറയാനും സാധ്യതയുണ്ട്. അധിക നിരക്കുകൾ ഒഴിവാക്കാൻ കാർഡ് ഉപയോക്താക്കള്‍ അവരുടെ ചെലവുകൾ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്.

ഏകീകൃത പെൻഷൻ പദ്ധതിയിലേക്ക് മാറാനുള്ള അവസാന അവസരം

ദേശീയ പെൻഷൻ സംവിധാനത്തിന് (NPS) കീഴിലുള്ള കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സെപ്റ്റംബർ 30 വരെ ഏകീകൃത പെൻഷൻ പദ്ധതി (UPS) തിരഞ്ഞെടുക്കാം. കുറഞ്ഞ പ്രതികരണം മൂലമാണ് ജൂണിലെ യഥാർത്ഥ സമയപരിധി അധികൃതര്‍ നീട്ടിയത്. എന്‍പിഎസിന് കീഴിൽ വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്കായി അവതരിപ്പിച്ച പെൻഷൻ സംവിധാനമാണ് യുപിഎസ്.

പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതികൾ

ഇന്ത്യൻ ബാങ്ക്, ഐഡിബിഐ ബാങ്ക് തുടങ്ങിയവ ആകർഷകമായ പലിശ നിരക്കുകളുള്ള പ്രത്യേക എഫ്ഡി സ്കീമുകൾ നടത്തുന്നുണ്ട്. 444 ദിവസം, 555 ദിവസം, 700 ദിവസം വരെയുള്ള നിക്ഷേപങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഈ സ്കീമുകൾ സെപ്റ്റംബർ വരെ മാത്രമാണ് ലഭ്യമാകുക.

Key financial changes from September: ITR deadline extension, Jan Dhan re-KYC, SBI card rules, pension and FD schemes.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT