Image courtesy: Canva
Personal Finance

ഐടിആർ ഫയലിംഗും പിഴയും: റിട്ടേൺ സമർപ്പിക്കുമ്പോൾ ഈ തെറ്റുകൾ ഒഴിവാക്കൂ

റിട്ടേൺ സമർപ്പിച്ച ശേഷം 30 ദിവസത്തിനുള്ളിൽ ഇ-വെരിഫിക്കേഷൻ പൂർത്തിയാക്കിയില്ലെങ്കിൽ ആ റിട്ടേൺ അസാധുവായി കണക്കാക്കും

Dhanam News Desk

2026-27 അസസ്‌മെന്റ് വർഷത്തേക്കുള്ള ആദായനികുതി റിട്ടേണുകൾ (ITR) സമർപ്പിക്കാൻ നികുതിദായകർ ആരംഭിച്ചിരിക്കുകയാണ്. ഐടിആര്‍ ഫയലിംഗിൽ സംഭവിക്കുന്ന ചെറിയ പിശകുകൾ പോലും വലിയ പിഴകൾക്കും നോട്ടീസുകൾക്കും കാരണമായേക്കാം. സുഗമമായ റിട്ടേൺ പ്രോസസിംഗിനായി ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ താഴെ പറയുന്നവയാണ്:

ഒഴിവാക്കേണ്ട പിശകുകള്‍

1. തെറ്റായ ഐടിആർ ഫോം തിരഞ്ഞെടുക്കൽ: വരുമാനത്തിന്റെ സ്വഭാവമനുസരിച്ച് വേണം ഫോം തിരഞ്ഞെടുക്കാൻ. ഉദാഹരണത്തിന്, ബിസിനസ് വരുമാനമില്ലാത്തവർക്ക് ഐടിആർ-2 ആവശ്യമായി വരുമ്പോൾ തെറ്റായി ഐടിആർ-1 ഉപയോഗിക്കുന്നത് റിട്ടേൺ 'ഡിഫക്റ്റീവ്' (Defective) ആകാൻ കാരണമാകും.

2. വരുമാന വിവരങ്ങൾ മറച്ചുവെക്കൽ: പലരും ശമ്പള വരുമാനം മാത്രം റിപ്പോർട്ട് ചെയ്യുകയും സേവിങ്സ് ബാങ്ക് പലിശ, ഫിക്സഡ് ഡെപ്പോസിറ്റ് വരുമാനം, ഡിവിഡന്റ്, ഓഹരി-മ്യൂച്വൽ ഫണ്ട് വിനിമയത്തിലൂടെയുള്ള ലാഭം എന്നിവ വിട്ടുപോവുകയും ചെയ്യുന്നു. ആദായനികുതി വകുപ്പിന്റെ കൈവശമുള്ള AIS (Annual Information Statement), ഫോം 26AS എന്നിവയുമായി ഈ വിവരങ്ങൾ പൊരുത്തപ്പെടുന്നില്ലെങ്കിൽ നികുതി നോട്ടീസ് ലഭിക്കാൻ സാധ്യതയുണ്ട്.

3. രേഖകൾ പരിശോധിക്കാതിരിക്കൽ: ഫയൽ ചെയ്യുന്നതിന് മുൻപ് ബാങ്ക് സ്റ്റേറ്റ്‌മെന്റുകൾ, ഫോം 16, ബ്രോക്കർ സ്റ്റേറ്റ്‌മെന്റുകൾ എന്നിവ AIS-ലെ വിവരങ്ങളുമായി ഒത്തുനോക്കേണ്ടത് അത്യന്താപേക്ഷിതമാണ്. കൃത്യമായ രേഖകളില്ലാതെ നികുതി ഇളവുകൾ (Deductions) അവകാശപ്പെടുന്നത് തള്ളപ്പെടാൻ കാരണമാകും.

4. സമയപരിധിയും വെരിഫിക്കേഷനും: നിശ്ചിത തീയതിക്കുള്ളിൽ റിട്ടേൺ ഫയൽ ചെയ്തില്ലെങ്കിൽ 5,000 രൂപ വരെ ലേറ്റ് ഫീ നൽകേണ്ടി വരും. കൂടാതെ, റിട്ടേൺ സമർപ്പിച്ച ശേഷം 30 ദിവസത്തിനുള്ളിൽ ഇ-വെരിഫിക്കേഷൻ പൂർത്തിയാക്കിയില്ലെങ്കിൽ ആ റിട്ടേൺ അസാധുവായി (Invalid) കണക്കാക്കും. തെറ്റായ അസസ്‌മെന്റ് വർഷം രേഖപ്പെടുത്തുന്നതും ഐടിആർ ഫയലിംഗിൽ സംഭവിക്കുന്ന മറ്റൊരു സാധാരണ തെറ്റാണ്.

സാങ്കേതിക വിദ്യയുടെ സഹായത്തോടെ നികുതി വെട്ടിപ്പുകൾ കണ്ടെത്താൻ ആദായനികുതി വകുപ്പ് കർശന നടപടികൾ സ്വീകരിക്കുന്നതിനാൽ, കൃത്യമായ വിവരങ്ങൾ നൽകി കൃത്യസമയത്ത് റിട്ടേൺ ഫയൽ ചെയ്യുന്നത് വേഗത്തിൽ റീഫണ്ട് ലഭിക്കാനും നിയമനടപടികൾ ഒഴിവാക്കാനും സഹായിക്കുമെന്ന കാര്യം ഓര്‍ക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT