ദീർഘകാലാടിസ്ഥാനത്തിൽ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ (SIP) വഴിയുള്ള നിക്ഷേപം ഏറ്റവും മികച്ച മാർഗങ്ങളിലൊന്നാണ്. എന്നാൽ മികച്ച ലാഭം നേടുന്നതിന് വിപണിയിലെ കൃത്യസമയത്തേക്കാൾ (Market Timing) നിക്ഷേപകർ പാലിക്കുന്ന ചില ശീലങ്ങൾക്കാണ് പ്രധാനമാണ്. അവ ഏതൊക്കെയാണെന്ന് പരിശോധിക്കാം.
1. നേരത്തെ തുടങ്ങുക: നിക്ഷേപം തുടങ്ങാൻ 'സാമ്പത്തികമായി സുരക്ഷിതനാകാൻ' കാത്തിരിക്കുന്നത് വലിയൊരു തെറ്റാണ്. ചെറിയ തുകയാണെങ്കിൽ പോലും നേരത്തെ തുടങ്ങുന്നതാണ് ഉചിതം. 25-ാം വയസ്സിൽ ചെറിയ തുക നിക്ഷേപിച്ചു തുടങ്ങുന്ന ഒരാൾക്ക് 35-ാം വയസ്സിൽ വലിയ തുക നിക്ഷേപിക്കുന്ന ആളേക്കാൾ കൂടുതൽ നേട്ടമുണ്ടാക്കാൻ സാധിക്കും. കാരണം, പണം വളരാൻ കൂടുതൽ സമയം ലഭിക്കുന്നത് വഴി കോമ്പൗണ്ടിംഗിന്റെ (Compounding) ആനുകൂല്യം പൂർണമായും ലഭിക്കുന്നു.
2. വരുമാനത്തിനൊപ്പം നിക്ഷേപവും വർദ്ധിപ്പിക്കുക: ശമ്പളം കൂടുമ്പോൾ പലരും ജീവിതശൈലിയും ചെലവുകളും വർദ്ധിപ്പിക്കുമെങ്കിലും നിക്ഷേപം വർദ്ധിപ്പിക്കാൻ മറന്നുപോകുന്നു. 'സ്റ്റെപ്പ്-അപ്പ് എസ്ഐപി' (Step-up SIP) വഴി ഓരോ വർഷവും നിക്ഷേപ തുകയിൽ ചെറിയ വർദ്ധനവ് വരുത്തുന്നത് 15-20 വർഷങ്ങൾ കഴിയുമ്പോൾ പ്രതീക്ഷിച്ചതിലും വലിയ സമ്പത്ത് കെട്ടിപ്പടുക്കാൻ സഹായിക്കും.
3. വിപണിയിലെ ഇടിവ് പ്രയോജനപ്പെടുത്തുക: വിപണി ഇടിയുമ്പോൾ നിക്ഷേപം നിർത്തുന്നതിന് പകരം അത് തുടരുന്നതാണ് നല്ലത്. വിപണി താഴുമ്പോൾ ഒരേ തുകയ്ക്ക് കൂടുതൽ യൂണിറ്റുകൾ വാങ്ങാൻ സാധിക്കും. ഇത് വിപണി തിരിച്ചു കയറുമ്പോൾ വലിയ ലാഭമുണ്ടാക്കാൻ സഹായിക്കുന്നു.
4. അച്ചടക്കവും ക്ഷമയും: ഹ്രസ്വകാല നേട്ടങ്ങൾക്കായി അടിക്കടി നിക്ഷേപം പരിശോധിക്കുന്നത് ഉത്കണ്ഠയ്ക്കും തെറ്റായ തീരുമാനങ്ങൾക്കും കാരണമാകും. വിരമിക്കൽ കാലം, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ ദീർഘകാല ലക്ഷ്യങ്ങൾക്കായി അച്ചടക്കത്തോടെ നിക്ഷേപം തുടരുന്നവരാണ് യഥാർത്ഥത്തിൽ വിജയിക്കുന്നത്. ഏറ്റവും ഉയർന്ന ലാഭം നൽകുന്ന ഫണ്ടുകൾക്ക് പിന്നാലെ പോകുന്നതിനേക്കാൾ, വിപണിയിലെ പ്രതിസന്ധിഘട്ടങ്ങളിലും നിക്ഷേപം തുടരുന്നതിലെ അച്ചടക്കമാണ് സമ്പത്ത് വളർത്താൻ സഹായിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine