ഒരു വ്യക്തിയുടെ മരണശേഷം അവരുടെ സാമ്പത്തിക ആസ്തികൾ (Financial assets) ക്ലെയിം ചെയ്യുന്നത് പലപ്പോഴും സങ്കീർണമായ നടപടിയായി പലര്‍ക്കും അനുഭവപ്പെടാറുണ്ട്. ബാങ്ക് അക്കൗണ്ടുകൾ, ഇൻഷുറൻസ് പോളിസികൾ, ഇപിഎഫ് (EPF) എന്നിവയിൽ നോമിനേഷൻ വ്യക്തമായി കൊടുത്തിട്ടുണ്ടെങ്കില്‍ ഈ നടപടികൾ പെട്ടെന്ന് പൂർത്തിയാക്കാൻ കഴിയും. എന്നാല്‍ നോമിനേഷന്‍ ഇല്ലാത്ത സാഹചര്യത്തില്‍ ആസ്തികള്‍ അനന്തരാവകാശികള്‍ക്ക് എങ്ങനെ ലഭിക്കുമെന്ന് നോക്കാം.
അക്കൗണ്ടിൽ നോമിനി ഉണ്ടെങ്കിൽ, മരണ സർട്ടിഫിക്കറ്റും കെവൈസി (KYC) രേഖകളും നല്‍കിയാല്‍ ബാങ്കുകൾ വേഗത്തിൽ പണം കൈമാറും. അതേസമയം നോമിനി ഇല്ലാത്ത സാഹചര്യത്തിൽ, മരണ സർട്ടിഫിക്കറ്റ്, ഇൻഡെംനിറ്റി ബോണ്ട് (Indemnity bond), മറ്റ് കുടുംബാംഗങ്ങളുടെ എൻഒസി (NOC) എന്നിവ അവകാശികൾ സമര്‍പ്പിക്കണം. വലിയ സംഖ്യകളാണെങ്കിൽ സക്സഷൻ സർട്ടിഫിക്കറ്റോ (Succession certificate) പ്രൊബേറ്റഡ് വില്ലോ നല്‍കേണ്ടതായി വന്നേക്കാം.
ഇപിഎഫ് അക്കൗണ്ടിൽ സാധുവായ നോമിനേഷൻ ഇല്ലെങ്കിൽ, മരിച്ച വ്യക്തിയുടെ കുടുംബാംഗങ്ങൾക്ക് ക്ലെയിം നല്‍കാവുന്നതാണ്. ഇതിന് തൊഴിലുടമ സാക്ഷ്യപ്പെടുത്തിയ കുടുംബാംഗങ്ങളുടെ പട്ടികയോ (Surviving family members list) അല്ലെങ്കിൽ ബന്ധപ്പെട്ട അധികാരികൾ നൽകുന്ന ലീഗൽ ഹെയർഷിപ്പ് സർട്ടിഫിക്കറ്റോ നല്‍കേണ്ടതുണ്ട്.
പണം സ്വീകരിക്കുന്നതിനുള്ള അധികാരം നൽകുക എന്നത് മാത്രമാണ് ഇൻഷുറൻസിൽ നോമിനിയെ നിശ്ചയിക്കുന്നത്, ഇത് ആ പണത്തിന്റെ ഉടമസ്ഥാവകാശം വാഗ്ദാനം ചെയ്യുന്നില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അതേസമയം ഇൻഷുറൻസ് ആക്ട് പ്രകാരം ഭാര്യ, മക്കൾ, മാതാപിതാക്കൾ എന്നിവർ 'ബെനിഫിഷ്യറി നോമിനി' (Beneficiary nominee) എന്ന വിഭാഗത്തിൽ വരുന്നതിനാൽ അവർക്ക് തുക നേരിട്ട് ലഭിക്കും. നോമിനി ഇല്ലാത്ത പക്ഷം സക്സഷൻ സർട്ടിഫിക്കറ്റ് വഴിയോ രജിസ്റ്റർ ചെയ്ത വില്ല് വഴിയോ പണം ക്ലെയിം ചെയ്യുകയാണ് വേണ്ടത്.
നോമിനിയും അവകാശിയും തമ്മിലുള്ള വ്യത്യാസം: ഒരു നോമിനി എന്നത് ബാങ്കിന്റെയോ ഇൻഷുറൻസ് കമ്പനിയുടെയോ പക്കൽ നിന്നും പണം സ്വീകരിക്കാൻ അധികാരമുള്ള ഒരു ട്രസ്റ്റി (Trustee) മാത്രമാണെന്ന് ശ്രദ്ധിക്കേണ്ടതാണ്. അതേസമയം ആ പണത്തിന്റെ യഥാർത്ഥ ഉടമസ്ഥാവകാശം നിയമപരമായ അവകാശികൾക്ക് മാത്രമായിരിക്കും. തർക്കങ്ങൾ പരമാവധി ഇല്ലാതാക്കാന്‍ നോമിനേഷനുകൾ കൃത്യസമയത്ത് പുതുക്കണമെന്നും കൃത്യമായ ഒരു വിൽപത്രം (Will) തയാറാക്കണമെന്നും വിദഗ്ധർ നിർദ്ദേശിക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine