Photo : Canva 
Personal Finance

ഒറ്റത്തവണ നിക്ഷേപിച്ചാല്‍ 40 വയസ്സിനുശേഷം 50000 രൂപ വരെ പെന്‍ഷന്‍ കിട്ടുമോ? അറിയാം ഈ എല്‍ഐസി പദ്ധതിയെ

എല്‍ ഐ സി സരള്‍ പെന്‍ഷന്‍ യോജനയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയാം 

Dhanam News Desk

ഒറ്റത്തവണ നിക്ഷേപം നടത്തിയാല്‍ 50000 രൂപ വരെ പെന്‍ഷനായി നിങ്ങള്‍ക്ക് ലഭിക്കുമെങ്കിലോ? അതും നാല്‍പ്പത് വയസ്സ് മുതല്‍ തന്നെ ലഭിക്കുമെങ്കില്‍ വലിയ നേട്ടം തന്നെയല്ലേ? പെന്‍ഷന്‍ ലഭിച്ചു തുടങ്ങുന്നതിനായി വാര്‍ധക്യ കാലമാകുവാന്‍ കാത്തിരിക്കണ്ട എന്ന സവിശേഷതയുള്ള എല്‍ഐസി പോളിസിയാണ് എല്‍ഐസി LIC (ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ) സരള്‍ പെന്‍ഷന്‍ യോജന (LIC Saral Pension Yojana). പ്രതിമാസ നിക്ഷേപമില്ലാതെ ഒറ്റത്തവണ മാത്രമാണ് ഈ പദ്ധതിയില്‍ അടവുള്ളത്. വായ്പാ സൗകര്യവും ഉള്‍പ്പെടുന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ വായിക്കാം.

എന്താണ് എല്‍ഐസി സരള്‍ പെന്‍ഷന്‍ യോജന LIC Saral Pension Yojana ?

ഇന്നു ലഭ്യമായ വിവിധ കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷന്‍ പദ്ധതികളെല്ലാം തന്നെ ഉപയോക്താക്കള്‍ക്ക് പദ്ധതി നേട്ടം കൈയ്യിലെത്തുന്നത് 60 വയസ്സിലും അതിനുമേലെയുമാണ്. എന്നാല്‍ എല്‍ഐസിയുടെ സരള്‍ പെന്‍ഷന്‍ യോജന(LIC Saral Pension Yojana) യില്‍ ചേര്‍ന്നാല്‍ നാല്‍പ്പതാം വയസ്സ് മുതല്‍ തന്നെ പെന്‍ഷന്‍ നേട്ടങ്ങള്‍ സ്വന്തമാക്കിത്തുടങ്ങാം. ഒറ്റത്തവണ മാത്രമായിരിക്കും നിക്ഷേപം നടത്താനുള്ള അവസരം.

തവണകളായി നിക്ഷേപമില്ല

എല്‍ഐസിയുടെ ഈ പദ്ധതിയിലെ പ്രധാന നിബന്ധന ഇതില്‍ പ്രതിമാസ നിക്ഷേപം അനുവദിക്കുകയില്ല എന്നതാണ്. ഉപയോക്താക്കള്‍ ഒറ്റത്തവണയാണ് നിക്ഷേപം നടത്തേണ്ടത്. ഉപയോക്താക്കള്‍ക്ക് ആജീവനാന്ത പെന്‍ഷന്‍ നേട്ടമാണ് ഈ പദ്ധതിയിലൂടെ എല്‍ഐസി വാഗ്ദാനം ചെയ്യുന്നത്. ഇനി ഈ പോളിസി സ്വന്തമാക്കിയ വ്യക്തിക്ക് പിന്നീട് വായ്പ ആവശ്യങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ അതിനും പോളിസി സഹായകരമാകും. പോളിസി ആരംഭിച്ച് ആറു മാസം പൂര്‍ത്തിയായ ഉപയോക്താക്കള്‍ക്കാണ് ഈ വായ്പാ സേവനം (Loan) ലഭ്യമാവുക.

പണത്തിന് പെട്ടെന്ന് ആവശ്യം വന്നാല്‍ പോളിസിയിലെ നിക്ഷേപ തുക തിരികെ വാങ്ങാം. വായ്പയായും എടുക്കാം. അത്തരം സാഹചര്യങ്ങളില്‍ നിക്ഷേപിച്ച തുകയും 5 ശതമാനം കിഴിച്ച് ബാക്കിയുള്ള തുകയായിരിക്കും പോളിസി ഉടമയ്ക്ക് നല്‍കുക.

സ്‌കീമുകള്‍ രണ്ട് തരം

ഒരു വ്യക്തിയ്ക്കായി നല്‍കപ്പെടുന്ന, ലൈഫ് ആന്വിറ്റിയ്ക്കൊപ്പം പര്‍ച്ചേസ് പ്രൈസില്‍ 100 ശതമാനം പകരം നല്‍കുന്ന പോളിസിയാണ് ഇതില്‍ ആദ്യത്തേത്. അതായത് ഈ പദ്ധതി ഏതെങ്കിലും പെന്‍ഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു. പോളിസി ഉപയോക്താവ് എത്ര കാലം ജീവിച്ചിരിക്കുന്നുവോ, അത്രയും കാലം അയാള്‍ക്ക് പെന്‍ഷന്‍ ലഭിച്ചു കൊണ്ടേയിരിക്കും. ഉപയോക്താവിന്റെ മരണ ശേഷം നോമിനിയ്ക്ക് അടിസ്ഥാന പ്രീമിയവും ലഭിക്കും.

80 വയസ്സ് വരെ നിക്ഷേപിക്കാം

നേരത്തേയുണ്ടായിരുന്ന പ്ലാനില്‍ ഇല്ലായിരുന്ന എല്ലാ പ്രത്യേകതകളും ചേര്‍ത്തു കൊണ്ടാണ് എല്‍ഐസി സരള്‍ പെന്‍ഷന്‍ യോജന അവതരിപ്പിച്ചിരിക്കുന്നത്. ഓരോ മാസത്തിലോ, പാദ വാര്‍ഷികമായോ, അര്‍ധ വാര്‍ഷികമായോ, വാര്‍ഷിക രീതിയിലോ നിങ്ങള്‍ പ്ലാന്‍ പ്രകാരമുള്ള പെന്‍ഷന്‍ തുക സ്വീകരിക്കാം. 40 വയസ്സ് മുതല്‍ 80 വയസ്സ് വരെയാണ് ഈ പോളിസിയില്‍ നിക്ഷേപം നടത്തുവാന്‍ സാധിക്കുന്ന പ്രായ പരിധി.

പങ്കാളിത്ത രീതിയില്‍

രണ്ടാമത്തെ പെന്‍ഷന്‍ പദ്ധതി ജോയിന്റ് ലൈഫിനായാണ് നല്‍കുന്നത്. ഇതില്‍ കൂടുതല്‍ ജീവിക്കുന്ന പങ്കാളി ആരാണോ അയാള്‍ക്ക് പെന്‍ഷന്‍ ലഭിക്കും. ഇനി രണ്ട് പേരും മരണപ്പെട്ടാല്‍ നോമിനിയ്ക്ക് അടിസ്ഥാന വില ലഭിക്കുകയാണ് ചെയ്യുക. ഈ പ്ലാന്‍ പ്രകാരം പോളിസി ആരംഭിച്ച് 6 മാസം പൂര്‍ത്തിയായാല്‍ പോളിസി ഉടമയ്ക്ക് വായ്പാ സൗകര്യവും ലഭിക്കും.

എങ്ങനെ 50,000 രൂപ പെന്‍ഷന്‍ ലഭിക്കും ?

ഇപ്പോള്‍ നിങ്ങള്‍ക്ക് 40 വയസ്സാണ് പ്രായം എന്നിരിക്കട്ടെ. നിങ്ങള്‍ 10 ലക്ഷം രൂപയുടെ ഒരു സിംഗിള്‍ പ്രീമിയത്തില്‍ നിക്ഷേപം നടത്തുന്നു. എങ്കില്‍ നിങ്ങള്‍ക്ക് ഓരോ വര്‍ഷവും 50,250 രൂപാ വീതം ലഭിക്കും. അതായത് ജീവിതകാലം മുഴുവന്‍ മാസം 4,187 രൂപ വീതം കൈയ്യിലെത്തുമെന്നര്‍ഥം. ഇത് കൂടാതെ ഇനി നിങ്ങള്‍ക്ക് പാതിയില്‍ വച്ച് നിക്ഷേപ തുക തിരികെ വേണമെന്ന് തോന്നിയാല്‍ പിന്‍വലിക്കാനും സൗകര്യം.

എവിടെ നിന്നു വാങ്ങാം ?

എല്‍ഐസിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓണ്‍ലൈനായോ, എല്‍ഐസി ഓഫീസില്‍ ചെന്ന് നേരിട്ടോ നിങ്ങള്‍ക്കീ പോളിസി വാങ്ങിക്കാവുന്നതാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT