പ്രതീകാത്മക ചിത്രം Image source: Canva
Personal Finance

പലിശ നിരക്ക് ഇനിയും ഉയർന്നേക്കാം; ഏത് ഡെറ്റ് ഫണ്ടിൽ നിക്ഷേപിക്കാം? ലിക്വിഡ് മുതൽ കോർപറേറ്റ് ബോണ്ട് വരെ അറിയാം

പലിശ നിരക്കിലെ മാറ്റങ്ങൾ ഡെറ്റ് മ്യൂച്വൽ ഫണ്ടുകളുടെ മൂല്യത്തെയും ബാധിക്കാം; ലിക്വിഡ്, ഷോർട്ട്-ടേം, കോർപറേറ്റ് ബോണ്ട്, ബാങ്കിങ്-പി.എസ്.യു ഫണ്ടുകളുടെ കാലാവധി, ക്രെഡിറ്റ് നിലവാരം, റിസ്ക് എന്നിവയിൽ ശ്രദ്ധിക്കേണ്ട ഘടകങ്ങളെ അറിയാം

Dhanam News Desk

രാജ്യത്തെ പണപ്പെരുപ്പം ഉയർന്ന നിലയിൽ തുടരുന്ന സാഹചര്യത്തിൽ പലിശനിരക്കുകൾ ഇനിയും വർധിക്കാനുള്ള സാധ്യതയേറെയാണ്. ഈയൊരു പശ്ചാത്തലത്തിൽ വിവിധതരം ഡെറ്റ് മ്യൂച്വൽ ഫണ്ടുകളിൽ നിന്നും ഏത് തെരഞ്ഞെടുക്കണമെന്നത് നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യമാണ്.

ഒക്ടോബറിൽ ചേർന്ന എം.പി.സി യോ​ഗത്തിൽ റിസർവ് ബാങ്ക് (ആർബിഐ) പലിശ നിരക്കുകളെ സ്വാധീനിക്കുന്ന റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് (0.25%) ഉയർത്തി 5.50 ശതമാനമാക്കിയതും സമീപഭാവിയിലേക്കുള്ള നയസമീപനം 'കാലിബ്രേറ്റഡ് ടൈറ്റനിങ്' എന്നതിലേക്ക് മാറ്റിയതും ബോണ്ട് വിപണിയിൽ കൂടുതൽ ചാഞ്ചാട്ടത്തിന് വഴിയൊരുക്കാം. പലിശനിരക്ക് ഉയരുമ്പോൾ നിലവിലുള്ള ബോണ്ടുകളുടെ വില താഴാനും അതുവഴി ഡെറ്റ് ഫണ്ടുകളുടെ എൻഎവി കുറയാനും സാധ്യതയുണ്ട്.

ഇത്തരമൊരു സാഹചര്യത്തിൽ ദീർഘകാല നിക്ഷേപങ്ങളേക്കാൾ കുറഞ്ഞ കാലാവധിയുള്ള, ഉയർന്ന ക്രെഡിറ്റ് നിലവാരമുള്ള, എളുപ്പത്തിൽ പണമാക്കി മാറ്റാവുന്ന ഫണ്ടുകൾക്കാണ് പൊതുവെ മുൻഗണന നൽകേണ്ടത്. എന്നാൽ നിക്ഷേപകന് ലക്ഷ്യം നേടാനുള്ള സാവകാശവും പണത്തിന്റെ ആവശ്യകതയും റിസ്ക് എടുക്കാനുള്ള ശേഷിയും പരിഗണിച്ചായിരിക്കണം ഫണ്ടുകളുടെ തെരഞ്ഞെടുപ്പെന്നും വിദ​ഗ്ധർ സൂചിപ്പിച്ചു.

ലിക്വിഡ് ഫണ്ടുകൾ: സുരക്ഷയ്ക്കും പണലഭ്യതയ്ക്കും

91 ദിവസം വരെയുള്ള കാലാവധിയുള്ള ട്രഷറി ബില്ലുകൾ, സർട്ടിഫിക്കറ്റ് ഓഫ് ഡിപ്പോസിറ്റ്, കൊമേഴ്സ്യൽ പേപ്പർ തുടങ്ങിയവയിലാണ് ലിക്വിഡ് ഫണ്ടുകളുടെ (Liquid funds) നിക്ഷേപം. മൂലധന സംരക്ഷണത്തിനും പണലഭ്യതയ്ക്കും മുൻഗണന നൽകുന്ന ഈ വിഭാഗത്തിന് പലിശ നിരക്കിലെ മാറ്റങ്ങളോടുള്ള സംവേദനക്ഷമത താരതമ്യേന കുറവാണ്. ചില ലിക്വിഡ് ഫണ്ടുകളിൽ നിശ്ചിത പരിധിക്കുള്ളിൽ തൽക്ഷണ പിൻവലിക്കൽ സൗകര്യവുമുണ്ട്. ഒരു വർഷത്തെ ശരാശരി നേട്ടം 6.43 ശതമാനമാണ്. ഹ്രസ്വകാലത്തേക്ക് പണം സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് ലിക്വിഡ് ഫണ്ടുകളെ പരിഗണിക്കാം.

ഷോർട്ട്-ടേം ഫണ്ടുകൾ: നേട്ടത്തിനൊപ്പം ചാഞ്ചാട്ടവും

ഒന്ന് മുതൽ മൂന്ന് വർഷം വരെ ശരാശരി കാലാവധിയുള്ള ബോണ്ടുകളിലാണ് ഷോർട്ട്-ടേം ഫണ്ടുകൾ (Short-term funds) പ്രധാനമായും നിക്ഷേപിക്കുന്നത്. ലിക്വിഡ് ഫണ്ടുകളെ അപേക്ഷിച്ച് ഉയർന്ന വരുമാന സാധ്യതയുണ്ടെങ്കിലും, പലിശ നിരക്ക് ഉയരുന്ന സാഹചര്യങ്ങളിൽ ഇവയുടെ എൻ.എ.വിയിലെ ഇടിവ് കൂടുതലായേക്കാം എന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. നിലവിലെ കണക്കുകൾ പ്രകാരം, ഷോർട്ട്-ടേം ഫണ്ടുകളിലെ ഒരു വർഷത്തെ ശരാശരി നേട്ടം 4.94 ശതമാനവും മൂന്ന് വർഷത്തേത് 7.33 ശതമാനവുമാണ്. മിതമായ റിസ്കിൽ ഭേദപ്പെട്ട ആദായം തേടുന്നവർക്ക് ഷോർട്ട്-ടേം ഫണ്ടുകൾ പരിഗണിക്കാമെങ്കിലും, വിപണിയിലെ ചാഞ്ചാട്ടങ്ങൾ കൂടി മുൻകൂട്ടി കണ്ടുകൊണ്ട് വേണം നിക്ഷേപ സംബന്ധമായ തീരുമാനമെടുക്കാൻ.

കോർപറേറ്റ് ബോണ്ട് & ബാങ്കിങ്-പി.എസ്‌.യു ഫണ്ട്

താരതമ്യേന സുരക്ഷിതമായ നിക്ഷേപത്തിനൊപ്പം ഭേദപ്പെട്ട ആദായം ലക്ഷ്യമിടുന്നവർ, ഡെറ്റ് ഫണ്ടുകളുടെ കൂട്ടത്തിൽ നിന്നും പ്രധാനമായും പരിഗണിക്കുന്ന രണ്ട് വിഭാഗങ്ങളാണ് കോർപറേറ്റ് ബോണ്ട് ഫണ്ടുകളും (Corporate bond funds) ബാങ്കിങ് ആൻഡ് പി.എസ്‌.യു ഫണ്ടുകളും (Banking & PSU debt funds).

  • മികച്ച ക്രെഡിറ്റ് റേറ്റിങ്ങുള്ള (AA+ അല്ലെങ്കിൽ അതിന് മുകളിൽ) കോർപറേറ്റ് കമ്പനികളുടെ കടപ്പത്രങ്ങളിൽ ചുരുങ്ങിയത് 80 ശതമാനം ആസ്തി നിക്ഷേപിക്കണം എന്നതാണ് കോർപറേറ്റ് ബോണ്ട് ഫണ്ടുകളുടെ വ്യവസ്ഥ.

  • ബാങ്കുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ (PSU), പൊതുധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ കടപ്പത്രങ്ങളിൽ ആസ്തിയുടെ 80 ശതമാനമെങ്കിലും നിക്ഷേപിക്കുന്നവയാണ് ബാങ്കിങ് ആൻഡ് പി.എസ്‌.യു ഫണ്ടുകൾ.

ഇവയ്ക്ക് താരതമ്യേന മികച്ച ക്രെഡിറ്റ് നിലവാരമുണ്ടെങ്കിലും കാലാവധി കൂടുതലാണെങ്കിൽ പലിശ നിരക്ക് ഉയരുന്നത് തിരിച്ചടിയാകും. ഒരു വർഷത്തെ ശരാശരി നേട്ടം 4.53 ശതമാനവും രണ്ട് വർഷത്തെ നേട്ടം 6.33 ശതമാനവും മൂന്ന് വർഷത്തെ നേട്ടം 7 ശതമാനവും വീതമാണ്.

തെരഞ്ഞെടുപ്പിൽ കാലാവധിയാണ് പ്രധാനം

നാല് വിഭാഗങ്ങളുടെയും ശരാശരി വരുമാനം മാത്രം നോക്കി നിക്ഷേപ തീരുമാനം എടുക്കരുത്. പലിശ നിരക്ക് ഇനിയും ഉയരാമെന്ന വിലയിരുത്തലിൽ കുറഞ്ഞ കാലാവധിയും ഉയർന്ന ക്രെഡിറ്റ് നിലവാരവും പണലഭ്യതയും (ലിക്വിഡിറ്റി) മുൻഗണന നൽകുന്നതാണ് ഉചിതമായ സമീപനമെന്ന് വിദ​ഗ്ധർ സൂചിപ്പിച്ചു. ദീർഘകാല ബോണ്ടുകളിൽ വലിയ നിക്ഷേപം നടത്തുന്ന ഫണ്ടുകൾക്ക് എൻ.എ.വി ഇടിവിന്റെ സാധ്യത കൂടുതലാണ്. അതേസമയം, പലിശ നിരക്ക് ഉയരുമ്പോൾ പുതിയ നിക്ഷേപങ്ങൾ ഉയർന്ന യീൽഡിൽ വിന്യസിക്കാൻ ഫണ്ട് മാനേജർമാർക്ക് അവസരവുമുണ്ട്. അതിനാൽ ഫണ്ടിന്റെ ദൈർഘ്യം, ക്രെഡിറ്റ് ഗുണനിലവാരം, ലിക്വിഡിറ്റി, നിക്ഷേപ തന്ത്രം എന്നിവ പരിശോധിച്ചശേഷം മാത്രമേ നിക്ഷേപ തീരുമാനം സ്വീകരിക്കാവൂ.

(Disclaimer: ഈ വിവരങ്ങൾ പൊതുവായ അറിവിലേക്കായി മാത്രമുള്ളതാണ്; ഇതൊരു നിക്ഷേപ ഉപദേശമോ ഏതെങ്കിലും മ്യൂച്വൽ ഫണ്ടുകൾ വാങ്ങാനോ വിൽക്കാനോ ഉള്ള ശിപാർശയോ അല്ല.)

An explainer on how interest-rate movements affect debt mutual funds and the differences between liquid, short-term, corporate bond, and banking and PSU debt funds.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT