ഒരു വ്യക്തിയുടെ പക്കൽ ഉയർന്ന മൂല്യമുള്ള സ്വത്തുണ്ടെങ്കിലും പെട്ടെന്ന് വലിയ തുകയ്ക്ക് ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് സ്വത്തിന്മേലുള്ള വായ്പകൾ (Loan Against Property) സഹായകരമാകുന്നത്. സ്വന്തം വീടോ മറ്റ് ഭൂ സ്വത്തുക്കളോ ബാങ്കിൽ ഈടുനൽകി വായ്പയെടുക്കുന്ന ഈ രീതി എപ്പോൾ ഉപയോഗിക്കണമെന്ന് കൃത്യമായി ആസൂത്രണം ചെയ്യേണ്ടതുണ്ട്.
ബിസിനസ് വിപുലീകരണം, വിദേശ വിദ്യാഭ്യാസം, അല്ലെങ്കിൽ അടിയന്തിരമായ വലിയ ചികിൽസാ ചെലവുകൾ എന്നിവ നേരിടാൻ ഈ വായ്പകൾ പരിഗണിക്കുന്നത് പ്രായോഗികമാണ്. മറ്റ് അൺസെക്യൂർഡ് (unsecured) പേഴ്സണൽ ലോണുകളെ അപേക്ഷിച്ച് പലിശ നിരക്ക് കുറവാണെന്നതും ഉയർന്ന തുക ലഭിക്കുമെന്നതും ഇതിന്റെ ആകർഷണീയതയാണ്. എന്നാൽ അവധിക്കാല യാത്രകൾക്കോ, ലക്ഷ്വറി സാധനങ്ങൾ വാങ്ങാനോ, ദൈനംദിന ആവശ്യങ്ങൾക്കോ വേണ്ടി ഇത്തരം വായ്പകൾ ഒരിക്കലും എടുക്കരുത്.
ബാങ്കുകൾ വായ്പ നൽകുമ്പോൾ വസ്തുവിന്റെ മൂല്യം മാത്രമല്ല, അപേക്ഷകന്റെ വരുമാനം, പ്രായം, ക്രെഡിറ്റ് ഹിസ്റ്ററി, വായ്പ തിരിച്ചടയ്ക്കാനുള്ള ശേഷി എന്നിവയും വിലയിരുത്തും. ഉടമസ്ഥാവകാശ തർക്കങ്ങളുള്ളതോ നിയമപരമായ അനുമതിയില്ലാത്തതോ ആയ വസ്തുക്കൾ ഈടായി സ്വീകരിക്കില്ല.
ഇത്തരം വായ്പകളുടെ ഏറ്റവും വലിയ അപകടസാധ്യത തിരിച്ചടവ് മുടങ്ങിയാൽ ബാങ്കിന് നിങ്ങളുടെ വസ്തു കണ്ടുകെട്ടാൻ അധികാരമുണ്ട് എന്നതാണ്. കുടുംബം താമസിക്കുന്ന വീടാണെങ്കിൽ ഇത് വലിയ പ്രതിസന്ധിയുണ്ടാക്കും. കൂടാതെ, പലിശ ആനുകൂല്യങ്ങൾ മാത്രം മുൻനിർത്തി ഇത്തരം വായ്പകൾ എടുക്കരുത്.
കൂടുതൽ ചെലവേറിയ പേഴ്സണൽ ലോണുകളേക്കാൾ ഇത് മികച്ചതാണെങ്കിലും, നിക്ഷേപങ്ങളുണ്ടെങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റുകൾക്ക് മേൽ വായ്പയെടുക്കുന്നതാണ് കൂടുതൽ സുരക്ഷിതവും ലളിതവും. കൃത്യമായ തിരിച്ചടവ് പ്ലാൻ ഉണ്ടെങ്കിൽ മാത്രമേ ഇത്തരം കടബാധ്യതകളിലേക്ക് കടക്കാവൂ.
Read DhanamOnline in English
Subscribe to Dhanam Magazine