canva
Personal Finance

ലോട്ടറിയടിച്ച പണം അഞ്ച് വര്‍ഷത്തിനുള്ളില്‍ ആവിയാകും! വലിയൊരു തുക പെട്ടെന്ന് കയ്യിലെത്തിയാല്‍ എന്തുചെയ്യണം?

പെട്ടെന്ന് പണക്കാരായ എത്രപേര്‍ക്ക് കാലാകാലം സമ്പന്നരായി ജീവിക്കാന്‍ പറ്റുന്നുണ്ട്?

Anuroop Haridas

സമ്പത്ത് വളരുന്നത് എപ്പോഴും പതുക്കെ മാത്രമാവില്ല. അപ്രതീക്ഷിതമായ ചില സന്ദര്‍ഭങ്ങളില്‍ ഒറ്റയടിക്ക് വലിയൊരു സമ്പത്ത് കൈകളില്‍ വരാം. അത് ഒരുപക്ഷേ നമ്മുടെ സ്ഥലം വില്‍പ്പന നടക്കുമ്പോള്‍ കിട്ടുന്നതാകാം. അല്ലെങ്കില്‍ വിആര്‍എസ് പാക്കേജിന്റെ ഭാഗമായി വരുന്നതാകാം. അല്ലെങ്കില്‍ ലോട്ടറിയടിച്ച് കിട്ടുന്നതുമാകാം. മലയാളികളുടെ വലിയ സ്വപ്നങ്ങളിലൊന്ന് പെട്ടെന്ന് പണം കയ്യില്‍ കിട്ടണമെന്നതാണല്ലോ?

ഇത്തരം മാര്‍ഗങ്ങളിലൂടെയൊക്കെ വലിയ തുക കയ്യില്‍ വരുമ്പോള്‍ ജീവിതം സുരക്ഷിതമായി, സമ്പദ്‌സമൃദ്ധമായി എന്നൊക്കെ തോന്നാം. പക്ഷേ മാസങ്ങളോ വര്‍ഷങ്ങളോ കഴിയുമ്പോള്‍ നമ്മള്‍ ഇതിന് നേരെ വിപരീതമായ കഥയാകും കേള്‍ക്കുക. നിനച്ചിരിക്കാതെ വന്ന പണം അതുപോലെ തന്നെ ഇറങ്ങിപ്പോയിട്ടുണ്ടാകും. കയ്യിലെ പണം കണ്ട് തുടങ്ങിയ വീടുപണി പാതിവഴിയില്‍ നില്‍ക്കുന്നുണ്ടാകും. കുടുംബ ബന്ധങ്ങള്‍ ശിഥിലമായിക്കാണും. ഒരിക്കല്‍ വന്നുകേറിയ മഹാ സൗഭാഗ്യത്തിന്റെ കണിക പോലും അവരുടെ ജീവിതത്തില്‍ കണ്ടെന്ന് വരില്ല.

ഇതാണ് പലരും പറയാത്ത യാഥാര്‍ത്ഥ്യം. നമ്മുടെ സമൂഹത്തില്‍ പലപ്പോഴും പണത്തെ സംബന്ധിച്ചുള്ള തീരുമാനങ്ങളെടുക്കുന്നത് വൈകാരികമായിട്ടാകാം. ഒട്ടും ആസൂത്രണം ചെയ്യാതെയായിരിക്കാം. അല്ലെങ്കില്‍ ചുറ്റിലുമുള്ള സമൂഹത്തിന്റെ സ്വാധീനത്തിലുമാകാം. പെട്ടെന്ന് കയ്യില്‍ കിട്ടുന്ന പണം 'ദാ വന്നു... ദേ പോയി...' എന്ന നിലയ്ക്കാവുന്നതില്‍ നിന്ന് പഠിക്കാവുന്ന നാല് കാര്യങ്ങള്‍ നോക്കാം.

അപ്രതീക്ഷിതമായി കിട്ടുന്ന പണം സമ്പന്നരാക്കും, പക്ഷേ ഉപകാരമില്ലാത്ത വിധം ചെലവഴിക്കും. വളരെ വലിയ തുക അപ്രതീക്ഷിതമായി കയ്യില്‍ വരുമ്പോള്‍ പലരും അതുവെച്ച് എന്തൊക്കെ ചെയ്യാമെന്ന് കൃത്യമായി ആസൂത്രണം ചെയ്യുന്നതിന് പകരം വളരെ പെട്ടെന്ന് ചെലവഴിക്കാന്‍ തുടങ്ങും. ഭാഗ്യദേവതയുടെ കടാക്ഷം കൊണ്ട് മറ്റ് ചില കാര്യങ്ങള്‍ കൂടി സംഭവിക്കും.

$ കടമായി ബന്ധുക്കള്‍ക്ക് മുമ്പ് നല്‍കിയ തുക പോലും അവര്‍ തിരിച്ചുതരില്ല.

$ ആഡംബര കാര്‍ വാങ്ങും (കയ്യില്‍ പണമല്ലേ ഉള്ളത് വാങ്ങാമല്ലോ?).

$ സ്വപ്നത്തില്‍ പോലും കാണാത്തയത്ര ആഡംബര വീട് പണിയാന്‍ തീരുമാനിക്കും.

$ ആരെങ്കിലും പറയുന്നത് കേട്ട് കേട്ടുകേള്‍വി പോലുമില്ലാത്ത ബിസിനസില്‍ പോയി നിക്ഷേപം നടത്തും. അതുപോലെ എളുപ്പത്തില്‍ പണം ഇരട്ടിച്ചുകിട്ടുമെന്ന അവകാശവാദമുള്ള പദ്ധതികളില്‍ നിക്ഷേപിക്കും.

$ ഇന്‍ഷുറന്‍സ് ഉണ്ടാവില്ല. നാളെയ്ക്കു വേണ്ടി മാറ്റിവെച്ചിട്ടുണ്ടാവില്ല. ഒരു വിധത്തിലുമുള്ള സാമ്പത്തിക ആസൂത്രണവും ഉണ്ടാവില്ല.

ലോട്ടറി അടിക്കുന്നത് എപ്പോഴും ഭാഗ്യമാവില്ല

ലോട്ടറി എടുക്കുന്ന ശീലം മലയാളികളില്‍ അടിയുറച്ചുപോയ ഒന്നാണ്. ലക്ഷക്കണക്കിനാളുകളുടെ ജീവിതത്തിന്റെ ഭാഗമായ കാര്യമാണിത്. എപ്പോഴെങ്കിലും ഒരെണ്ണം അടിച്ചാലായി. അതില്‍ തന്നെ വലിയസമ്മാനം കിട്ടുന്നത് വളരെ ചുരുക്കം പേര്‍ക്കും. ജീവിതത്തിലേക്ക് കയറിവന്ന ഈ മഹാഭാഗ്യം വളരെ പെട്ടെന്ന് തന്നെ ദുരന്തമായും മാറാറുണ്ട്. ആഗോളതലത്തിലെ കണക്കുകളെടുത്താല്‍ ലോട്ടറി അടിക്കുന്നവരില്‍ 70 ശതമാനം പേര്‍ക്കും അവരുടെ കയ്യില്‍ വന്ന ഭാഗ്യം അഞ്ച് വര്‍ഷത്തിനുള്ളില്‍ നഷ്ടപ്പെടുന്നുവെന്നാണ് പറയുന്നത്. കേരളത്തിലും സ്ഥിതി വിഭിന്നമല്ല.

പണം അവിടെ ഇരിക്കട്ടെ,തിടുക്കം വേണ്ട

നിങ്ങള്‍ക്ക് എപ്പോഴെങ്കിലും വലിയ തുക കയ്യില്‍ കിട്ടാന്‍ ഭാഗ്യമുണ്ടായാല്‍ ആദ്യം ചെയ്യേണ്ട കാര്യമെന്താണെന്നോ? ഒന്നും ചെയ്യാതെ ഇരിക്കുക! അതെ, ഒന്നും ചെയ്യാതെ കുറച്ചു ദിവസങ്ങള്‍ ഇരിക്കുക. കയ്യില്‍ വന്ന ആ തുക സേവിംഗ്‌സ് അക്കൗണ്ടിലോ, അല്ലെങ്കില്‍ ലിക്വിഡ് ഫണ്ടിലോ കുറച്ചു നാളത്തേക്ക് നിക്ഷേപിച്ചിടുക. നിങ്ങളിലെ ആവേശമൊക്കെ തണുക്കാനുള്ള സമയം സ്വയം കൊടുക്കുക. അങ്ങനെ വന്നാല്‍ തന്നെ എടുത്തുചാടി തീരുമാനങ്ങളെടുക്കുന്നതിന്റെ അപകടമെങ്കിലും ഒഴിവാക്കാന്‍ കഴിയും. പണം വന്നതിന്റെ ആദ്യ ആഴ്ചകളില്‍ വലിയ സാമ്പത്തിക ബാധ്യത വരുന്ന, അല്ലെങ്കില്‍ നിക്ഷേപം സംബന്ധിച്ച തീരുമാനങ്ങളൊന്നും എടുക്കരുത്. നമ്മളെ അമിത ആത്മവിശ്വാസത്തിലേക്ക് എടുത്തുയര്‍ത്താനുള്ള മാജിക്ക് പണത്തിനുണ്ട്. ദിശാബോധമില്ലാതെയുള്ള പണം വെറുതെയാണ്.

വൈകാരികമായി പണം ചെലവിടരുത്.ഇരുന്ന് ചിന്തിച്ച് ചില കാര്യങ്ങള്‍ ചെയ്യണം.

$ എമര്‍ജന്‍സി ഫണ്ട്- ആറ് മാസം മുതല്‍ ഒരുവര്‍ഷം വരെ നിങ്ങള്‍ക്കും കുടുംബത്തിനും ജീവിക്കാനുള്ള തുക മാറ്റിവെയ്ക്കണം.

$ ഇന്‍ഷുറന്‍സ്- ഹെല്‍ത്ത്, ടേം ഇന്‍ഷുറന്‍സുകള്‍ തീര്‍ച്ചയായും എടുക്കണം.

$ സുരക്ഷിത നിക്ഷേപം- റിസ്‌ക് കുറഞ്ഞ നിക്ഷേപ പദ്ധതികളില്‍ നിക്ഷേപം നടത്തണം.

$ ദീര്‍ഘകാല ലക്ഷ്യം- ഇടത്തരം റിസ്‌കുള്ള പദ്ധതികള്‍ തിരഞ്ഞെടുത്ത് ദീര്‍ഘകാല ലക്ഷ്യങ്ങള്‍ക്കായി പണം നിക്ഷേപിക്കണം.

$ ജീവിതശൈലി- കുറച്ച് മാത്രം പരിധിവെച്ച് നിങ്ങളുടെ ജീവിതശൈലി മെച്ചപ്പെടുത്താനായി പണം വിനിയോഗിക്കാം.

നമ്മള്‍ നഷ്ടങ്ങളെ കുറിച്ച് മിണ്ടുന്നില്ല

ഒരാള്‍ ജയിക്കുമ്പോള്‍ കയ്യടിക്കുന്ന സമൂഹമാണ് നമ്മളുടേത്. പക്ഷേ ഒരാള്‍ പരാജയപ്പെടുമ്പോള്‍ നിശബ്ദരാകുന്നു.

$ പാരമ്പര്യ സ്വത്തിന്റെ പേരില്‍ കുടുംബ ബന്ധങ്ങള്‍ ഉലയുന്നത് നാം കാണുന്നുണ്ട്.

$ സ്ഥലക്കച്ചവടം നഷ്ടത്തില്‍ കലാശിക്കുന്നുണ്ട്.

$ എളുപ്പത്തില്‍ കിട്ടിയ വലിയ ലാഭം എടുത്തു ചാടി നിക്ഷേപം നടത്തി കളഞ്ഞുകുളിക്കുന്നുണ്ട്.

$ കടം നല്‍കാത്തതിന്റെ പേരില്‍ ബന്ധുക്കള്‍ ശത്രുക്കളാകുന്നുണ്ട്.

ഇത്തരം കഥകള്‍ നമ്മള്‍ ചര്‍ച്ച ചെയ്യാറില്ല. പക്ഷേ അതിലെല്ലാം നമ്മള്‍ തീര്‍ച്ചയായും പഠിച്ചിരിക്കേണ്ട ചില പാഠങ്ങളുണ്ട്.

സമ്പത്ത് ഒരു ആഘോഷമല്ല. അത് ഉത്തരവാദിത്തമാണ്. ജീവിതം നിങ്ങള്‍ക്ക് ഭാഗ്യങ്ങള്‍ സമ്മാനിച്ചാല്‍ ഉടനടി ജീവിതശൈലി മാറ്റാനല്ല ശ്രമിക്കേണ്ടത്. നിങ്ങളുടെ മനോഭാവം മാറ്റണം. മികച്ച രീതിയില്‍ സാമ്പത്തിക ആസൂത്രണം നടത്തണം. സമ്പത്ത് സംരക്ഷിക്കണം. സമ്പത്ത് സൂക്ഷിച്ചുവെയ്ക്കണം. ശരിയായ സമ്പത്ത് എന്നാല്‍ അത് എത്രവേഗം വരുന്നു എന്നതല്ല, എത്രകാലം അത് കൂടെ നില്‍ക്കുന്നുവെന്നതാണ്.

(ധനം മാഗസിന്‍ സെപ്റ്റംബര്‍ 15 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT