മാനസികരോഗ ചികിത്സയിൽ ഡോക്ടർ കൺസൾട്ടേഷനുകൾ, തെറാപ്പി സെഷനുകൾ, മരുന്നുകൾ എന്നിവ ഉൾപ്പെടുന്നതിനാൽ ഇത് പലപ്പോഴും കുടുംബ ബജറ്റിനെ ബാധിക്കുന്ന തുടർച്ചയായ ചെലവുകൾക്ക് കാരണമാകാറുണ്ട്. അതിനാൽ ശാരീരിക രോഗങ്ങൾക്ക് നൽകുന്ന അതേ അടിസ്ഥാനത്തിൽ മാനസികരോഗ ചികിത്സയ്ക്കും ഇൻഷുറൻസ് പരിരക്ഷ നൽകണമെന്ന് 2017-ലെ മാനസിക ആരോഗ്യ സംരക്ഷണ നിയമത്തിലെ സെക്ഷൻ 21(4) (Section 21(4) of Mental Healthcare Act, 2017) വ്യക്തമായി ആവശ്യപ്പെടുന്നുണ്ട്. ഇതേക്കുറിച്ച് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയും (IRDAI) ഇൻഷുറൻസ് കമ്പനികൾക്ക് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.
മാനസികാരോഗ്യ ഇൻഷുറൻസ് തിരഞ്ഞെടുക്കുമ്പോൾ ആശുപത്രി വാസം (Hospitalisation) ആവശ്യമായി വരുന്ന സൈക്യാട്രിക് ചികിത്സയും, ഒ.പി.ഡി (Outpatient) രീതിയിലുള്ള കൺസൾട്ടേഷനുകളും തമ്മിലുള്ള വ്യത്യാസം പോളിസി ഉടമകൾ പ്രത്യേകമായി പരിശോധിക്കേണ്ടതാണ്. സൈക്കോളജിസ്റ്റുകൾ, സൈക്യാട്രിസ്റ്റുകൾ, തെറാപ്പിസ്റ്റുകൾ എന്നിവരുമായുള്ള കൺസൾട്ടേഷനുകൾക്ക് പോളിസികളിൽ കവറേജ് ലഭ്യമാണോ എന്നതും അതിനുള്ള പരിധികൾ എന്തൊക്കെയാണെന്നതും ഓരോ പോളിസിയിലും വ്യത്യസ്തമായിരിക്കും.
ഒരു ഹെൽത്ത് ഇൻഷുറൻസ് പോളിസി എടുക്കുന്നതിനോ പുതുക്കുന്നതിനോ മുൻപ് താഴെ പറയുന്ന കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ട്:
ആശുപത്രി വാസത്തിനുള്ള പരിരക്ഷ: സൈക്യാട്രിക് ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിക്കേണ്ടി വരുമ്പോൾ ലഭിക്കുന്ന കവറേജും അതിനുള്ള വ്യവസ്ഥകളും.
ഒ.പി.ഡി ആനുകൂല്യങ്ങൾ: സൈക്കോളജിസ്റ്റുകൾ, സൈക്യാട്രിസ്റ്റുകൾ, തെറാപ്പിസ്റ്റുകൾ എന്നിവരുടെ കൺസൾട്ടേഷൻ ചെലവുകൾ ലഭിക്കുമോ എന്ന് ഉറപ്പാക്കുക.
പരിധികളും ചെലവ് പങ്കിടലും (Sub-limits & Co-pay): സബ് ലിമിറ്റുകൾ, കോ-പേയ്മെന്റ്, ഡെഡക്റ്റബിളുകൾ എന്നിവ മൂലം ഇൻഷുറർ നൽകുന്ന തുകയിലുണ്ടാകുന്ന വ്യതിയാനങ്ങൾ.
കാത്തിരിപ്പ് കാലാവധിയും ഒഴിവാക്കലുകളും (Waiting Periods & Exclusions): ചില പ്രത്യേക അവസ്ഥകൾക്ക് ബാധകമായ കാത്തിരിപ്പ് കാലാവധിയും പോളിസിയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ള ചികിത്സകളും മനസിലാക്കുക.
ക്ലെയിം പ്രക്രിയ: ക്ലെയിമിനായി മുൻകൂർ അനുമതി (Prior authorisation) ആവശ്യമുണ്ടോ എന്നും തുക മുൻകൂട്ടി അടയ്ക്കേണ്ടതുണ്ടോ എന്നും അറിയുക.
തൊഴിൽദാതാവ് നൽകുന്ന കവറേജ്: ഗ്രൂപ്പ് ഇൻഷുറൻസ് വഴി ലഭിക്കുന്ന ഇൻഷുറൻസ് ആനുകൂല്യങ്ങളും തൊഴിൽദാതാവ് പ്രത്യേകം നൽകുന്ന കൗൺസിലിംഗ് സേവനങ്ങളും വേർതിരിച്ച് മനസിലാക്കുക.
വ്യവസ്ഥകൾ കൃത്യമായി പരിശോധിക്കുന്നത് മാനസികാരോഗ്യ ചികിത്സയിൽ ഉണ്ടാകുന്ന സാമ്പത്തിക ഭാരം കുറയ്ക്കാൻ സഹായിക്കും.
Disclaimer: ഈ ലേഖനത്തെ നിക്ഷേപ ഉപദേശമായി കണക്കാക്കരുത്. ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, അംഗീകൃത വിദഗ്ധരുമായി ആലോചിക്കേണ്ടതാണ്.
Read DhanamOnline in English
Subscribe to Dhanam Magazine