പ്രതീകാത്മക ചിത്രം Image source: Canva
Personal Finance

‌പണം വളർത്താൻ സ്മോൾ ക്യാപും സ്വർണവും! ഓഗസ്റ്റിലെ മ്യൂച്വൽ ഫണ്ട് നിക്ഷേപ കണക്കുകൾ സൂചിപ്പിക്കുന്നതെന്ത്?

ഓഗസ്റ്റിൽ സ്‌മോൾ, മിഡ് ക്യാപ് ഫണ്ടുകളിലേക്കും ഗോൾഡ് ഇ.ടി.എഫുകളിലേക്കും നിക്ഷേപം വർധിച്ചു; വളർച്ചാ സാധ്യതയും പോർട്ട്‌ഫോളിയോ സുരക്ഷയും ഒരേസമയം പരിഗണിക്കുന്ന പ്രവണതയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്

Dhanam News Desk

ഓഗസ്റ്റിലെ എ.എം.എഫ്.ഐ കണക്കുകൾ പ്രകാരം ഇന്ത്യൻ നിക്ഷേപകർ സ്‌മോൾ, മിഡ് ക്യാപ് മ്യൂച്വൽ ഫണ്ടുകളിലേക്കും ഗോൾഡ് ഇ.ടി.എഫുകളിലേക്കും ഒരേസമയം വലിയ തോതിൽ പണം ഒഴുക്കിയതായി കാണിക്കുന്നു. ഉയർന്ന റിട്ടേൺ ലക്ഷ്യമിട്ട് റിസ്‌ക് ഏറ്റെടുക്കുന്നതിനൊപ്പം സ്വർണത്തിലൂടെ സുരക്ഷിതത്വവും ഉറപ്പാക്കുന്ന സമതുലിത തന്ത്രത്തിലേക്കാണ് നിക്ഷേപകർ നീങ്ങുന്നതെന്ന് അനലിസ്റ്റുകൾ വിലയിരുത്തുന്നു.

പതിറ്റാണ്ടുകളായി സ്വർണവും സ്‌മോൾ ക്യാപ് (Small-Cap) ഓഹരികളും നിക്ഷേപകരുടെ മനസ്സിന്റെ രണ്ട് ധ്രുവങ്ങളിലായിരുന്നു നിന്നിരുന്നത്. അതായത്, വിപണിയിൽ ആശങ്കയോ അനിശ്ചിതത്വമോ ഉയരുമ്പോൾ അഭയം തേടാവുന്ന ആസ്തിയായി സ്വർണവും, വിപണിയിലെ തികഞ്ഞ ആത്മവിശ്വാസത്തിൽ പണം മുടക്കുന്ന ഒന്നായി സ്‌മോൾ ക്യാപ് ഓഹരികളും പൊതുവേ കാണപ്പെട്ടിരുന്നത്. എന്നാൽ ഓഗസ്റ്റിലെ പ്രതിമാസ മ്യൂച്വൽ ഫണ്ട് കണക്കുകൾ ഈ പരമ്പരാഗത രീതിക്ക് മാറ്റം വന്നതായുള്ള ചില സൂചനകൾ വെളിവാക്കുന്നു.

സെപ്റ്റംബർ 10-ന് എ.എം.എഫ്.ഐ (AMFI) പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ഇന്ത്യൻ നിക്ഷേപകർ ഓ​ഗസ്റ്റ് മാസത്തിനിടെ ഏകദേശം 15,000 കോടി രൂപയാണ് സ്‌മോൾ, മിഡ് ക്യാപ് മ്യച്വൽ ഫണ്ടുകളിലേക്ക് ഒഴുക്കിയത്. അതേസമയം തന്നെ, ഗോൾഡ് ഇ.ടി.എഫുകളിലേക്കുള്ള (Gold ETFs) നിക്ഷേപവും വലിയ തോതിൽ ഉയർന്നു. നിക്ഷേപകർ വളർച്ചയോ സുരക്ഷിതത്വമോ എന്നതിൽ ഒന്നിലേക്ക് മാത്രം ഒതുങ്ങാതെ, രണ്ടിലും ഒരേസമയം ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് വായിച്ചെടുക്കാം.

മാറിയ കണക്കുകൾ നൽകുന്ന സൂചന

ഓഗസ്റ്റിലെ നിക്ഷേപ കണക്കുകളിൽ പ്രകടമായ പ്രധാന വ്യതിയാനങ്ങൾ താഴെ പറയുന്നവയാണ്:

  • സ്‌മോൾ ക്യാപ് ഫണ്ടുകൾ: ജൂലൈ മാസത്തിലെ 7,768 കോടി രൂപയിൽ നിന്ന് ഉയർന്ന് ഓഗസ്റ്റിൽ 7,973 കോടി രൂപയുടെ നിക്ഷേപം നേടി.

  • മിഡ് ക്യാപ് ഫണ്ടുകൾ: ജൂലൈയിലെ 6,192 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ഓഗസ്റ്റിലെ പ്രതിമാസ നിക്ഷേപം 6,989 കോടി രൂപയായി വർധിച്ചു.

  • ഗോൾഡ് ഇ.ടി.എഫുകൾ: ഇവിടേക്കുള്ള അറ്റ നിക്ഷേപം ജൂലൈയിലെ 1,559 കോടിയിൽ നിന്ന് 2,597 കോടി രൂപയായി കുതിച്ചുയർന്നു. ഇതോടെ ഗോൾഡ് ഇ.ടി.എഫുകൾ കൈകാര്യം ചെയ്യുന്ന ആകെ ആസ്തി മൂല്യം (AUM) 10.3% വർധിച്ച് 1.91 ലക്ഷം കോടി രൂപയിലെത്തി.

വിപണിയിലെ ചാഞ്ചാട്ടങ്ങൾക്കെതിരെയുള്ള മുൻകരുതലായി സ്വർണത്തെ നിലനിർത്തിക്കൊണ്ട് തന്നെ, വലിയ വളർച്ചാ സാധ്യതയുള്ള സ്‌മോൾ ക്യാപ് ഫണ്ടുകളിൽ നിക്ഷേപം തുടരാൻ നിക്ഷേപകർ ശ്രദ്ധിക്കുന്നതായാണ് ഇത് സൂചിപ്പിക്കുന്നത്.

നിക്ഷേപ തന്ത്രങ്ങളിലെ പക്വതയായും ഇതിനെ വിലയിരുത്തപ്പെടുന്നു. മൾട്ടി-ആസറ്റ് അലോക്കേഷൻ ഫണ്ടുകളിലേക്ക് ഓഗസ്റ്റിൽ 3,671 കോടി രൂപയും ആർബിട്രേജ് ഫണ്ടുകളിലേക്ക് 3,789 കോടി രൂപയും എത്തിയത് പോർട്ട്‌ഫോളിയോ വൈവിധ്യവൽക്കരണത്തിന് (Portfolio Diversification) നിക്ഷേപകർ പ്രധാന്യം നൽകുന്നതിന്റെ തെളിവാണെന്നും അനലി​സ്റ്റുകൾ പറഞ്ഞു.

ദീർഘകാല കാഴ്ചപ്പാടും സ്വർണത്തിന്റെ പുതിയ റോളും

മ്യൂച്വൽ ഫണ്ട് മേഖലയിൽ ദീർഘകാല എസ്‌.ഐ.പി (SIP) നിക്ഷേപകർ സജീവമായി തന്നെ നിക്ഷേപം തുടരുന്നുണ്ട്. ഓഗസ്റ്റിലെ രേഖകൾ പ്രകാരം എസ്‌.ഐ.പി വഴിയുള്ള ആസ്തിമൂല്യം 18.62 ലക്ഷം കോടി രൂപയായി ഉയർന്നു. കഴിഞ്ഞ 3-5 വർഷങ്ങളിൽ സ്‌മോൾ ക്യാപ് ഫണ്ടുകൾ 14% മുതൽ 15% വരെ പ്രതിവർഷ റിട്ടേൺ നൽകിയപ്പോൾ, സ്വർണം അതിലും മികച്ച പ്രകടനമാണ് നടത്തിയത്.

ഇന്ത്യൻ നിക്ഷേപകർ സ്വർണത്തെ വെറുമൊരു ആഭരണമായി അണിയാനോ അല്ലെങ്കിൽ പ്രതിസന്ധി ഘട്ടങ്ങളിലെ താൽക്കാലിക തണലായോ മാത്രമല്ല കാണുന്നത്. പോർട്ട്‌ഫോളിയോയുടെ ഭദ്രത ഉറപ്പാക്കാൻ വ്യക്തമായ വിഹിതം മാറ്റിവെക്കുന്ന ഒരു പ്രധാന ആസ്തിയായി സ്വർണം മാറി കഴിഞ്ഞുവെന്ന് അനലി​സ്റ്റുകൾ ചൂണ്ടിക്കാണിക്കുന്നു. ഓഗസ്റ്റിൽ സിൽവർ ഇ.ടി.എഫുകളിലേക്ക് 1,271 കോടി രൂപ എത്തിയതും ഇതേ ട്രെൻഡ് തന്നെയാണ് വ്യക്തമാക്കുന്നത്.

ഓഗസ്റ്റിലെ മ്യൂച്വൽ ഫണ്ട് നിക്ഷേപം: ഒറ്റനോട്ടത്തിൽ

  • സ്‌മോൾ & മിഡ് ക്യാപ് ഫണ്ട് ------► 14,962 കോടി രൂപ.

  • ഗോൾഡ് ഇ.ടി.എഫ് ------► 2,597 കോടി രൂപ.

  • ആകെ ഇക്വിറ്റി ഇൻഫ്ലോ (പുതിയ നിക്ഷേപം) ------► 29,329 കോടി രൂപ.

  • മ്യൂച്വൽ ഫണ്ടുകൾ ആകെ കൈകാര്യം ചെയ്യുന്ന ആസ്തി (AUM) ------► 87.08 ലക്ഷം കോടി രൂപ.

റിസ്‌ക് മാനേജ്‌മെന്റിന് മുൻഗണന

ഡെറ്റ് ഫണ്ടുകളിൽ നിന്ന് നെറ്റ് ഒട്ട്ഫ്ലോ അഥവാ അറ്റ പിൻവലിക്കലായി 8,127 കോടി രൂപ പുറത്തേക്ക് പോയെങ്കിലും, ലിക്വിഡ് ഫണ്ടുകളിൽ 19,934 കോടി രൂപയുടെ പുതിയ നിക്ഷേപം വന്നു. ഇത് നിക്ഷേപകർ തങ്ങളുടെ ആസ്തികൾ കൃത്യമായി പുനഃക്രമീകരിക്കുന്നതിന്റെ (Portfolio Recalibration) ഭാഗമാണ്.

ചുരുക്കത്തിൽ, മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള വരവുംപോക്കും സംബന്ധിച്ച ഓഗസ്റ്റ് മാസത്തെ കണക്കുകൾ കാണിക്കുന്നത് ഇന്ത്യൻ നിക്ഷേപകർ കേവലം ഉയർന്ന ലാഭം മാത്രം ലക്ഷ്യമിട്ട് അപകടസാധ്യതയുള്ള (High Risk) മേഖലകളിലേക്ക് കടക്കുകയല്ല ചെയ്യുന്നത് എന്നാണ്. മറിച്ച്, ഉയർന്ന വളർച്ചയും സുരക്ഷിതത്വവും ഒരേസമയം നൽകുന്ന രീതിയിൽ തങ്ങളുടെ പോർട്ട്‌ഫോളിയോകൾ പുനഃക്രമീകരിക്കുകയാണ് അവർ ചെയ്യുന്നത് എന്ന് അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു.

(Disclaimer: ഈ വിവരങ്ങൾ പൊതുവായ അറിവിലേക്കായി മാത്രമുള്ളതാണ്; ഇതൊരു നിക്ഷേപ ഉപദേശമോ ഏതെങ്കിലും മ്യൂച്വൽ ഫണ്ടുകൾ വാങ്ങാനോ വിൽക്കാനോ ഉള്ള ശിപാർശയോ അല്ല.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT