വിപണിയിലെ ചാഞ്ചാട്ടം, പലവിധ ടിപ്സുകൾ, സ്വന്തം വിലയിരുത്തൽ -അതിനെല്ലാം മുമ്പിൽ പല മ്യൂച്വൽ ഫണ്ടും വാങ്ങുന്ന തരക്കാരാണ് നിക്ഷേപകരിൽ ഏറിയ പങ്കും. ഇതിനൊക്കെ ഫീസ് കൊടുക്കേണ്ടി വരുന്നു എന്നതു മാത്രമല്ല, ഉദ്ദേശിച്ച കുതിപ്പ് ഉണ്ടായെന്നും വരില്ല. ഫലം നിരാശ. പിന്നെ ഏതുവിധേനയും വിറ്റൊഴിയണമെന്ന നിരാശ കലർന്ന ചിന്ത. ശരിക്കു പറഞ്ഞാൽ വാങ്ങാൻ എളുപ്പമാണ്. എന്നാൽ വിൽപന നടത്തുന്നതിൽ അച്ചടക്കം പാലിക്കുക തന്നെ വേണം. നിങ്ങളുടെ മ്യൂച്വൽ ഫണ്ട് പോർട്ട്ഫോളിയോ വസ്തുനിഷ്ഠമായി പരിശോധിച്ച്, വരുമാനം അഥവാ ലാഭം കുറയാതെ പോർട്ട്ഫോളിയോ ലളിതമാക്കി എടുക്കാനുള്ള വഴി എന്താണ്? പരിശോധിക്കാം.
ഒരു തീരുമാനമെടുക്കുന്നതിന് ഏതെങ്കിലുമൊരു ലക്ഷ്യം വേണം. അടിയന്തരാവശ്യത്തിന് രൊക്കം പണം കൈയിൽ വേണമെന്ന് വരുക. അതല്ലെങ്കിൽ സാമ്പത്തികാവശ്യം വരുന്ന ഒരു ലക്ഷ്യം നടപ്പാക്കേണ്ട സമയമാവുക. അത് ഒരു പക്ഷേ, വീട് വാങ്ങാനാകാം, വീടിന്റെ വായ്പ അടച്ചു തീർക്കാനാവാം, വിവാഹത്തിനോ കാർ വാങ്ങാനോ ആകാം. അത്തരം സന്ദർഭങ്ങളിൽ ആവശ്യമായ തുകക്കു മാത്രം മ്യൂച്വൽ ഫണ്ടിൽ നിന്ന് പിൻവലിക്കാം. ഒഴിവാക്കാൻ പറ്റുന്നതാണെങ്കിൽ പിൻവലിക്കരുത്. നിക്ഷേപം തുടരുക തന്നെ ചെയ്യുക. എം.എഫിന്റെ റേറ്റിംഗ്, മാർക്കറ്റിലെ ചാഞ്ചാട്ടം, വന്നുകൊണ്ടിരിക്കുന്ന ഓരോരോ വാർത്തകൾ -അതിനെക്കുറിച്ചെല്ലാം ചിന്തിച്ചു ചിന്തിച്ച് തല പുണ്ണാക്കരുത്. ഇടക്കാലത്ത് ഉണ്ടാവുന്ന ബഹളങ്ങൾ മാത്രം മുൻനിർത്തി വിൽപന നടത്തുന്നത് ഗുണത്തേക്കാൾ ദോഷമാണ് ഉണ്ടാക്കുക. വിൽപനക്ക് രണ്ടേരണ്ട് കാരണങ്ങളാണ് ഉണ്ടാകേണ്ടത്. ഒന്ന്, അത്യാവശ്യം. അതല്ലെങ്കിൽ സമയബന്ധിതമായ കാലാവധി.
അത് ഓരോ വർഷവും മാറിക്കൊണ്ടിരിക്കും. ഇന്നു കുതിക്കുന്നവ നാളെ കിതക്കും. പുതിയ കുതിപ്പുകാർക്ക് പിന്നാലെ പൊയ്ക്കൊണ്ടിരുന്നാൽ ഒരേ മേഖലയിൽ ഇരട്ടിപ്പ് വന്നു കൊണ്ടിരിക്കും. അതിനു പകരം, കണക്കുകളെ ആശ്രയിക്കുക. ഓരോ ഫണ്ടിന്റെയും അഞ്ചു വർഷത്തെ സി.എ.ജി.ആറുമായി (Compound Annual Growth Rate) ബെഞ്ച്മാർക്കും ആ വിഭാഗത്തിലെ ശരാശരിയും താരതമ്യപ്പെടുത്തുക. പ്രകടനം മോശമാണെങ്കിൽപ്പിന്നെ മറ്റൊന്നു ചിന്തിക്കാനില്ല -എക്സിറ്റ്.
ഒരു ഫണ്ടിന്റെ കാര്യത്തിൽ ദീർഘകാലമായി പ്രകടനം മോശമായിരിക്കുക, അതല്ലെങ്കിൽ ബുൾ മാർക്കറ്റിന്റെ ഗതിവേഗം പിന്തുടരാൻ ആഗ്രഹിക്കുക -അത്തരം സന്ദർഭങ്ങളിൽ വാല്യു ഫണ്ട് നിങ്ങളുടെ മനസ് ചഞ്ചലമാക്കും. വലിയ ചാഞ്ചാട്ടവും താഴ്ചയുമാണെങ്കിൽ ഗ്രോത്ത് ഫണ്ട് നിങ്ങളുടെ ക്ഷമ പരീക്ഷിക്കും. വളർച്ചാ കേന്ദ്രീകൃതമായ പോർട്ട്ഫോളിയോ പ്രധാനമായും സ്മോൾ ക്യാപുകളിലേക്ക് ചാഞ്ഞാണ് കിടക്കുക. ചില സന്ദർഭങ്ങളിൽ പ്രകടനം വല്ലാതെ മോശമാകും.
മനസിലാക്കേണ്ട കാര്യം ഇതാണ്. ഏറ്റവും ഉയർന്ന റിട്ടേൺ വാഗ്ദാനം ചെയ്യുന്ന ഫണ്ടല്ല ശരിയായ ഫണ്ട്. വിപണി നിങ്ങളെ പരീക്ഷിക്കുന്ന ഘട്ടത്തിലും നിശ്ചയദാർഢ്യം കൈവിടാതെ മുറുകെ പിടിക്കാവുന്ന ഫണ്ടാണ്. നിക്ഷേപ രീതിയും നിക്ഷേപകന്റെ മനോനിലയും തമ്മിലെ ചേർച്ചയാണ് ഫണ്ടിന്റെ സ്വഭാവത്തേക്കാൾ പ്രധാനം.
പല വിഭാഗങ്ങളിൽ നിന്നുള്ള പല ഫണ്ടുകൾ കൈയിലുണ്ടായാൽ അത് വൈവിധ്യവൽക്കരണമാണ് എന്നു പറയാനാവില്ല. ഒരേ ഓഹരികൾ തന്നെയാണ് പല ഫണ്ടുകളിലും ഉള്ളതെങ്കിൽ ഒറ്റ ഫണ്ട് കൈയിൽ ഉണ്ടാവുന്നതു പോലെ തന്നെയാണ് അവയത്രയും പെരുമാറുക. അത് ചെലവും ചാഞ്ചാട്ടവും കൂട്ടും.
ഒരു ഫണ്ടിന്റെ വലിപ്പം പ്രധാനമാണ്. സ്മോൾ ക്യാപ്, മിഡ് ക്യാപ് ഫണ്ടുകളുടെ കാര്യത്തിൽ ഇത് പ്രത്യേകിച്ചും കൃത്യം. ഒരു സ്മോൾ ക്യാപ് ഫണ്ടിന്റെ വലിപ്പം 25,000 കോടി രൂപ, അതല്ലെങ്കിൽ ഒരു മിഡ് ക്യാപ് ഫണ്ടിന്റെ വലിപ്പം 35,000 രൂപ കടന്നാല്‍ ഫണ്ട് മാനേജർ പലപ്പോഴും ലാർജ് ക്യാപിലേക്കു മാറും. അത് പണലഭ്യത ക്രമീകരിക്കാനാണ്. നിക്ഷേപകർ ഫണ്ട് തെരഞ്ഞെടുക്കാൻ ഇടയായ കാരണങ്ങൾ തന്നെ അട്ടിമറിക്കപ്പെടുകയാണ് അപ്പോൾ സംഭവിക്കുന്നത്. അതായത്, ചെറുകിട കമ്പനികളെയും ഉയർന്ന വളർച്ചയുള്ള ബിസിനസുകളെയുമാണല്ലോ നിക്ഷേപം നടത്തിയ ഘട്ടത്തിൽ ഒരാൾ തെരഞ്ഞെടുത്തത്. ഫണ്ട് മാനേജർ ചെന്നെത്തിയതോ, ലാർജ് ക്യാപിൽ.
ഒരു ഫണ്ടിന്റെ 80 ശതമാനവും തുടക്കത്തിൽ നിശ്ചയിക്കപ്പെട്ട മേഖലകളിൽ തന്നെ തുടരണം. അതല്ലെങ്കിൽ ഫണ്ട് മാറുന്ന കാര്യമാണ് നിക്ഷേപകൻ പരിഗണിക്കേണ്ടത്. വരുമാനത്തിനു വേണ്ടി മാത്രമല്ല നിങ്ങൾ മുടക്കുന്നത്. ഒരു ഫണ്ട് അതിന്റെ തന്ത്രത്തിൽ ഉറച്ചു നിൽക്കുന്നതും പ്രധാനമാണ്.
അമിതമായ വൈവിധ്യവൽക്കരണവും അങ്ങേയറ്റം പരിമിതമായ മേഖലകളിൽ ഒതുങ്ങി നിൽക്കുന്നതും വരുമാനത്തെ ബാധിക്കും. പ്രധാനമായ മൂന്നു മേഖലകളിലാണ് പോർട്ട്ഫോളിയോയുടെ 60 ശതമാനവുമെങ്കിൽ, വിപണിയിലെ ചാഞ്ചാട്ടങ്ങൾക്ക് അനുസരിച്ച് വരുമാനവും ചാഞ്ചാടും. ഒരു ഫണ്ട് 80ൽപരം ഓഹരികൾ കൈവശം വെക്കുന്നുണ്ടെങ്കിൽ അതൊരു സൂചിക പോലെയാണ് പെരുമാറുക. അതും ലക്ഷ്യം ദുർബലമാക്കുന്നു.
ശരിയായി രൂപപ്പെടുത്തിയ മ്യൂച്വൽ ഫണ്ട് കൃത്യമായി തെരഞ്ഞെടുത്ത, കൃത്യമായി കേന്ദ്രീകരിച്ചു നിൽക്കുന്ന ഒന്നായിരിക്കും. വൈവിധ്യമുള്ള, ഒപ്പം കൃത്യമായ ലക്ഷ്യമുള്ള ഒന്നായിരിക്കും. അങ്ങനെയല്ലെങ്കിൽ, കൃത്യമായ വിശകലനം ആവശ്യമാണ്.
മ്യൂച്വൽ ഫണ്ട് പോർട്ട്ഫോളിയോ സന്തുലിതമാക്കി മാറ്റിയെടുക്കുന്നത് രായ്ക്കുരാമാനം നടക്കുന്ന കാര്യമല്ല. അതിന് സമയം വേണം. വിൽപന നടത്തിയും ചിന്തിച്ചു ക്രമീകരിച്ചും ചിട്ടപ്പെടുത്താൻ ചിലപ്പോൾ ഏതാനും മാസങ്ങൾ തന്നെ എടുത്തെന്നിരിക്കും. ലക്ഷ്യം വ്യക്തതയും നിശ്ചയദാർഡ്യവുമായിരിക്കണം. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളോടും സമയത്തോടും റിസ്ക് എടുക്കാനുള്ള ശേഷിയോടും ചേർന്നു നിൽക്കുന്ന മൂന്നോ നാലോ ഫണ്ട് മതി. എത്ര ഫണ്ട് കൈയിലുണ്ട് എന്നതല്ല പാകത വന്ന നിക്ഷേപകന്റെ ലക്ഷണം. ലക്ഷ്യം നിറവേറ്റുന്നതിന് ആവശ്യമായ ഏതാനും എണ്ണം എങ്ങനെ തെരഞ്ഞെടുത്തു എന്നതാണ്.
(ഈ കുറിപ്പ് പഠനാവശ്യം മുൻനിർത്തിയാണ്. ‘ധനം’ നൽകുന്ന സാമ്പത്തിക ഉപദേശമായി കണക്കാക്കരുത്. നിക്ഷേപം നടത്തുന്നവർ അന്തിമ തീരുമാനമെടുക്കുന്നതിനു മുമ്പ് ഒരു അംഗീകൃത കൺസൾട്ടന്റിന്റെ സഹായം തേടണം)
Read DhanamOnline in English
Subscribe to Dhanam Magazine