പ്രതീകാത്മക ചിത്രം (Image Courtesy: Canva/epfindia.gov.in) 
Personal Finance

ശമ്പളം വർധിക്കണോ അതോ പെൻഷൻ വർധിക്കണോ! പി.എഫ് വിഹിതം 12%, 9% അതോ ₹1,800 മതിയോ? ഏതാണ് മികച്ച ഓപ്ഷൻ?

പുതിയ ഇ.പി.എഫ് സ്കീമിൽ പി.എഫ് വിഹിതം തിരഞ്ഞെടുക്കുന്നതിന് മുമ്പ് ശമ്പള ഘടനയും കമ്പനിയുടെ നയവും മനസ്സിലാക്കണം. കൈയിൽ കൂടുതൽ ശമ്പളമോ ദീർഘകാല വിരമിക്കൽ സമ്പാദ്യമോ എന്നത് നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളെ ആശ്രയിച്ചിരിക്കും

Dhanam News Desk

പുതിയ ഇ.പി.എഫ് സ്കീം-2026 പ്രകാരം ജീവനക്കാർക്ക് അടിസ്ഥാന ശമ്പളത്തിന്റെ 12%, 9% അല്ലെങ്കിൽ 1,800 രൂപ എന്നിങ്ങനെ പി.എഫ് വിഹിതം നൽകുന്നത് സംബന്ധിച്ച വിവിധ ഓപ്ഷനുകൾ ലഭ്യമാണ്. 12% തിരഞ്ഞെടുക്കുന്നത് കോമ്പൗണ്ടിംഗ് ഗുണം പരമാവധി ഉപയോഗപ്പെടുത്തി റിട്ടയർമെന്റ് സമ്പാദ്യം ഉറപ്പാക്കും. 9% ഇടത്തരം വരുമാനക്കാർക്ക് പ്രതിമാസ ചെലവുകൾ കൈകാര്യം ചെയ്യാൻ സഹായകരം. ₹1,800 ഓപ്ഷൻ, ഇപ്പോൾ കൂടുതൽ പണം അത്യാവശ്യമായവർക്കും കർശന നിക്ഷേപ അച്ചടക്കം പാലിക്കുന്നവർക്കും മാത്രം അനുയോജ്യം.

പുതിയ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സ്‌കീം (EPF Scheme 2026) നിലവിൽ വന്നതോടെ ഭൂരിഭാഗം ശമ്പളക്കാരായ ജീവനക്കാർക്കും മുന്നിൽ പല കമ്പനികളും ഒരു പ്രധാന ഓപ്ഷൻ വെച്ചിരിക്കുകയാണ്. അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനമോ അല്ലെങ്കിൽ 9 ശതമാനമോ അതല്ലെങ്കിൽ നിയമപ്രകാരമുള്ള നിർബന്ധിത വിഹിതമായ 1,800 രൂപ വീതം പ്രതിമാസം പി.എഫിലേക്ക് മാറ്റുക. കേൾക്കുമ്പോൾ ലളിതമെന്ന് തോന്നാമെങ്കിലും ഇത് നിങ്ങളുടെ പ്രതിമാസ വരുമാനത്തെയും (Take-home Pay) ദീർഘകാല നിക്ഷേപങ്ങളെയും വലിയ രീതിയിൽ ബാധിക്കും.

പുതിയ പി.എഫ് നിയമപ്രകാരം ലഭ്യമായ വിവിധ ഓപ്ഷനുകളിൽ നിന്നും ഏത് തിരഞ്ഞെടുക്കണം എന്നത് നിങ്ങളുടെ ദീ‌ർഘകാല സാമ്പത്തിക ലക്ഷ്യങ്ങളെയും നിലവിലുള്ള കടബാധ്യതകളെയും ആശ്രയിച്ചിരിക്കുന്നു. വിശദമായി പരിശോധിക്കാം.

ഏത് ഓപ്ഷൻ എപ്പോൾ തിരഞ്ഞെടുക്കണം?

  • 12% ഓപ്ഷൻ: ദീർഘകാലാടിസ്ഥാനത്തിൽ റിട്ടയർമെന്റ് കാലത്തേക്ക് ഒരു വലിയ തുക സുരക്ഷിതമായി മാറ്റിവെക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഓപ്ഷൻ തിരഞ്ഞെടുക്കാം. ഇത് കോമ്പൗണ്ടിംഗിന്റെ (Compounding) പരമാവധി ഗുണം നേടിത്തരുന്നു.

  • 9% ഓപ്ഷൻ: ഇടത്തരം വരുമാനക്കാർക്ക് അനുയോജ്യമായ വഴിയാണിത്. ഭവന വായ്പ ഇ.എം.ഐ, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ പ്രതിമാസ ചെലവുകൾ ഉള്ളവർക്ക് കയ്യിൽ കൂടുതൽ പണം ലഭിക്കുന്നതിനൊപ്പം പി.എഫിലേക്ക് മാന്യമായ തുക തുടരാനും ഇത് സഹായിക്കും.

  • ₹1,800 ഫിക്സഡ് ഓപ്ഷൻ: പരമാവധി പണം ഇപ്പോൾ ആവശ്യമുണ്ടെങ്കിൽ മാത്രം ഈ ഓപ്ഷൻ സ്വീകരിക്കാം. എന്നാൽ പി.എഫിൽ കുറയുന്ന തുക അതിനേക്കാൾ ഉയർന്ന റിട്ടേൺ തരുന്ന മ്യൂച്വൽ ഫണ്ടുകളിലോ നാഷണൽ പെൻഷൻ സിസ്റ്റത്തിലോ (NPS) കൃത്യമായി നിക്ഷേപിക്കാനുള്ള അച്ചടക്ക ശീലമുള്ളവർക്ക് മാത്രമേ ഈ ഓപ്ഷൻ ദീർ​ഘകാലയളവിൽ ഗുണം ചെയ്യൂ.

ശ്രദ്ധിക്കാതെ പോകുന്ന കെണി

പി.എഫ് ശതമാനം കുറയ്ക്കുന്നത് വഴി കയ്യിൽ കിട്ടുന്ന ശമ്പളം നേരിട്ട് കൂടും എന്ന് കരുതരുത്. ഇ.പി.എഫ് നിയമപ്രകാരം അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനം വീതമാണ് ജീവനക്കാരും തൊഴിലുടമയും ചേർന്ന് പ്രോവിഡന്റ് ഫണ്ടിലേക്കുള്ള വിഹിതമായി നൽകേണ്ടത്. എന്നാൽ ഫ്ലെക്സി സ്കീം വഴി നിങ്ങൾ കുറഞ്ഞ ശതമാനമോ 1,800 രൂപയോ ആണ് തിരഞ്ഞെടുക്കുന്നതെങ്കിൽ, അതിനനുസരിച്ച് കമ്പനിയുടെ (Employer) പി.എഫ് വിഹിതവും കുറയും.

കമ്പനിയുടെ ഭാ​ഗത്തു നിന്നും ഈ കുറയുന്ന വിഹിതം നിങ്ങളുടെ കൈയിലേക്ക് ശമ്പളമായി തിരികെ നൽകാൻ നിയമപ്രകാരം തൊഴിലുടമ ബാധ്യസ്ഥനല്ല. ഇത് കമ്പനിയുടെ ശമ്പള ഘടനയെയും (CTC structure) പോളിസിയെയും ആശ്രയിച്ചിരിക്കും.

എച്ച്.ആറിൽ നിന്നും വ്യക്തത തേടുക

പി.എഫ് വിഹിതം എത്രത്തോളം വേണമെന്നതിൽ ഒരു തീരുമാനം എടുക്കുന്നതിന് മുൻപ് ഓരോ ജീവനക്കാരനും കമ്പനിയുടെ എച്ച്.ആർ ഡിപ്പാർട്ട്മെന്റിനോട് നേരിട്ട് ചോദിക്കേണ്ട ഒരു പ്രധാന ചോദ്യമുണ്ട്.

"താൻ കുറഞ്ഞ പി.എഫ് വിഹിതം (9% അല്ലെങ്കിൽ 1,800 രൂപ) തിരഞ്ഞെടുത്താൽ, കമ്പനിയുടെ കുറയുന്ന പി.എഫ് വിഹിതം തന്റെ സി.ടി.സി (Cost to Company) മാറ്റമില്ലാതെ നിലനിർത്തിക്കൊണ്ട് മറ്റ് അലവൻസുകളായി ശമ്പളത്തിൽ തിരികെ ചേർക്കുമോ?" ഇതിന് 'അതെ' എന്നാണ് മറുപടിയെങ്കിൽ മാത്രമേ നിങ്ങളുടെ കൈയിൽ കിട്ടുന്ന ശമ്പളം വർധിക്കുകയുള്ളൂ. മറിച്ചാണെങ്കിൽ, നിങ്ങളുടെ റിട്ടയർമെന്റ് സമ്പാദ്യത്തിൽ കുറവുണ്ടാകുമെന്ന് മാത്രമല്ല കയ്യിൽ കിട്ടുന്ന ശമ്പളത്തിൽ യാതൊരു വർധനയും ഉണ്ടാവുകയുമില്ല.

ചുരുക്കത്തിൽ കൈവശം ലഭിക്കുന്ന അധിക പണം ചെലവാക്കാതെ നിക്ഷേപിക്കാനുള്ള അച്ചടക്കമുണ്ടെങ്കിൽ മാത്രം കുറഞ്ഞ പി.എഫ് വിഹിതം തിരഞ്ഞെടുക്കുക. അല്ലെങ്കിൽ, റിട്ടയർമെന്റ് കാലത്തെ സാമ്പത്തിക സുരക്ഷിതത്വത്തിനായി 12 ശതമാനം തന്നെ പി.എഫ് വിഹിതം തുടരുന്നതാണ് ഉചിതം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT