Personal Finance

കടമില്ല, ക്രെഡിറ്റ് കാര്‍ഡുമില്ല; എന്നിട്ടും ബാങ്കിന് നിങ്ങളെ വിശ്വാസമില്ലാത്തത് എന്തുകൊണ്ട്?

ക്രെഡിറ്റ് ഹിസ്റ്ററി ഇല്ലാത്തത് പോരായ്മയല്ല. പക്ഷേ അത് നിങ്ങളുടെ ലോണ്‍ അപേക്ഷയെ തളര്‍ത്തും

Dhanam News Desk

ഒരു വായ്പ അപേക്ഷ ലഭിക്കുമ്പോള്‍ ബാങ്ക് ആദ്യം നോക്കുന്നത് അപേക്ഷകന്‍ മുമ്പെടുത്ത ലോണ്‍ എങ്ങനെ തിരിച്ചടച്ചു എന്നാണ്. ഇതുവരെ ഒരു വായ്പയോ ക്രെഡിറ്റ് കാര്‍ഡോ ഉപയോഗിക്കാത്തവരുടെ റിപ്പോര്‍ട്ടില്‍ സ്‌കോറിന് പകരം 'NA/NH' എന്നാണ് കാണുക. ഇത് മോശം സ്‌കോര്‍ അല്ല, വിവരങ്ങളുടെ അഭാവം മാത്രമാണ്. പക്ഷേ വിലയിരുത്താന്‍ ഡാറ്റ ഇല്ലാത്തതിനാല്‍ ബാങ്കുകള്‍ പലപ്പോഴും കരുതലോടെയാണ് ഇവരെ സമീപിക്കുന്നത്.

ടാന്‍സ്യൂണിയന്‍ സിബില്‍ കണക്കുകള്‍ പ്രകാരം 2017 മാര്‍ച്ച് പാദത്തില്‍ റീട്ടെയില്‍ വായ്പകളുടെ 32 ശതമാനം ആദ്യമായി വായ്പയെടുക്കുന്നവര്‍ക്കായിരുന്നു. 2026 മാര്‍ച്ച് പാദത്തില്‍ ഇത് 13 ശതമാനമായി കുറഞ്ഞു. പുതിയ ക്രെഡിറ്റ് കാര്‍ഡുകളില്‍ 10ല്‍ 7 എണ്ണവും ലഭിക്കുന്നത് നിലവില്‍ കാര്‍ഡ് ഉള്ളവര്‍ക്കാണ്.

അതേസമയം പുതുതായി കാര്‍ഡ് എടുക്കുന്നവരില്‍ പകുതിയും 30 വയസോ അതില്‍ താഴെയോ ഉള്ളവരാണ്. 2022ല്‍ ഇത് 43 ശതമാനമായിരുന്നു. തുടക്കക്കാര്‍ക്ക് പ്രവേശനം കടുപ്പമാണെങ്കിലും പുതുതലമുറ ക്രെഡിറ്റ് ഹിസ്റ്ററി ഉണ്ടാക്കിത്തുടങ്ങിയെന്ന് ഈ കണക്കുകള്‍ കാണിക്കുന്നു.

ഹിസ്റ്ററി ഉണ്ടാക്കാന്‍ അഞ്ച് ചുവടുകള്‍

ചെറുതായി തുടങ്ങുക: താങ്ങാവുന്ന പരിധിയുള്ള ക്രെഡിറ്റ് കാര്‍ഡ്, ഫിക്സഡ് ഡെപ്പോസിറ്റിന് ഈടായി ലഭിക്കുന്ന സെക്യൂര്‍ഡ് കാര്‍ഡ്, അല്ലെങ്കില്‍ ചെറിയ ഇഎംഐ. വലിയ വായ്പയല്ല, തിരിച്ചടവിലെ സ്ഥിരതയാണ് ഹിസ്റ്ററി ഉണ്ടാക്കുന്നത്.

ഒരു തവണ പോലും മുടക്കരുത്: ഇഎംഐയും കാര്‍ഡ് ബില്ലും കൃത്യസമയത്ത് അടയ്ക്കുക. ഇതിനായി ഓട്ടോ-ഡെബിറ്റ് സൗകര്യം ഉപയോഗപ്പെടുത്താം.

പരിധി തീര്‍ക്കരുത്: ലോണ്‍ ലിമിറ്റിന്റെ ഏകദേശം 30 ശതമാനത്തില്‍ താഴെ ഉപയോഗിക്കുന്നതാണ് നല്ലതെന്ന് ധനകാര്യ വിദഗ്ധര്‍.

ഒരേസമയം പല അപേക്ഷകള്‍ വേണ്ട: ഓരോ അപേക്ഷയിലും ബാങ്ക് റിപ്പോര്‍ട്ട് പരിശോധിക്കും (ഹാര്‍ഡ് എന്‍ക്വയറി). ഇത് ആവര്‍ത്തിച്ചാല്‍ 'കടത്തിനോട് ആര്‍ത്തി' ഉള്ളയാളായി വിലയിരുത്തപ്പെടാം.

റിസര്‍വ് ബാങ്കിന്റെ പുതിയ നിര്‍ദേശം അനുസരിച്ച് ബാങ്കുകളും എന്‍ബിഎഫ്‌സികളും ആഴ്ചതോറും വായ്പ വിവരങ്ങള്‍ ബ്യൂറോകള്‍ക്ക് കൈമാറണം. നേരത്തെ ഇത് രണ്ടാഴ്ച കൂടുമ്പോഴായിരുന്നു. സ്‌കോര്‍ കണക്കാക്കുന്ന രീതി മാറിയിട്ടില്ല. പക്ഷേ നല്ല തിരിച്ചടവും വീഴ്ചയും റിപ്പോര്‍ട്ടില്‍ ഇനി വേഗത്തില്‍ പ്രതിഫലിക്കും.

കേരളത്തിലെ പ്രത്യേകത

ചിട്ടി, കൈവായ്പ പോലുള്ള ബ്യൂറോ രേഖയില്‍ വരാത്ത ഇടപാടുകള്‍ കൃത്യമായി തിരിച്ചടച്ചാലും ബാങ്ക് അപേക്ഷയില്‍ അതിന് പ്രയോജനം കിട്ടണമെന്നില്ല. ഗള്‍ഫില്‍ നിന്ന് മടങ്ങിയെത്തി ബിസിനസ് തുടങ്ങുന്നവര്‍ക്കും ഇന്ത്യയില്‍ ക്രെഡിറ്റ് ഹിസ്റ്ററി ഇല്ലാത്ത സ്ഥിതിയുണ്ടാകാം. മെച്ചപ്പെട്ട സ്‌കോര്‍ ഉള്ളവര്‍ക്ക് ഭവന, വാഹന, ബിസിനസ് വായ്പകളില്‍ അംഗീകാരത്തിനും കുറഞ്ഞ പലിശയ്ക്കും സാധ്യത കൂടും.

ശ്രദ്ധിക്കേണ്ടത്: സ്‌കോര്‍ ഉണ്ടാക്കാന്‍ വേണ്ടി മാത്രം വലിയ കടം എടുക്കരുത്. പുതിയ കാര്‍ഡ് ഉപയോക്താക്കളില്‍ നാലിലൊന്ന് പേര്‍ക്കും കാര്‍ഡ് ലഭിക്കുമ്പോള്‍ ത്തന്നെ മൂന്നോ അതിലധികമോ വായ്പകളുണ്ടായിരുന്നുവെന്ന് സിബില്‍ കണക്കുകള്‍ പറയുന്നു. ചെറുതും കൃത്യവുമായ തിരിച്ചടവ് ആറ് മുതല്‍ പന്ത്രണ്ട് മാസം തുടര്‍ന്നാല്‍ ഭദ്രമായ ഒരു പ്രൊഫൈല്‍ രൂപപ്പെടും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT