Image : rupay.co.in 
Personal Finance

യു.പി.ഐയില്‍ ക്രെഡിറ്റ് കാര്‍ഡും ചേര്‍ക്കാം, എളുപ്പമാര്‍ഗം ഇതാ

ഫോണ്‍പേയില്‍ മാത്രം ഇതിനകം രണ്ടുലക്ഷത്തോളം റൂപേ ക്രെഡിറ്റ് കാര്‍ഡുകള്‍ ബന്ധിപ്പിക്കപ്പെട്ട് കഴിഞ്ഞു

Anilkumar Sharma

യു.പി.ഐ ഉപയോഗം ഇന്ത്യയില്‍ വ്യാപകമായി കഴിഞ്ഞു. ചെറിയ തട്ടുകട മുതല്‍ ആഡംബര ഉത്പന്നങ്ങള്‍ വില്‍ക്കുന്ന വന്‍കിട ഷോറൂമുകളില്‍ പോലും ഇപ്പോള്‍ ക്യു.ആര്‍ കോഡുകളും പ്രദര്‍ശിപ്പിച്ചിരിക്കുന്നത് കാണാം. നമ്മുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചാണല്ലോ യു.പി.ഐയുടെ ഉപയോഗം.

ബാങ്ക് അക്കൗണ്ടിലെ ബാലന്‍സിന് അനുസരിച്ചേ നമുക്കത് ഉപയോഗിക്കാനും കഴിയൂ. അക്കൗണ്ടില്‍ ആവശ്യത്തിന് ബാലന്‍സ് ഇല്ലെങ്കിലോ... ഇത്തരം പ്രയാസങ്ങള്‍ നേരിടുന്നത് ഒഴിവാക്കാന്‍ ഇനി നമുക്ക് യു.പി.ഐ അക്കൗണ്ടുമായി ക്രെഡിറ്റ് കാര്‍ഡും ബന്ധിപ്പിക്കാം. ഇതിന് റിസര്‍വ് ബാങ്കും നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും (എന്‍.പി.സി.ഐ) അനുമതി നല്‍കിക്കഴിഞ്ഞു.

വേണം റൂപേ ക്രെഡിറ്റ് കാര്‍ഡ്

എല്ലാ ക്രെഡിറ്റ് കാര്‍ഡുകളും യു.പി.ഐ ആപ്പുമായി ബന്ധിപ്പിക്കാനാവില്ല. എന്‍.പി.സി.ഐ പുറത്തിറക്കിയ, ഇന്ത്യയുടെ സ്വന്തം ക്രെഡിറ്റ് കാര്‍ഡായ റൂപ്പേ ക്രെഡിറ്റ് കാര്‍ഡ് യു.പി.ഐയുമായി ബന്ധിപ്പിക്കാനാണ് നിലവില്‍ അനുമതിയുള്ളത്.

അക്കൗണ്ടുള്ള ബാങ്കില്‍ നിന്ന് റൂപേ ക്രെഡിറ്റ് കാര്‍ഡ് നേടാനാണ് ആദ്യം ഉപഭോക്താവ് ശ്രമിക്കേണ്ടത്. കാര്‍ഡ് ലഭിച്ചശേഷം അത്, ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ അനുവദിക്കുന്ന യു.പി.ഐ ആപ്പുമായി (ഉദാഹരണത്തിന് ഫോണ്‍പേ) ബന്ധിപ്പിക്കണം.

കാർഡ് കൈയിൽ കൊണ്ടുനടക്കേണ്ട

എസ്.ബി.ഐ., ബാങ്ക് ഓഫ് ബറോഡ, എച്ച്.ഡി.എഫ്.സി ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് തുടങ്ങിയവയുടെ റൂപേ കാര്‍ഡ് ഇത്തരത്തില്‍ യു.പി.ഐ ആപ്പുമായി ബന്ധിപ്പിച്ച് ഉപയോഗിക്കാം. കടകളിലും മറ്റും യു.പി.ഐ ആപ്പ് വഴി ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണം അയക്കാനും കഴിയും. ഇടപാട് മൊബൈല്‍ ആപ്പ് വഴിയായതിനാല്‍ ക്രെഡിറ്റ് കാര്‍ഡ് കൈയില്‍ കൊണ്ടുനടക്കുകയും വേണ്ട.

പർച്ചേസിംഗ് ആവശ്യങ്ങൾക്ക് മാത്രമേ യു.പി.ഐ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാനാകൂ. വ്യക്തികൾ തമ്മിൽ പണംകൈമാറാൻ മാനദണ്ഡം അനുവദിക്കുന്നില്ല.

ഫോണ്‍പേയില്‍ മാത്രം ഇതിനകം രണ്ടുലക്ഷത്തോളം റൂപേ ക്രെഡിറ്റ് കാര്‍ഡുകള്‍ ബന്ധിപ്പിക്കപ്പെട്ട് കഴിഞ്ഞു എന്നാണ് കണക്ക്. 150 കോടിയോളം രൂപയുടെ ഇടപാടുകളും നടന്നു. ക്രെഡിറ്റ് കാര്‍ഡ് ആയതിനാല്‍, ബാങ്ക് അക്കൗണ്ടില്‍ ബാലന്‍സ് കുറവാണെന്ന ആശങ്കയും ആവശ്യമില്ല. പണം നിശ്ചിത കാലയളവിനകം ബാങ്കില്‍ തിരിച്ചടച്ചാല്‍ മതിയാകും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT