Personal Finance

സാമ്പത്തികമായി ബുദ്ധിമുട്ടാതിരിക്കാൻ പ്രവാസികളുടെ കുടുംബാംഗങ്ങൾ തീർച്ചയായും ഇവ ചെയ്തിരിക്കണം

Dhanam News Desk

പ്രവാസിയുടെ ജീവിതത്തിന് രണ്ട് തലങ്ങളാണുള്ളത്. ഒന്ന് പ്രവാസജീവിതം എന്ന തലം, മറ്റൊന്ന് അയാളുടെ കുടുംബം. ഒരാള്‍ പണം സമ്പാദിക്കുമ്പോള്‍ മറ്റൊരു കൂട്ടര്‍ അത് ചെലവ് ചെയ്യുന്നു. എന്നാല്‍ വരുമാനം നിലയ്ക്കുന്ന സാഹചര്യത്തില്‍ തുടര്‍ന്ന് ജീവിക്കാനുള്ള വക ഉണ്ടാക്കേണ്ടതിന്റെ പ്രാഥമിക ചുമതല നാട്ടില്‍ കഴിയുന്ന പ്രവാസികളുടെ കുടുംബത്തിനുണ്ട്. പ്രവാസികള്‍ അയയ്ക്കുന്ന പണത്തില്‍ നല്ലൊരു പങ്ക് ജീവിത നിലവാരം ഉയര്‍ത്തുന്നതിനാണ് അയാളുടെ കുടുംബം ചെലവഴിക്കുന്നത്. ഇതോടൊപ്പം മുന്തിയ ഇനം വാഹനം വാങ്ങുന്നതിലും തുടരെ അനാവശ്യ ഷോപ്പിംഗ് നടത്താനും വരുമാനത്തിന്റെ നല്ലൊരു പങ്ക് ഉപയോഗിക്കുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ പ്രവാസികള്‍ അയച്ചുകൊടുക്കുന്ന പണത്തില്‍ 40 ശതമാനത്തോളം സ്ഥിരനിക്ഷേപം, ഇന്‍ഷുറന്‍സ്, കടപ്പത്രങ്ങള്‍, സ്വര്‍ണത്തിലെ നിക്ഷേപം എന്നിവയിലേക്ക് വഴിതിരിച്ച് വിടുകയാണ് വേണ്ടത്.

നിക്ഷേപത്തില്‍ സുരക്ഷ, വരുമാനം, നികുതി, ലിക്വിഡിറ്റി എന്നീ ഘടകങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കണം. ഇതിന് യാഥാസ്ഥിതിക മാര്‍ഗങ്ങളായ, പബ്ലിക് പ്രോവിഡന്റ് ഫണ്ട്, പോസ്റ്റ് ഓഫീസ് സേവിംഗ്സ്, ബാങ്കുകളുടെ സ്ഥിരനിക്ഷേപങ്ങള്‍ എന്നിവയാണ് നല്ലത്. റിയല്‍ എസ്റ്റേറ്റ് നിക്ഷേപ മാര്‍ഗങ്ങള്‍ ഉണ്ടെങ്കിലും ഇവയ്ക്ക് ലിക്വിഡിറ്റി കുറവാണ്. നികുതി നല്‍കേണ്ടി വരുമെങ്കിലും നാട്ടിലെ നിക്ഷേപമാര്‍ഗങ്ങള്‍ തന്നെയാണ് പ്രവാസി നിക്ഷേപത്തിന് അഭികാമ്യം.

പ്രവാസികളുടെ വരുമാനം സംബന്ധിച്ച് കുടുംബത്തില്‍ ഉള്ളവര്‍ക്ക് കൃത്യമായ ധാരണ ഉണ്ടാകണമെന്നില്ല. അതുകൊണ്ട് തങ്ങള്‍ക്ക് ഏറ്റവും അധികം സാമ്പത്തികമായി ഇണങ്ങുന്ന ഒരു ജീവിത നിലവാരം രൂപപ്പെടുത്തിയെടുക്കുകയാണ് പ്രവാസി കുടുംബങ്ങള്‍ ആത്യന്തികമായി ചെയ്യേണ്ടത്. പ്രവാസത്തിന്റെ കാലഘട്ടം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയാലും ഈ ജീവിതനിലവാരം നിലനിര്‍ത്താന്‍ സാധിക്കണം എന്ന് കരുതി കൃത്യമായ മാര്‍ഗരേഖ ഇപ്പോഴെ രൂപപ്പെടുത്തുക.

പ്രവാസികള്‍ വരുത്തുന്ന തെറ്റുകള്‍
  1. കൃത്യമായി അറിവില്ലാത്ത നിക്ഷേപമാര്‍ഗങ്ങളില്‍ പണം നിക്ഷേപിക്കുക.
  2. നികുതി കൊടുക്കുന്നത് പേടിച്ച് ബാങ്കുകളുടെ എന്‍.ആര്‍.ഐ എക്കൗണ്ടില്‍ തന്നെ പണം നിക്ഷേപിക്കുക.
  3. സ്ഥലവിലയെ സംബന്ധിച്ചും സ്ഥലം വാങ്ങല്‍ സംബന്ധിച്ച നിയമ നടപടികളെക്കുറിച്ചും കൃത്യമായ ധാരണയില്ലാതെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപിക്കുക
  4. തൊഴില്‍ സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കാതെ ജീവിത നിലവാരം പെട്ടെന്ന് ഉയര്‍ത്തുക.

(ലേഖനം 2010 ഓഗസ്റ്റില്‍ ധനം പ്രസിദ്ധീകരിച്ചത്)

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Dhanam YouTube Channel – youtube.com/dhanammagazine

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT