പ്രതീകാത്മക ചിത്രം Image Source: Canva
Personal Finance

സ്വര്‍ണം ഡീമാറ്റില്‍ സൂക്ഷിക്കാം, സ്വര്‍ണമായി കൈപ്പറ്റാം, ഇലക്‌ട്രോണിക് ഗോള്‍ഡ് റസീപ്റ്റിനെക്കുറിച്ച് അറിയേണ്ടതെല്ലാം

ഓഗ്മണ്ടുമായി ചേര്‍ന്നുള്ള വ്യാപാരത്തിന്റെ ആദ്യദിനം രാത്രി 10 വരെ 33.11 കോടി രൂപയുടെ ഇടപാട്. ഡീമാറ്റില്‍ സ്വര്‍ണം സൂക്ഷിക്കാനും പിന്നീട് സ്വര്‍ണമായി കൈപ്പറ്റാനും വഴിയൊരുക്കുന്ന ഇലക്ട്രോണിക് ഗോള്‍ഡ് റസീപ്റ്റ് എങ്ങനെ വാങ്ങാം, എന്തൊക്കെ ചെലവുണ്ട്?

Dhanam News Desk

100 മില്ലിഗ്രാം സ്വര്‍ണത്തിന് തുല്യമായ യൂണിറ്റ് ഓഹരി വാങ്ങുന്നതുപോലെ വാങ്ങി ഡീമാറ്റ് അക്കൗണ്ടില്‍ സൂക്ഷിക്കാം. ആവശ്യമെങ്കില്‍ അത് എക്സ്ചേഞ്ചില്‍ വില്‍ക്കാം. നിശ്ചിത അളവില്‍ എത്തിയാല്‍ സ്വര്‍ണമായും കൈപ്പറ്റാം. നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെ (എന്‍എസ്ഇ) ഇലക്ട്രോണിക് ഗോള്‍ഡ് റെസീപ്റ്റ് അഥവാ ഇജിആര്‍ (EGR) വ്യാപാരം സാധാരണ നിക്ഷേപകര്‍ക്ക് നല്‍കുന്ന സൗകര്യമാണിത്.

ഓഗ്മണ്ട് എന്റര്‍പ്രൈസസുമായി ചേര്‍ന്നുള്ള വ്യാപാരം നടന്ന നവംബര്‍ 6ന് വൈകിട്ട് 4.25 വരെ 1,60,357 യൂണിറ്റുകളാണ് കൈമാറിയത്. ഇടപാട് മൂല്യം 23.34 കോടി രൂപ. ഒരു ഘട്ടത്തില്‍ യൂണിറ്റ് വില 1,450.50 രൂപക്കും 1,460 രൂപക്കും ഇടയിലായിരുന്നു. രാത്രി 10 വരെയുള്ള കണക്കില്‍ വ്യാപാരം 2,27,444 യൂണിറ്റായും മൂല്യം 33.11 കോടിയായും ഉയര്‍ന്നു.

ഡീമാറ്റില്‍ എത്തുന്നത് എന്ത്?

നിശ്ചിത തൂക്കവും ശുദ്ധിയുമുള്ള സ്വര്‍ണത്തെ പ്രതിനിധീകരിക്കുന്ന, എക്സ്ചേഞ്ചില്‍ വ്യാപാരം ചെയ്യാവുന്ന സെക്യൂരിറ്റിയാണ് ഇജിആര്‍. സ്വര്‍ണം സെബിയില്‍ രജിസ്റ്റര്‍ ചെയ്ത വോള്‍ട്ട് മാനേജറുടെ സംഭരണകേന്ദ്രത്തിലും അതിനെ പ്രതിനിധീകരിക്കുന്ന യൂണിറ്റ് നിക്ഷേപകന്റെ ഡീമാറ്റ് അക്കൗണ്ടിലുമാണ് സൂക്ഷിക്കുന്നത്. എന്‍എസ്ഇയില്‍ 995, 999 ശുദ്ധിയുള്ള ഇജിആറുകള്‍ വിവിധ തൂക്കങ്ങളില്‍ ലഭ്യമാണ്. 999 എന്നത് 99.9% ശുദ്ധിയെയാണ് സൂചിപ്പിക്കുന്നത്.

വാങ്ങാനും വില്‍ക്കാനും

സജീവമായ ട്രേഡിങ്, ഡീമാറ്റ് അക്കൗണ്ടുകള്‍ വേണം. നിലവിലെ ബ്രോക്കര്‍ എന്‍എസ്ഇയുടെ ഇജിആര്‍ വിഭാഗത്തില്‍ വ്യാപാരം അനുവദിക്കുന്നുണ്ടോ എന്ന് ആദ്യം പരിശോധിക്കണം. സൗകര്യമുണ്ടെങ്കില്‍ ബ്രോക്കറുടെ പ്ലാറ്റ്ഫോമില്‍ ട്രേഡിങ് സിംബല്‍ തിരഞ്ഞ്, ശുദ്ധിയും യൂണിറ്റിന്റെ തൂക്കവും ഉറപ്പാക്കി, ആവശ്യമായ എണ്ണം രേഖപ്പെടുത്തി വാങ്ങല്‍ ഓര്‍ഡര്‍ നല്‍കാം. ഉദാഹരണത്തിന്, `GLD100MG99` എന്ന സിംബലിലെ ഒരു യൂണിറ്റ് 999 ശുദ്ധിയുള്ള 100 മില്ലിഗ്രാം സ്വര്‍ണത്തിന് തുല്യമാണ്.

ഓര്‍ഡര്‍ നടപ്പായാല്‍ അടുത്ത പ്രവൃത്തിദിവസമാണ് സെറ്റില്‍മെന്റ് (T+1). വാങ്ങിയ യൂണിറ്റുകള്‍ ഡീമാറ്റ് അക്കൗണ്ടിലെത്തും. പിന്നീട് അതേ സിംബലില്‍ വില്‍പ്പന ഓര്‍ഡര്‍ നല്‍കാം. എക്സ്ചേഞ്ച് അവധികള്‍ ഒഴികെ തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 9 മുതല്‍ രാത്രി 11.30 വരെയോ 11.55 വരെയോ ആണ് വ്യാപാരം. യുഎസിലെ ഡേലൈറ്റ് സേവിങ് സമയക്രമം അനുസരിച്ചാണ് അവസാന സമയം മാറുന്നത്.

100 മില്ലിഗ്രാം വാങ്ങാം, കൈപ്പറ്റാന്‍ ഒരു ഗ്രാം വേണം

`GLD100MG99` ഒരു യൂണിറ്റ് വീതം വാങ്ങാം. ഈ സിംബലില്‍ സ്വര്‍ണമായി പിന്‍വലിക്കാനുള്ള കുറഞ്ഞ അളവ് ഒരു ഗ്രാമാണ്. അതിന് 10 യൂണിറ്റ് വേണം. പിന്‍വലിക്കല്‍ പരിധി സിംബല്‍ അനുസരിച്ച് മാറും. ഉദാഹരണത്തിന്, 999 ശുദ്ധിയുള്ള 10 മില്ലിഗ്രാം യൂണിറ്റിന്റെ (`GLD10MG99`) കുറഞ്ഞ പിന്‍വലിക്കല്‍ അളവ് 100 മില്ലിഗ്രാമാണ്. അതിനാല്‍ വാങ്ങാനുള്ള കുറഞ്ഞ അളവും സ്വര്‍ണമായി കൈപ്പറ്റാനുള്ള കുറഞ്ഞ അളവും പ്രത്യേകം പരിശോധിക്കണം.

സ്വര്‍ണമായി കൈപ്പറ്റാന്‍ ഡീമാറ്റ് സേവനം നല്‍കുന്ന ഡെപ്പോസിറ്ററി പാര്‍ട്ടിസിപ്പന്റ് (ഡിപി) വഴി പിന്‍വലിക്കല്‍ അപേക്ഷ നല്‍കാം. തിരഞ്ഞെടുത്ത അംഗീകൃത കേന്ദ്രത്തില്‍ ആവശ്യമായ അളവിലുള്ള സ്വര്‍ണം ലഭ്യമാണെങ്കില്‍ വോള്‍ട്ട് മാനേജര്‍ അവിടെ നിന്ന് അത് കൈമാറും. സ്വര്‍ണം കൈപ്പറ്റുന്നതോടെ അതിന് തുല്യമായ ഇജിആര്‍ യൂണിറ്റുകള്‍ ഡീമാറ്റില്‍ നിന്ന് നീക്കും. വോള്‍ട്ട് മാനേജര്‍ പിന്‍വലിക്കല്‍ ഫീസ് ഈടാക്കാം. കേന്ദ്രങ്ങളുടെ പട്ടികയും ഫീസും ഡെപ്പോസിറ്ററിയുടെ വെബ്സൈറ്റില്‍ പരിശോധിക്കാം.

വിലയ്ക്കൊപ്പം ചെലവും നോക്കണം

ബ്രോക്കറേജ്, ഡീമാറ്റ് ഇടപാട് ഫീസ്, വോള്‍ട്ടിലെ സംഭരണച്ചെലവ് എന്നിവ ബാധകമാണോ എന്ന് വാങ്ങുന്നതിന് മുമ്പ് പരിശോധിക്കാം. സ്വര്‍ണമായി കൈപ്പറ്റാനാണ് ഉദ്ദേശമെങ്കില്‍ പിന്‍വലിക്കല്‍ ഫീസും കേന്ദ്രത്തിന്റെ ദൂരവും കൂടി കണക്കിലെടുക്കണം. വില്‍ക്കുമ്പോള്‍ ആ സിംബലില്‍ എത്ര വാങ്ങല്‍ ഓര്‍ഡറുകളുണ്ടെന്നും ലഭ്യമായ മികച്ച വാങ്ങല്‍വിലയും വില്‍പ്പനവിലയും തമ്മില്‍ എത്ര വ്യത്യാസമുണ്ടെന്നും നോക്കാം. സ്വര്‍ണവില താഴുമ്പോള്‍ ഇജിആറിന്റെ മൂല്യവും കുറയാം. വ്യാപാരം കുറഞ്ഞ സിംബലില്‍ പ്രതീക്ഷിച്ച വിലയ്ക്ക് ഉടന്‍ വില്‍ക്കാനും പ്രയാസപ്പെടാം.

നികുതി എപ്പോള്‍ ബാധകം?

ചട്ടപ്രകാരം സ്വര്‍ണം ഇജിആറായോ ഇജിആര്‍ സ്വര്‍ണമായോ മാറ്റുന്ന ഘട്ടത്തില്‍ മൂലധനലാഭ നികുതി ബാധകമാകില്ല. എന്നാല്‍ നിക്ഷേപമായി കൈവശം വച്ച ലിസ്റ്റഡ് ഇജിആര്‍ എക്സ്ചേഞ്ചില്‍ വില്‍ക്കുമ്പോള്‍ ലഭിക്കുന്ന ലാഭത്തിന് നികുതി ബാധകമാണ്. 12 മാസത്തില്‍ കൂടുതല്‍ കൈവശം വച്ചശേഷം വിറ്റാല്‍ ദീര്‍ഘകാല മൂലധനലാഭത്തിന് പൊതുവേ 12.5% നികുതിയാണ്. 12 മാസമോ അതില്‍ കുറവോ ആണെങ്കില്‍ ഹ്രസ്വകാല ലാഭം ബാധകമായ ആദായനികുതി സ്ലാബ് അനുസരിച്ച് കണക്കാക്കും. ഇജിആര്‍ സ്വര്‍ണമാക്കി പിന്നീട് വില്‍ക്കുമ്പോള്‍, ഇജിആര്‍ കൈവശം വച്ച കാലയളവും അത് വാങ്ങിയ ചെലവും മൂലധനലാഭ കണക്കില്‍ പരിഗണിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT