പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF) അക്കൗണ്ടിലേക്ക് എല്ലാ വര്‍ഷവും കൃത്യമായി 1.5 ലക്ഷം രൂപ വീതം നിക്ഷേപിക്കുന്നവരുണ്ടാകാം. സുരക്ഷിതവും നികുതിരഹിതവുമായ മികച്ചൊരു സമ്പാദ്യ പദ്ധതി എന്ന നിലയില്‍ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ലക്ഷക്കണക്കിന് മലയാളികളുടെ പ്രിയപ്പെട്ട നിക്ഷേപ മാര്‍ഗമാണിത്. എന്നാല്‍ നിക്ഷേപിക്കുന്ന തീയതിയിലെ ഒരു ചെറിയ അശ്രദ്ധ കാരണം ഓരോ വര്‍ഷവും നിങ്ങള്‍ക്ക് ആയിരക്കണക്കിന് രൂപ നഷ്ടപ്പെടുന്നുണ്ടെന്ന് അറിയാമോ? ഭൂരിഭാഗം നിക്ഷേപകരും ഈ തീയതിയുടെ പ്രാധാന്യം തിരിച്ചറിയാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
പി.പി.എഫില്‍ പലിശ കണക്കാക്കുന്ന രീതി കൃത്യമായി മനസിലാക്കിയാല്‍ മാത്രമേ ഈ നഷ്ടം ഒഴിവാക്കാന്‍ സാധിക്കൂ. അക്കൗണ്ടിലെ പലിശ എല്ലാ മാസവും കണക്കാക്കുമെങ്കിലും സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ (മാര്‍ച്ച് 31) മാത്രമാണ് അത് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടുന്നത്.
ഇവിടെയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള പ്രധാന നിയമം വരുന്നത്. ഓരോ മാസത്തെയും 5-ാം തീയതിക്കും അവസാന തീയതിക്കും ഇടയിലുള്ള ഏറ്റവും കുറഞ്ഞ ബാലന്‍സ് തുകയ്ക്കാണ് (Lowest Balance) ആ മാസത്തെ പലിശ കണക്കാക്കുക. അതായത്, നിങ്ങള്‍ ഒരു മാസത്തെ അഞ്ചാം തീയതിക്ക് ശേഷം പണം നിക്ഷേപിച്ചാല്‍, ആ മാസത്തെ പലിശ കണക്കുകൂട്ടലില്‍ ഈ പുതിയ തുക ഉള്‍പ്പെടുത്തില്ല. ഫലത്തില്‍ ആ മാസത്തെ പലിശ നിങ്ങള്‍ക്ക് പൂര്‍ണ്ണമായും നഷ്ടമാകും.
ഒരേ തുക വ്യത്യസ്ത തീയതികളില്‍ നിക്ഷേപിക്കുമ്പോള്‍ ഉണ്ടാകുന്ന വ്യത്യാസം ഒരു ഉദാഹരണത്തിലൂടെ നോക്കാം:
ഒരാള്‍ ഏപ്രില്‍ 4-ന് തന്നെ 1.5 ലക്ഷം രൂപ പി.പി.എഫ് അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. ആ വര്‍ഷം അയാള്‍ക്ക് ലഭിക്കുന്ന പലിശ 10,650 രൂപയാണ്.
അടുത്തയാള്‍ ഇതേ 1.5 ലക്ഷം രൂപ ഏപ്രില്‍ 6-നാണ് നിക്ഷേപിച്ചതെന്ന് കരുതുക. അയാള്‍ക്ക് ആ വര്‍ഷം ലഭിക്കുന്ന പലിശ 9,762 രൂപ മാത്രമായിരിക്കും.
ഒരേ തുക, ഒരേ അക്കൗണ്ട്. എന്നാല്‍ തീയതിയിലുണ്ടായ രണ്ട് ദിവസത്തെ വ്യത്യാസം കൊണ്ട് മാത്രം രണ്ടാമന് ഒരു വര്‍ഷം നഷ്ടമായത് 888 രൂപയാണ്. പി.പി.എഫിന്റെ കാലാവധിയായ 15 വര്‍ഷത്തേക്ക് ഇത് കണക്കാക്കുമ്പോള്‍ വലിയൊരു തുകയുടെ പലിശ നഷ്ടം നിക്ഷേപകനുണ്ടാകുന്നു.
നിലവില്‍ 7.1 ശതമാനമാണ് പി.പി.എഫ് നിക്ഷേപങ്ങളുടെ പലിശ നിരക്ക്. ഒരു സാമ്പത്തിക വര്‍ഷം പരമാവധി നിക്ഷേപിക്കാവുന്ന 1.5 ലക്ഷം രൂപ കൃത്യമായ തീയതിയില്‍ 15 വര്‍ഷത്തേക്ക് നിക്ഷേപിച്ചാലുള്ള നേട്ടം താഴെ പറയുംവിധമാണ്:
ആകെ നിക്ഷേപിക്കുന്ന തുക: 22.5 ലക്ഷം രൂപ
ലഭിക്കുന്ന ആകെ പലിശ: 18.18 ലക്ഷം രൂപ
കാലാവധിക്ക് ശേഷം ലഭിക്കുന്ന തുക (Final Corpus): 40.68 ലക്ഷം രൂപ
ഈ ലഭിക്കുന്ന 40.68 ലക്ഷം രൂപയും പൂര്‍ണ്ണമായും നികുതിരഹിതമാണ് (Tax-Free) എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഈ അക്കൗണ്ട് കാലാവധിക്ക് ശേഷം 15 വര്‍ഷത്തേക്ക് കൂടി (ആകെ 30 വര്‍ഷം) നീട്ടിയാല്‍ സമ്പാദ്യം 1 കോടി രൂപ കടക്കും.
നിലവില്‍ ബാങ്കുകളിലെ സ്ഥിരനിക്ഷേപങ്ങള്‍ക്ക് (FD) 6.5 ശതമാനം മുതല്‍ 7.5 ശതമാനം വരെ പലിശ ലഭിക്കുന്നുണ്ടെങ്കിലും, അതില്‍ നിന്നുള്ള പലിശ വരുമാനത്തിന് ഓരോ വര്‍ഷവും നികുതി നല്‍കണം. 30 ശതമാനം ടാക്‌സ് ബ്രാക്കറ്റില്‍ വരുന്ന ഒരു വ്യക്തിക്ക് എഫ്.ഡിയില്‍ നിന്നുള്ള യഥാര്‍ത്ഥ റിട്ടേണ്‍ നികുതിക്ക് ശേഷം ഏകദേശം 5 ശതമാനത്തോളമായി കുറയും.
എന്നാല്‍ പി.പി.എഫില്‍ 7.1 ശതമാനം പലിശയും പൂര്‍ണ്ണ നികുതിരഹിതമാണ്. ഒരു ടാക്‌സബിള്‍ ഇന്‍വെസ്റ്റ്‌മെന്റില്‍ നിന്ന് 10 മുതല്‍ 10.5 ശതമാനം വരെ റിട്ടേണ്‍ ലഭിക്കുന്നതിന് തുല്യമാണിത്. ദീര്‍ഘകാല നിക്ഷേപകര്‍ക്ക് സുരക്ഷിതമായി സമ്പത്ത് വളര്‍ത്താന്‍ ഇതിലും മികച്ച മറ്റൊരു മാര്‍ഗമില്ല.
1. മാസാമാസം നിക്ഷേപിക്കുന്നവര്‍ എല്ലാ മാസവും അഞ്ചാം തീയതിക്ക് മുന്‍പായി തുക അക്കൗണ്ടില്‍ എത്തിക്കാന്‍ ശ്രദ്ധിക്കുക.
2.ലംപ്‌സം (Lump sum) ആയി വര്‍ഷത്തിലൊരിക്കല്‍ തുക നിക്ഷേപിക്കുന്നവര്‍ പുതിയ സാമ്പത്തിക വര്‍ഷം ആരംഭിച്ച് ഏപ്രില്‍ 5-നകം തന്നെ പണം നിക്ഷേപിച്ചാല്‍ ആ വര്‍ഷത്തെ 12 മാസത്തെയും പലിശ പൂര്‍ണമായി നേടാം.
3. 2020 ഏപ്രിലിന് ശേഷം കഴിഞ്ഞ ആറ് വര്‍ഷമായി പി.പി.എഫ് പലിശ നിരക്കില്‍ മാറ്റമില്ലാതെ 7.1 ശതമാനമായി തുടരുകയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine