Personal Finance

ഓണ്‍ലൈന്‍ തട്ടിപ്പില്‍ പോയ പണം തിരിച്ചുകിട്ടുമോ? പണം നഷ്ടപ്പെട്ടാല്‍ ഉടന്‍ ചെയ്യേണ്ടതെന്ത്? ആര്‍ബിഐയുടെ സംരക്ഷണം എപ്പോള്‍ ലഭിക്കും?

മൊബൈല്‍ ഓപ്പറേറ്റര്‍മാരുടെ ആഗോള സംഘടനയായ ജിഎസ്എംഎയുടെ ഇന്ത്യ കണ്‍സ്യൂമര്‍ സ്‌കാം റിപ്പോര്‍ട്ട് 2026 അനുസരിച്ച്, പണം നഷ്ടപ്പെട്ടവരില്‍ 67% പേര്‍ക്കും തുക തിരിച്ചുകിട്ടിയില്ല

Dhanam News Desk

വമ്പന്‍ വിലക്കുറവില്‍ ഒരു ഫോണ്‍, വീട്ടിലിരുന്ന് ദിവസവും ആയിരങ്ങള്‍ സമ്പാദിക്കാവുന്ന ജോലി, അക്കൗണ്ടിലെത്താന്‍ കാത്തിരിക്കുന്ന ലോട്ടറി സമ്മാനം. മൊബൈലിലെത്തുന്ന ഇത്തരം വാഗ്ദാനങ്ങള്‍ക്ക് പിന്നാലെ പോയി പണം നഷ്ടപ്പെടുന്നവര്‍ കുറവല്ല. എന്നാല്‍ പരാതി നല്‍കിയാല്‍ ആ പണം തിരിച്ചുകിട്ടുമോ? ഇന്ത്യയില്‍ തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടവരില്‍ മൂന്നില്‍ രണ്ടുപേര്‍ക്കും ഒന്നും തിരിച്ചുകിട്ടിയില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

മൊബൈല്‍ ഓപ്പറേറ്റര്‍മാരുടെ ആഗോള സംഘടനയായ ജിഎസ്എംഎയുടെ ഇന്ത്യ കണ്‍സ്യൂമര്‍ സ്‌കാം റിപ്പോര്‍ട്ട് 2026 അനുസരിച്ച്, പണം നഷ്ടപ്പെട്ടവരില്‍ 67% പേര്‍ക്കും തുക തിരിച്ചുകിട്ടിയില്ല. തട്ടിപ്പിനിരയായവരില്‍ 86% പേരും സഹായത്തിനായി ഏതെങ്കിലും സ്ഥാപനത്തെ സമീപിച്ചിട്ടും റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 33% തീര്‍പ്പാകാതെ തുടരുന്നു.

വലവിരിച്ച് ഷോപ്പിങ്ങും ജോലി വാഗ്ദാനങ്ങളും

സര്‍വേയില്‍ പങ്കെടുത്ത ഇന്ത്യക്കാരില്‍ 12% പേര്‍ കഴിഞ്ഞ 12 മാസത്തിനിടെ തട്ടിപ്പിനിരയായതായി പറഞ്ഞു. 2025ലെ റിപ്പോര്‍ട്ടില്‍ ഇത് 10% ആയിരുന്നു. സ്വയം ഇരയായിട്ടില്ലെങ്കിലും അടുത്തറിയാവുന്ന ഒരാള്‍ക്ക് തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടതായി പറഞ്ഞവര്‍ 39% ആണ്.

ഓണ്‍ലൈന്‍ ഷോപ്പിങ് തട്ടിപ്പുകളാണ് മുന്നില്‍, 33%. സമ്മാനം, ലോട്ടറി, അനന്തരാവകാശം എന്നിവയുടെ പേരിലുള്ള തട്ടിപ്പുകള്‍ 31%, ജോലി, വരുമാന വാഗ്ദാനങ്ങളുമായി ബന്ധപ്പെട്ടവ 30%, ക്യുആര്‍ കോഡ്, പേയ്‌മെന്റ് ലിങ്ക് തട്ടിപ്പുകള്‍ 27% എന്നിങ്ങനെയാണ് റിപ്പോര്‍ട്ടിലെ കണക്ക്.

തട്ടിപ്പുകാര്‍ ആളുകളിലേക്കെത്തുന്ന പ്രധാന വഴി മെസേജിങ് ആപ്പുകളാണ്, 42%. സോഷ്യല്‍ മീഡിയ വഴി 37% പേരിലേക്കും ഇമെയില്‍ വഴി 33% പേരിലേക്കും ഇവരെത്തുന്നു. വിശ്വാസം നേടിയെടുത്ത ശേഷം പണമോ ബാങ്കിങ് വിവരങ്ങളോ കൈക്കലാക്കുന്നതാണ് പല തട്ടിപ്പുകളുടെയും രീതി.

മുഖവും ശബ്ദവും വിശ്വസിക്കാമോ?

നിര്‍മിതബുദ്ധി തട്ടിപ്പുകള്‍ തിരിച്ചറിയുന്നത് കൂടുതല്‍ പ്രയാസമാക്കുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് എഐ ഉപയോഗിക്കുന്നതായി കണ്ടിട്ടുണ്ടെന്ന് സര്‍വേയില്‍ 89% പേര്‍ പറഞ്ഞു. എഐ തയാറാക്കിയ സന്ദേശങ്ങളും വ്യാജ ചിത്രങ്ങളും കണ്ടതായി 48% പേരും യഥാര്‍ഥ വ്യക്തികളെ അനുകരിക്കുന്ന ഡീപ്‌ഫേക്ക് വീഡിയോകള്‍ കണ്ടതായി 42% പേരും അറിയിച്ചു.

പരിചിതമായ മുഖമോ ശബ്ദമോ മാത്രം കണ്ട് പണം അയക്കുന്നത് അതിനാല്‍ അപകടമാണ്. അടിയന്തര സഹായം ആവശ്യപ്പെട്ടുള്ള വിളിയായാലും, നേരത്തേ അറിയാവുന്ന നമ്പറില്‍ തിരിച്ചുവിളിച്ച് വ്യക്തിയെ ഉറപ്പാക്കണം.

പരാതി നല്‍കിയാല്‍ മാത്രം പോരാ

തട്ടിപ്പ് നടന്നതായി അറിയിക്കുന്നതും കേസ് തീര്‍പ്പാക്കുന്നതും നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കുന്നതും വ്യത്യസ്ത ഘട്ടങ്ങളാണ്. പരാതി പരിഹരിച്ചതായി രേഖപ്പെടുത്തിയാലും മുഴുവന്‍ പണവും തിരിച്ചുകിട്ടണമെന്നില്ല.

പണം തിരിച്ചുപിടിക്കുന്നതിലെ ഫലം ഡിജിറ്റല്‍ സേവനങ്ങളിലുള്ള വിശ്വാസത്തെയും ബാധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടിന്റെ കണ്ടെത്തല്‍. തട്ടിപ്പ് കണ്ടെത്തുന്നതിനായി വിവരങ്ങള്‍ ഉപയോഗിക്കാന്‍ ഉപഭോക്താക്കള്‍ തയാറാണെങ്കിലും പരാതികള്‍ക്ക് പരിഹാരമുണ്ടാകണമെന്ന പ്രതീക്ഷ ശക്തമാണ്. ബാങ്കുകള്‍, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍, ടെലികോം കമ്പനികള്‍, അന്വേഷണ ഏജന്‍സികള്‍ എന്നിവയുടെ ഏകോപനം മെച്ചപ്പെടുത്തണമെന്ന് ജിഎസ്എംഎ ആവശ്യപ്പെടുന്നു.

പണം പോയാല്‍ ആദ്യ നടപടി

തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടെന്ന് മനസ്സിലായാല്‍ ഉടന്‍ 1930ല്‍ വിളിക്കുക. ദേശീയ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടലായ cybercrime.gov.in](https://cybercrime.gov.in വഴിയും പരാതി നല്‍കാം. ഒപ്പം ബാങ്കിനെയും ബന്ധപ്പെട്ട പേയ്‌മെന്റ് സേവനദാതാവിനെയും അറിയിക്കണം.

വേഗത്തില്‍ പരാതി നല്‍കുന്നത് തട്ടിപ്പുകാരുടെ അക്കൗണ്ടിലെ പണം തടഞ്ഞുവയ്ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. എന്നാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്താല്‍ പണം ഉറപ്പായും തിരിച്ചുകിട്ടുമെന്ന് കരുതരുത്. തുക മറ്റിടങ്ങളിലേക്ക് മാറ്റിയോ പിന്‍വലിച്ചോ എന്നതും തുടര്‍നടപടികളും നിര്‍ണായകമാണ്. കേരള പൊലീസും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് നിര്‍ദേശിക്കുന്നത്.

ആര്‍ബിഐ സംരക്ഷണം എപ്പോള്‍?

അനധികൃത ഇലക്ട്രോണിക് ബാങ്കിങ് ഇടപാടുകളില്‍ ഉപഭോക്താവിന്റെ ബാധ്യത പരിമിതപ്പെടുത്താന്‍ ആര്‍ബിഐ വ്യവസ്ഥകളുണ്ട്. ബാങ്കിന്റെയോ ഉപഭോക്താവിന്റെയോ പിഴവില്ലാതെ, സംവിധാനത്തിലെ മറ്റൊരു ഭാഗത്തുണ്ടായ വീഴ്ചയിലൂടെ ഇടപാട് നടന്നാല്‍, ബാങ്കിന്റെ അറിയിപ്പ് ലഭിച്ച് മൂന്ന് പ്രവൃത്തി ദിവസത്തിനകം റിപ്പോര്‍ട്ട് ചെയ്യുന്നതിലൂടെ ഉപഭോക്താവിന് ബാധ്യതയൊന്നും ഉണ്ടാകില്ല.

നാല് മുതല്‍ ഏഴ് പ്രവൃത്തി ദിവസത്തിനുള്ളിലാണ് അറിയിക്കുന്നതെങ്കില്‍ നിശ്ചിത പരിധിവരെ ബാധ്യത വരാം. അതിനുശേഷം അറിയിക്കുന്ന കേസുകളില്‍ ബാങ്കിന്റെ അംഗീകൃത നയം ബാധകമാകും. ബാങ്കിന്റെ തന്നെ വീഴ്ച മൂലമുള്ള നഷ്ടത്തിന് വേറിട്ട സംരക്ഷണവുമുണ്ട്.

ബാധകമായ വ്യവസ്ഥകള്‍ പ്രകാരം, അറിയിപ്പ് ലഭിച്ച് 10 പ്രവൃത്തി ദിവസത്തിനകം തുക അക്കൗണ്ടില്‍ താല്‍ക്കാലികമായി വരവുവയ്ക്കുന്നതിനുള്ള 'ഷാഡോ റിവേഴ്സല്‍' സംവിധാനവുമുണ്ട്. ഇത് അന്തിമ തീര്‍പ്പല്ല. ഒടിപി പോലുള്ള വിവരങ്ങള്‍ പങ്കുവച്ചതുമൂലമുള്ള നഷ്ടമോ, തട്ടിപ്പുകാരുടെ നിര്‍ദേശപ്രകാരം സ്വയം പണം അയച്ച സംഭവമോ ആയാല്‍ ഇതേ സംരക്ഷണം സ്വമേധയാ ലഭിക്കുമെന്ന് കരുതരുത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT