സാമ്പത്തിക ഇടപാടുകളില്‍ പാന്‍ കാര്‍ഡ് (PAN) നിര്‍ബന്ധമാക്കുന്നതിനുള്ള പരിധികള്‍ ഉയര്‍ത്തിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പുതിയ ആദായനികുതി ചട്ടങ്ങളുടെ കരട് (Draft Income Tax Rules, 2026) പുറത്തിറക്കി. സാധാരണക്കാര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും വലിയ ആശ്വാസം നല്‍കുന്നതാണ് പുതിയ നിര്‍ദ്ദേശങ്ങള്‍. ഹോട്ടല്‍ ബില്ലുകള്‍, ബാങ്ക് നിക്ഷേപങ്ങള്‍, വസ്തു ഇടപാടുകള്‍ തുടങ്ങിയവയ്ക്കുള്ള പാന്‍ നിബന്ധനകളിലാണ് പ്രധാനമായും മാറ്റം വരുന്നത്.
ധനമന്ത്രി നിര്‍മ്മല സീതാമന്‍ 2026-ലെ ബജറ്റില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ, പുതിയ ആദായനികുതി നിയമം-2026 നടപ്പിലാക്കുന്നതിനുള്ള കരട് ചട്ടങ്ങളും ഫോമുകളും കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (CBDT) പുറത്തിറക്കി. 2026 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ ആദായനികുതി നിയമത്തിന്റെ (Income Tax Act, 2026) ഭാഗമായാണ് ഈ പരിഷ്‌കാരങ്ങള്‍.
പ്രധാന മാറ്റങ്ങള്‍
നിലവില്‍ 50,000 രൂപയ്ക്ക് മുകളിലുള്ള ഹോട്ടല്‍, റെസ്റ്റോറന്റ് ബില്ലുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. പുതിയ നിയമപ്രകാരം ഇത് 1 ലക്ഷം രൂപയായി ഉയര്‍ത്തും. കണ്‍വെന്‍ഷന്‍ സെന്ററുകള്‍, ബാങ്ക്വറ്റ് ഹാളുകള്‍, ഇവന്റ് മാനേജ്മെന്റ് സേവനങ്ങള്‍ എന്നിവയ്ക്കും ഈ പരിധി ബാധകമായിരിക്കും.
ഒരു ദിവസം 50,000 രൂപയ്ക്ക് മുകളില്‍ നിക്ഷേപിക്കാന്‍ പാന്‍ വേണമെന്ന നിലവിലെ ചട്ടം മാറും. പകരം, ഒരു സാമ്പത്തിക വര്‍ഷത്തില്‍ ആകെ 10 ലക്ഷം രൂപയോ അതില്‍ കൂടുതലോ നിക്ഷേപിക്കുകയോ പിന്‍വലിക്കുകയോ ചെയ്യുമ്പോള്‍ മാത്രം പാന്‍ വിവരങ്ങള്‍ നല്‍കിയാല്‍ മതിയാകും.
എല്ലാത്തരം മോട്ടോര്‍ വാഹനങ്ങള്‍ക്കും പാന്‍ നിര്‍ബന്ധമായിരുന്നു (ടു-വീലറുകള്‍ ഒഴികെ). പുതിയ നിര്‍ദ്ദേശപ്രകാരം 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വാഹനങ്ങള്‍ വാങ്ങുന്നതിന് മാത്രമേ പാന്‍ ആവശ്യമായി വരൂ. ഇതാദ്യമായി 5 ലക്ഷത്തിന് മുകളിലുള്ള ഇരുചക്ര വാഹനങ്ങളെയും ഈ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഭൂമി അല്ലെങ്കില്‍ കെട്ടിടങ്ങള്‍ വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും പാന്‍ നല്‍കേണ്ട പരിധി 10 ലക്ഷം രൂപയില്‍ നിന്ന് 20 ലക്ഷം രൂപയായി ഉയര്‍ത്തി.
ഇന്‍ഷുറന്‍സ് കമ്പനികളുമായി പുതിയ അക്കൗണ്ട് തുടങ്ങുന്നതിന് പാന്‍ നിര്‍ബന്ധമാക്കും. നിലവില്‍ ഒരു വര്‍ഷം 50,000 രൂപയില്‍ കൂടുതല്‍ പ്രീമിയം അടയ്ക്കുമ്പോഴാണ് പാന്‍ നല്‍കേണ്ടിയിരുന്നത്.
തൊഴിലുടമകള്‍ നല്‍കുന്ന സൗജന്യ ഭക്ഷണം (Perquisites), ഔദ്യോഗിക വാഹനങ്ങള്‍ എന്നിവയുടെ നികുതി രഹിത മൂല്യത്തിലും വര്‍ധന നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടാതെ, ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍ ഇടപാട് വിവരങ്ങള്‍ ടാക്‌സ് വകുപ്പുമായി പങ്കുവെക്കണമെന്നും ഡിജിറ്റല്‍ കറന്‍സി (CBDC) വഴിയുള്ള ഇടപാടുകള്‍ ബാങ്ക് വഴിയല്ലാത്ത ഇലക്ട്രോണിക് പേയ്മെന്റായി കണക്കാക്കുമെന്നും കരട് ചട്ടങ്ങളില്‍ പറയുന്നു.
കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (CBDT) പുറത്തിറക്കിയ ഈ കരട് നിര്‍ദ്ദേശങ്ങളില്‍ ഫെബ്രുവരി 22 വരെ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം. അന്തിമ ചട്ടങ്ങള്‍ മാര്‍ച്ച് ആദ്യവാരം വിജ്ഞാപനം ചെയ്യും.
Read DhanamOnline in English
Subscribe to Dhanam Magazine