Personal Finance

പെന്‍ഷന്‍ വാങ്ങുന്നവരാണോ? എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കണം

ഹെഡ്‌പോസ്റ്റ് ഓഫീസുകളിലെ ജീവന്‍ പ്രമാണ്‍ കേന്ദ്രങ്ങള്‍ വഴിയോ ഓണ്‍ലൈനായോ ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാവുന്നതാണ്

Dhanam News Desk

രാജ്യത്തെ വിവിധ പെന്‍ഷന്‍ ഉപഭോക്താക്കളുടെ ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ ഒക്ടോബര്‍ ഒന്നുമുതല്‍ സ്വീകരിച്ചു തുടങ്ങും. 80 വയസും അതിനുമുകളിലുമുള്ളവര്‍ക്ക് ഒക്ടോബര്‍ ഒന്നുമുതല്‍ നവംബര്‍ 30 വരെ ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാം. അതേസമയം മറ്റ് പെന്‍ഷന്‍കാര്‍ക്ക് നവംബര്‍ ഒന്നുമുതല്‍ 31 വരെയാണ് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ള സമയം അനുവദിച്ചിട്ടുള്ളത്. രാജ്യത്തുടനീളമുള്ള ഹെഡ്‌പോസ്റ്റ് ഓഫീസുകളിലെ ജീവന്‍ പ്രമാണ്‍ കേന്ദ്രങ്ങള്‍ വഴിയോ ഓണ്‍ലൈനായോ ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാവുന്നതാണ്.

കൂടാതെ, ഇന്ത്യയില്‍ താമസിക്കാത്ത പെന്‍ഷന്‍ ഉപഭോക്താക്കള്‍ക്കും ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ അവസരമുണ്ട്. സര്‍ക്കാര്‍ പുറപ്പെടുവിച്ച അറിയിപ്പ് അനുസരിച്ച്, ഇന്ത്യയില്‍ താമസിക്കാത്ത ഒരു പെന്‍ഷനര്‍ അല്ലെങ്കില്‍ കുടുംബ പെന്‍ഷന്‍കാര്‍ക്ക് മജിസ്‌ട്രേറ്റ്, നോട്ടറി, ബാങ്കര്‍ അല്ലെങ്കില്‍ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധി ഒപ്പിട്ട ലൈഫ് സര്‍ട്ടിഫിക്കറ്റ് അംഗീകൃത ഏജന്റ് വഴി സമര്‍പ്പിക്കാം.

ഓണ്‍ലൈനായി ലൈഫ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ആധാര്‍ അധിഷ്ഠിത ബയോമെട്രിക് സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. https://jeevanpramaan.gov.in എന്ന പോര്‍ട്ടലിലാണ് ഈ സേവനം ലഭ്യമാവുക. ജീവന്‍ പ്രമാണ്‍ ആപ്പും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ജീവന്‍ പ്രമാണ്‍ ഐഡിയിലൂടെ വിവരങ്ങള്‍ സമര്‍പ്പിച്ചാണ് ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് എടുക്കേണ്ടത്. ഇവ ബാങ്കിലോ, പോസ്റ്റ് ഓഫീസിലേക്കോ അയച്ചുകൊടുത്താല്‍ മതിയാകും. രാജ്യത്ത് വിവിധ പെന്‍ഷന്‍ ഉപഭോക്താക്കള്‍ പെന്‍ഷന്‍ മുടങ്ങാതിരിക്കാന്‍ ഓരോ വര്‍ഷവും ലൈഫ് സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കേണ്ടതുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT