Image courtesy: Canva
Personal Finance

2026ല്‍ ലക്ഷ്യങ്ങള്‍ നേടാന്‍ ഇതാ പേഴ്‌സണല്‍ ഫിനാന്‍സ് കലണ്ടര്‍

2026 ഒരു തകര്‍പ്പന്‍ വര്‍ഷമാക്കിയാലോ?

Dhanam News Desk

ബാലചന്ദ്രന്‍ വിശ്വറാം

1.ജനുവരി : New Source of Income

പുതിയ വരുമാന മാര്‍ഗം കണ്ടെത്താം

പുതിയ വര്‍ഷത്തിലെ ആദ്യ മാസത്തില്‍ പുതിയൊരു വരുമാന സ്രോതസ് തുറന്നെടുക്കാം. നമ്മള്‍ മുന്‍ കോളത്തില്‍ ഏഴ് വരുമാന മാര്‍ഗങ്ങളെ പരിചയപ്പെട്ടിരുന്നു. ശമ്പളം, സ്വയം തൊഴില്‍, പലിശ വരുമാനം, വാടക വരുമാനം, മൂലധന നേട്ടം, ഡിവിഡന്റ്, റോയല്‍റ്റി വരുമാനം എന്നിവയാണവ. നിങ്ങള്‍ ഒരു സ്ഥിരം ജോലിക്കാരനാണെങ്കില്‍, മറ്റ് ജോലികള്‍ ചെയ്യുന്നതിന് വിലക്കുകള്‍ ഇല്ലെങ്കില്‍ പുതിയ ഒരു വരുമാനമാര്‍ഗം കൂടി ഈമാസം കണ്ടെത്തണം. കുറച്ച് തുക സ്ഥിരനിക്ഷേപമായി ഇട്ട് പലിശ വരുമാനത്തിനെങ്കിലും ഈ മാസത്തില്‍ തുടക്കമിടണം.

2. ഫെബ്രുവരി: Savinsg

സമ്പാദ്യം കൂട്ടുക

പെട്ടെന്നൊരു സാമ്പത്തിക ആവശ്യം വന്നാല്‍ അതിനുള്ള പണം നിങ്ങളുടെ കയ്യിലുണ്ടോ? എങ്കില്‍ അത് സ്വരൂപിക്കാനുള്ള ആദ്യ ചുവട് ഫെബ്രുവരിയില്‍ വെക്കാം. നിങ്ങളുടെ ആറ് മാസത്തെ വരുമാനം എമര്‍ജന്‍സി ഫണ്ടായി മാറ്റി സൂക്ഷിക്കണമെന്നാണ് തത്വം. അള്‍ട്രാ ലിക്വിഡ് മ്യൂച്വല്‍ ഫണ്ടിലോ, സ്ഥിരനിക്ഷേപമായോ ഈ തുക സൂക്ഷിക്കാം.

ഇത്രയും തുക ഇതുവരെ മാറ്റിവെക്കാത്തവര്‍ ഫെബ്രുവരി മുതല്‍ വരുമാനത്തിന്റെ 15-20 ശതമാനം എമര്‍ജന്‍സി ഫണ്ടിലേക്ക് മാറ്റണം. ഏതെങ്കിലും കാരണം കൊണ്ട് നിങ്ങളുടെ പ്രാഥമിക വരുമാനത്തില്‍ കുറവ് വന്നാല്‍ എമര്‍ജന്‍സി ഫണ്ടിലേക്ക് പണം മാറ്റാന്‍ സാധിച്ചില്ലെങ്കിലും കുഴപ്പമില്ല. പിന്നീട് വരുമാനം ഉയരുമ്പോള്‍ വീണ്ടും തുടങ്ങാം.

3. മാര്‍ച്ച്:  Tax Planning

ടാക്സ് പ്ലാനിങ് മാസം

നിങ്ങളുടെ വരുമാനത്തിന്റെ 30 ശതമാനം സര്‍ക്കാരിനാണ്. ഈ യാഥാര്‍ഥ്യം എത്ര വേഗത്തില്‍ ഉള്‍ക്കൊള്ളുന്നുവോ അത്രയും നല്ലത്. ബാക്കിയുള്ള 70 ശതമാനം കൊണ്ട് ജീവിക്കാന്‍ ശീലമാകും. മാര്‍ച്ചില്‍ നികുതി അടക്കാന്‍ പാഞ്ഞുനടക്കുന്നതിനേക്കാള്‍ നല്ലത് മുന്‍കൂര്‍ പ്ലാന്‍ ചെയ്ത് മുന്നോട്ട് പോകുന്നതാണ്. ടിഡിഎസ് അടക്കുന്നവര്‍ക്ക് മാര്‍ച്ചില്‍ അത്ര പ്രയാസം കാണില്ല. അല്ലാത്തവര്‍ ഇനിയെങ്കിലും ടാക്സ് പ്ലാനിംഗ് മുന്‍കൂട്ടി തുടങ്ങണം. ഇതിനൊരു പ്രഫഷണല്‍ ടാക്സ് പ്ലാനറുടെ സേവനം തേടാം.

4. ഏപ്രില്‍: Start Investing

പുതിയ നിക്ഷേപം തുടങ്ങാം

ദീര്‍ഘകാല നിക്ഷേപം ഈമാസം തുടങ്ങാം. നിങ്ങളുടെ പ്രാഥമിക വരുമാനത്തില്‍ നിന്ന് ദീര്‍ഘകാല ലക്ഷ്യത്തോടെ നടത്തുന്ന നിക്ഷേപത്തില്‍ നിന്ന് ദ്വിദീയ വരുമാനം സൃഷ്ടിക്കപ്പെടണം. അതിന് ആസ്തികള്‍ വാങ്ങണം. നിങ്ങളുടെ നിക്ഷേപത്തിന്റെ മേന്മ നിശ്ചയിക്കുന്ന രണ്ട് ഘടകങ്ങള്‍ ഇവയാണ്.

1. നിക്ഷേപിക്കുന്ന തുക.

2. കാലാവധി.

കൂടുതല്‍ തുക കൂടുതല്‍ കാലത്തേക്ക് നിക്ഷേപിച്ചാല്‍ കൂടുതല്‍ സമ്പാദ്യം സ്വാഭാവികമായും കിട്ടും. നിങ്ങളുടെ വരുമാനത്തില്‍ 30 ശതമാനം നികുതിയായി നല്‍കണം. 50 ശതമാനം ചെലവ്. കടങ്ങളുടെ തിരിച്ചടവും ഈ 50 ശതമാനത്തിനുള്ളില്‍ നിര്‍ത്തണം. 20 ശതമാനം നിക്ഷേപിക്കണം. അതായത് ഒരുലക്ഷം രൂപ മാസ ശമ്പളമുണ്ടെങ്കില്‍ 20,000 രൂപ നിക്ഷേപിച്ചിരിക്കണം.

നിക്ഷേപത്തില്‍ മ്യൂച്വല്‍ ഫണ്ടിനാണ് പ്രാഥമികപരിഗണന നല്‍കേണ്ടത്. ഇങ്ങനെ നിക്ഷേപിച്ച് അടിത്തറയൊക്കെ ഉണ്ടാക്കിയ ശേഷം നേരിട്ട് ഓഹരി വാങ്ങുകയോ റിയല്‍ എസ്റ്റേറ്റ്/പ്രോപ്പര്‍ട്ടി വാങ്ങുകയോ സ്വര്‍ണം വാങ്ങുകയോ ഒക്കെയാകാം.

5. മെയ്: Optimize Spending

ചെലവ് നിയന്ത്രിക്കാം

നേരത്തെ നമ്മള്‍ പറഞ്ഞിരുന്നു. മൊത്തം ചെലവ്, കടം തിരിച്ചടവ് വരെ വരുമാനത്തിന്റെ 50 ശതമാനത്തില്‍ നിര്‍ത്തണമെന്ന്. ഇത് പറയാന്‍ എളുപ്പമാണ്. പ്രാവര്‍ത്തികമാക്കലാണ് പണി. വീടിന്റെ വാടക, യാത്ര ചെലവ്, കുട്ടികളുടെ വിദ്യാഭ്യാസം, കുടുംബ ചെലവ്, വായ്പ തിരിച്ചടവ് അങ്ങനെ എല്ലാം വരുമാനത്തിന്റെ 50 ശതമാനത്തില്‍ നിയന്ത്രിച്ച് നിര്‍ത്തണം. അതല്ല, ഇതെല്ലാം വരുമാനത്തിന്റെ 50-70 ശതമാനത്തിലാണെങ്കില്‍ നിങ്ങള്‍ക്ക് നിക്ഷേപം നടത്താനുള്ള പണം കയ്യിലില്ലെന്ന് ചുരുക്കം. ഇനി 70 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ നികുതി അടക്കാന്‍ പോലുമുള്ള പണം കടം വാങ്ങേണ്ടി വരും. ചെലവ് വരവിനേക്കാള്‍ കൂടുതലാണെങ്കില്‍ ഒരു സംശയവും വേണ്ട നിങ്ങള്‍ കടക്കെണിയിലാണ്. വരുമാനമുയര്‍ത്തിയില്ലെങ്കില്‍ ആ കടക്കെണിയില്‍ നിന്ന് പുറത്തുവരാനും സാധിക്കില്ല.

മെയ് സ്‌കൂള്‍ വെക്കേഷന്‍ കാലമാണ്. ഈ സമയത്ത് ചെലവുകള്‍ ഒന്ന് മനസിരുത്തി നോക്കുക. ചെലവും വരവും തമ്മിലുള്ള അനുപാതം തെറ്റിയിരിക്കുകയാണെങ്കില്‍ അനാവശ്യ ചെലവ് വെട്ടിക്കുറക്കുക. അത് നിങ്ങളെക്കൊണ്ട് തനിയെ പറ്റുന്നില്ലെങ്കില്‍ ഒരു വിദഗ്ധന്റെ സേവനം തേടുക.

6. ജൂണ്‍: Upgrade Yourself

സ്വയം 'ക്ലാസ്' കയറ്റമാകാം

സ്‌കൂള്‍ തുറന്നു. നിങ്ങളുടെ കുട്ടികള്‍ അടുത്ത ക്ലാസിലേക്ക് ഉയര്‍ന്നു. നിങ്ങളോ? ജൂണില്‍ നിങ്ങളുടെ സ്‌കില്‍ മെച്ചപ്പെടുത്താം. കരിയറില്‍ മുന്നേറാന്‍ പറ്റുന്ന കോഴ്സുകളില്‍ ചേരുക. പുതിയ സര്‍ട്ടിഫിക്കറ്റൊക്കെ നേടുക. 'അര്‍ഹതയുള്ളവ അതിജീവിക്കും' ഇത് നിങ്ങളും കേട്ടിട്ടില്ലേ. വളരാന്‍, പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ അങ്ങേയറ്റത്തെ മോഹമുള്ളവരാണ് പുതിയ കാലത്തില്‍ മാറ്റങ്ങള്‍ക്കൊത്ത് മുന്നേറുക. ഇത്തരത്തിലുള്ളവര്‍ക്കാണ് ഉയര്‍ന്ന വേതനം കിട്ടുക, കമ്മീഷന്‍ ലഭിക്കുക, ബിസിനസ് വര്‍ധിക്കുക. അതുകൊണ്ട് ജൂണിനെ വൈദഗ്ധ്യം വളര്‍ത്താനുള്ള മാസമാക്കുക.

7. ജൂലൈ: Insurance Protection Planning

പരിരക്ഷക്ക് മുന്‍തൂക്കം

യുദ്ധങ്ങള്‍ ഒരുപാട് ജയിച്ചുവെന്ന് പറഞ്ഞിട്ട് കാര്യമില്ല. തിരിച്ചൊരു ആക്രമണത്തില്‍ ആ സാമ്രാജ്യം കൈവിട്ടുപോയാല്‍ പിന്നെയൊന്നും ബാക്കിയില്ല. ചരിത്രത്തില്‍ ഇതുപോലെ പലതുമുണ്ട്. നിങ്ങളുടെ ജീവിതത്തില്‍ അത് ആവര്‍ത്തിക്കരുത്. എത്ര നിക്ഷേപമുണ്ടായാലും അപ്രതീക്ഷിതമായി അസുഖം വന്നാലോ, മറ്റേതെങ്കിലും ദുരന്തം വന്നാലോ അവയെല്ലാം ഒലിച്ചുപോകും. അതുകൊണ്ട് മതിയായ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുക. മതിയായ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, ടേം ഇന്‍ഷുറന്‍സ്, മോട്ടോര്‍ ഇന്‍ഷുറന്‍സ്, ഹൗസ്/പ്രോപ്പര്‍ട്ടി ഇന്‍ഷുറന്‍സ് എന്നിവ വേണം. നിങ്ങള്‍ ഒരു പ്രഫഷണലോ എംഎസ്എംഇ സംരംഭകനോ കയറ്റുമതി/ഇറക്കുമതി രംഗത്തുള്ള വ്യക്തിയോ ആരുമാകട്ടെ ബന്ധപ്പെട്ട മേഖലയിലെ റിസ്‌കുകള്‍ കവര്‍ ചെയ്യാന്‍ പറ്റുന്ന ഇന്‍ഷുറന്‍സുകള്‍ വിപണിയിലുണ്ട്. അവ എടുത്തിരിക്കണം.

8. ഓഗസ്റ്റ്: Reduce Debt

കടങ്ങള്‍ നേരത്തെ തിരിച്ചടക്കാം

ഓഗസ്റ്റ് ഉത്സവങ്ങളുടെ മാസമാണ്. ഉത്സവകാലത്ത് ബോണസ് കിട്ടും. അധികമായി കിട്ടുന്ന പണം കടങ്ങള്‍ വേഗം തീര്‍ക്കാന്‍ ഉപയോഗിക്കണം. കടമെടുത്ത് ഇന്ന് സാധനങ്ങള്‍ വാങ്ങുകയാണെങ്കില്‍ നമ്മുടെ ഭാവി ബാങ്കിന് വില്‍ക്കുന്നതിന് തുല്യമാണ്.

നിങ്ങള്‍ കടമെടുത്താല്‍ കൂട്ടുപലിശയുടെ മെച്ചം നിങ്ങള്‍ക്ക് കിട്ടാതെ വരികയാണ്. ഉദാഹരണത്തിന് ഒരു വീട് വാങ്ങാന്‍ 50 ലക്ഷം രൂപ നിങ്ങള്‍ കടമെടുത്തു എന്ന് കരുതുക. 12 ശതമാനം പലിശ നിരക്കില്‍ 25 വര്‍ഷ കാലാവധിയില്‍ ഈ വായ്പ തിരിച്ചടച്ചാല്‍ നല്‍കേണ്ടി വരുന്ന പലിശ 1.08 കോടി രൂപയാണ്. നിങ്ങളെടുത്ത വായ്പ തുകയുടെ രണ്ട് മടങ്ങ് വരുമിത്.

9. സെപ്റ്റംബര്‍: Vacation

അവധിക്കാല പ്ലാനിങ്

വെക്കേഷനും വിനോദയാത്രയും ജീവിതത്തില്‍ ഒഴിവാക്കരുത്. 1946 നും 1964നുമിടയില്‍ ജനിച്ച ബേബി ബൂമേഴ്സ് തലമുറ റിട്ടയര്‍മെന്റിന് ശേഷം ലോകം ചുറ്റിക്കാണാമെന്ന് ആഗ്രഹിച്ചവരാണെങ്കില്‍ ജെന്‍സി (1997ന് ശേഷം ജനിച്ചവര്‍) എല്ലാവര്‍ഷവും ലോകസഞ്ചാരം നടത്തണമെന്ന ആഗ്രഹക്കാരാണ്. ബൂമേഴ്സ് ജീവിതത്തിലെ നല്ലകാലം മുഴുവന്‍ പണം സ്വരുക്കൂട്ടിവെക്കാന്‍ പ്രയത്നിച്ചു. ജെന്‍സി പണം കയ്യില്‍ വരുമ്പോള്‍ തന്നെ ചെലവിടുന്നു. ഇവര്‍ കൃത്യമായ സേവിങ്‌സ് പ്ലാനൊന്നുമില്ല. ഈ രണ്ടിനുമിടയിലുള്ളതാണ് ശരിയായ വഴി. യാത്രകള്‍ നടത്തണം. അതിനായി ഫണ്ട് സ്വരൂപിക്കണം.

10. ഒക്ടോബര്‍: Buy Physical Assets

ഭൗതിക ആസ്തി വാങ്ങാം

മ്യൂച്വല്‍ ഫണ്ട് വഴി ഒരു സാമ്പത്തിക അടിത്തറയിട്ടിട്ടുണ്ടെങ്കില്‍ ഫിസിക്കല്‍ അസറ്റ് വാങ്ങാന്‍ ഈ മാസത്തില്‍ ശ്രമിക്കാം. സ്ഥലം, വീട്, സ്വര്‍ണം എന്നിങ്ങനെ. ഇത്തരം ആസ്തികളുടെ ഒരു സവിശേഷത അവ നമുക്ക് കാണാം, തൊടാം എന്നതൊക്കെയാണ്.

നമ്മുടെ കണ്ണിന് മുന്നിലുള്ളവയാണവ. ഇത്തരം ആസ്തികള്‍ വേറൊരു ലെവല്‍ ഉടമസ്ഥാവകാശമാണ് നമ്മിലുണ്ടാക്കുക. സ്വന്തമായൊരു ഫ്ളാറ്റ് വാങ്ങി അതില്‍ ജീവിക്കുമ്പോള്‍ കിട്ടുന്ന ഫീല്‍ ഡീമാറ്റ് രൂപത്തില്‍ ഈ ആസ്തിയുടെ പത്ത് മടങ്ങ് നിങ്ങള്‍ സൂക്ഷിക്കുന്നുണ്ടെങ്കില്‍ പോലും കിട്ടില്ല. അതാണ് വ്യത്യാസം.

11 .നവംബര്‍:  Asset Rebalancing

ആസ്തികള്‍ അവലോകനം ചെയ്യാം

നിക്ഷേപം എന്നാല്‍ ഒരിക്കല്‍ മാത്രം ചെയ്യുന്ന പ്രവൃത്തിയല്ല. കൃത്യമായ ഇടവേളകളില്‍ അതിന്റെ പ്രകടനം വിലയിരുത്തണം. മൊത്തം നിക്ഷേപങ്ങളുടെ പ്രകടനം നോക്കി, വേണ്ട മാറ്റങ്ങള്‍ നടത്തണം. ഇതിനൊരു എളുപ്പവഴിയുണ്ട്; നഷ്ടം തരുന്നവയെ ഒഴിവാക്കുക. നേട്ടം തരുന്നവയില്‍ കൂടുതല്‍ നിക്ഷേപിക്കുക. ഇപ്പോള്‍ ലഘുവായ എഐ ടൂളൊക്കെ വെച്ച് സ്വയം പോര്‍ട്ട്ഫോളിയോ വിശകലനമൊക്കെ നടത്താവുന്നതാണ്. ബെഞ്ച്മാര്‍ക്ക് സൂചികകളേക്കാള്‍ താഴെയാണ് നിങ്ങളുടെ പോര്‍ട്ട്ഫോളിയോയുടെ പ്രകടനമെങ്കില്‍ ഒരു വിദഗ്ധന്റെ സഹായം തേടി അവയെ പുനഃക്രമീകരിക്കണം.

12 .ഡിസംബര്‍: Retirement Planning

റിട്ടയര്‍മെന്റ് പ്ലാനിങ്ങിനായുള്ള മാസം

വര്‍ഷാവസാനമാണ്. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങള്‍ അവലോകനം ചെയ്യേണ്ട മാസവും. റിട്ടയര്‍മെന്റ് പ്ലാനിങ് എന്നാല്‍ പ്രഥമ വരുമാനത്തോടുള്ള ആശ്രിതത്വം പരമാവധി കുറക്കുക എന്നതാണ്. ഇതിനുള്ള മികച്ച വഴി രണ്ടാമതൊരു വരുമാനസ്രോതസ് വളര്‍ത്തിക്കൊണ്ടുവരികയാണ്. ഓഹരിയോ സ്ഥലമോ കെട്ടിടമോ സ്ഥിരനിക്ഷേപമോ എന്തുമാകട്ടെ, ഇവയെല്ലാം രണ്ടാമതൊരു വരുമാനം തരുന്നവയാണ്. നിങ്ങളുടെ ഇപ്പോഴത്തെ പ്രധാന വരുമാനത്തെ മാറ്റി, രണ്ടാമത്തെ വരുമാനം മുന്നില്‍ വരാന്‍ മതിയായ സമയം കൊടുക്കണം. അതുകൊണ്ട് അവ നേരത്തെ ആസൂത്രണം ചെയ്ത് നിക്ഷേപിച്ച് തുടങ്ങണം. മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതാണ് റിട്ടയര്‍മെന്റ് പ്ലാനിങ്ങിനുള്ള ഏറ്റവും ലളിതമായ മാര്‍ഗം.

അപ്പോള്‍ എല്ലാവര്‍ക്കും നല്ലൊരു പുതുവര്‍ഷം ആശംസിക്കുന്നു. നിങ്ങളുടെ പ്രതീക്ഷകള്‍ മറികടക്കുന്ന വര്‍ഷമാകട്ടെ. 

(ഫിനാന്‍ഷ്യല്‍ അഡൈ്വസറാണ് ലേഖകന്‍)

(Originally published in Dhanam Magazine January 15, 2026 issue.)

Personal finance calendar for 2026.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT