പ്രതീകാത്മക ചിത്രം Image Source: Canva
Personal Finance

ജോലിക്ക് കയറിയപ്പോൾ നൽകിയ EPF നോമിനി തന്നെയാണോ ഇപ്പോഴും? മാറ്റിയില്ലെങ്കിൽ കുടുംബം വലിയ ബുദ്ധിമുട്ട് നേരിടാം

ജോലി മാറിയാലും EPF നോമിനി വിവരങ്ങൾ സ്വയം പുതുക്കില്ല; വിവാഹം, കുട്ടികളുടെ ജനനം തുടങ്ങിയ കുടുംബമാറ്റങ്ങൾക്ക് ശേഷം നോമിനേഷൻ പരിശോധിച്ച് പുതുക്കുന്നത് പ്രധാനമാണ്

Dhanam News Desk

ശമ്പളക്കാരുടെ വിരമിക്കൽ സമ്പാദ്യമായ ഇ.പി.എഫ് തുക, അംഗം മരിച്ചാൽ ലഭിക്കേണ്ടത് നോമിനിക്കാണ്. പഴയ നോമിനി വിവരങ്ങൾ തുടർന്നാൽ യഥാർത്ഥ അവകാശിയും രേഖകളിലുള്ള നോമിനിയും തമ്മിലുള്ള വ്യത്യാസം ക്ലെയിം തീർപ്പാക്കൽ വൈകിപ്പിക്കും. വിൽപത്രം മാത്രം മതിയാകില്ല; നോമിനേഷൻ തന്നെയാണ് നിർണായകം. യു.എ.എൻ നിലനിൽക്കുന്നെങ്കിലും ജോലി മാറുമ്പോൾ നോമിനി സ്വയം മാറില്ല; ജീവനക്കാരൻ തന്നെ ഓൺലൈനായി പുതുക്കണം.

രാജ്യത്തെ ലക്ഷക്കണക്കിന് ശമ്പളക്കാരായ ജീവനക്കാർ, തങ്ങളുടെ റിട്ടയർമെന്റ് കാലത്തേക്ക് ഒരു വലിയ സമ്പാദ്യം കരുതിവെക്കാൻ സഹായിക്കുന്ന കേന്ദ്ര പദ്ധതിയായ ഇ.പി.എഫിന്റെ (Employee Provident Fund) ബാലൻസ് കൃത്യമായി പരിശോധിക്കാറുണ്ട്. എന്നാൽ ജോലിയിൽ പ്രവേശിച്ച അന്ന് നൽകിയ നോമിനി (Nominee) വിവരങ്ങൾ പിന്നീട് അങ്ങനെയാരും തിരിഞ്ഞുനോക്കാറില്ലെന്നതാണ് വാസ്തവം. എന്നാൽ ഈ ചെറിയ അശ്രദ്ധ കുടുംബത്തിന് പിന്നീട് വലിയ നിയമക്കുരുക്കുകൾക്കും മാനസിക വിഷമങ്ങൾക്കും കാരണമായേക്കാമെന്ന് ഫിനാൻഷ്യൽ പ്ലാനർമാർ മുന്നറിയിപ്പ് നൽകുന്നു.

മാറ്റമില്ലാതെ തുടരുന്ന പഴയ വിവരങ്ങൾ

ജോലിയിൽ പ്രവേശിക്കുന്ന വേളയിൽ, കാര്യമായ വിചിന്തനമില്ലാതെ ഔപചാരികതയുടെ പേരിൽ പൂരിപ്പിക്കുന്ന ഒന്നാണ് ഇ.പി.എഫ് നോമിനേഷൻ (EPF nomination). അന്ന് മാതാവിനെയോ സഹോദരങ്ങളെയോ ഒക്കെ ആയിരിക്കും നോമിനിയായി ചേർത്തിട്ടുണ്ടാകുക. പിന്നീട് വിവാഹം നടക്കുന്നു, കുട്ടികളുണ്ടാകുന്നു, കുടുംബ സാഹചര്യങ്ങൾ മാറുന്നു. എന്നാൽ നോമിനേഷൻ ഫോം മാത്രം വർഷങ്ങളായി മാറ്റമില്ലാതെ തുടരുന്നു. അടിയന്തര സാഹചര്യങ്ങളിൽ ക്ലെയിം ചെയ്യേണ്ടി വരുമ്പോൾ, യഥാർത്ഥ അവകാശിയും രേഖകളിലുള്ള നോമിനിയും തമ്മിലുള്ള പൊരുത്തക്കേട് കുടുംബത്തെ പ്രതിസന്ധിയിലാക്കുന്നു.

നോമിനിയുടെ യഥാർത്ഥ ചുമതല

ഇ.പി.എഫ് നോമിനി എന്നത് വെറുമൊരു പേര് മാത്രമല്ല. അംഗത്തിന്റെ മരണശേഷം ഇ.പി.എഫ് തുക സ്വീകരിക്കാൻ നിയമപരമായി അധികാരമുള്ള വ്യക്തിയാണ് നോമിനി. കാലികമായി പുതുക്കിയ ഒരു നോമിനേഷൻ ഉണ്ടെങ്കിൽ ഇ.പി.എഫ് നിയന്ത്രണ ഏജൻസിയാ ഇ.പി.എഫ്.ഒയ്ക്ക് (EPFO) വേഗത്തിൽ ക്ലെയിം തീർപ്പാക്കാൻ സാധിക്കും. എന്നാൽ നോമിനി വിവരങ്ങൾ പഴയതാണെങ്കിൽ നടപടിക്രമങ്ങൾ കൂടുതൽ സങ്കീർണവും മന്ദഗതിയിലുള്ളതുമായി മാറും.

വിൽപത്രം ഇ.പി.എഫ് നോമിനേഷന് പകരമാവില്ല

ഒരു വിൽപത്രം (Will) ഉണ്ടെങ്കിൽ കാര്യങ്ങൾ എളുപ്പമാണെന്ന് പലരും കരുതുന്നു. എന്നാൽ അത് ശരിയല്ല. സ്വത്തുക്കളുടെ വിഭജനം മാത്രമാണ് വിൽപത്രം നിയന്ത്രിക്കുന്നത്. ഇ.പി.എഫ് ക്ലെയിമുകൾ എങ്ങനെ തീർപ്പാക്കണമെന്ന് തീരുമാനിക്കുന്നത് നോമിനേഷൻ ആണ്. രണ്ടും രണ്ട് വഴികളിലൂടെയാണ് പ്രവർത്തിക്കുന്നത്.

ജോലി മാറ്റങ്ങൾ നോമിനിയെ പുതുക്കുന്നില്ല

തൊഴിൽ മാറുമ്പോൾ നോമിനേഷൻ ഓട്ടോമാറ്റിക്കായി മാറുമെന്നത് തെറ്റായ ധാരണയാണ്. യു.എ.എൻ (UAN) നമ്പർ നിലനിൽക്കുമെങ്കിലും, ജീവനക്കാരൻ നേരിട്ട് ലോഗിൻ ചെയ്ത് മാറ്റങ്ങൾ വരുത്തുന്നതുവരെ പഴയ നോമിനി വിവരങ്ങൾ തന്നെ തുടരും. വിവാഹം, കുട്ടികളുടെ ജനനം, വിവാഹമോചനം, നോമിനിയുടെ മരണം തുടങ്ങിയ പ്രധാന ജീവിത സാഹചര്യങ്ങളിൽ നോമിനി വിവരങ്ങൾ ഉടൻ മാറ്റേണ്ടതാണ്.

ലളിതമായ പരിഹാരം

ആധാർ ലിങ്ക് ചെയ്യുകയും കെ.വൈ.സി (KYC) പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ, യൂണിഫൈഡ് മെമ്പർ പോർട്ടൽ വഴി ഓൺലൈനായി നോമിനി വിവരങ്ങൾ എളുപ്പത്തിൽ മാറ്റാവുന്നതാണ്. മൊബൈൽ നമ്പർ, പാൻ കാർഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവയും കൃത്യമാണെന്ന് ഉറപ്പാക്കുക. ചെറിയൊരു അശ്രദ്ധ ഭാവിയിൽ കുടുംബത്തിന് ലഭിക്കേണ്ട അർഹമായ സഹായം കൈകളിലേക്ക് എത്തിച്ചേരുന്നതിൽ വലിയ കാലതാമസത്തിന് കാരണമാകും. അതിനാൽ ഇ.പി.എഫ് സമ്പാദ്യം സുരക്ഷിതമാക്കാൻ ഈ ചെറിയ നടപടി ഇന്നുതന്നെ ചെയ്യുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT