വെറും 22,000 രൂപ ഒറ്റത്തവണ നിക്ഷേപിച്ചാല്‍ മാസം ഒന്നര ലക്ഷം രൂപ വീതം നിങ്ങളുടെ അക്കൗണ്ടിലെത്തുമെന്ന് ആരെങ്കിലും വാഗ്ദാനം ചെയ്താല്‍ വിശ്വസിക്കുമോ? സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ പ്രചരിക്കുന്നത് ഇത്തരമൊരു നിക്ഷേപ പദ്ധതിയെക്കുറിച്ചാണ്. ധനമന്ത്രി നിര്‍മലാ സീതാരാമന്‍ തന്നെ പദ്ധതിയെകുറിച്ച് പറയുന്നതായുള്ള വീഡിയോയാണിത്. സര്‍ക്കാര്‍ മുദ്രയും ഔദ്യോഗിക രേഖകള്‍ എന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള ഡിസൈനുകളും ഉപയോഗിച്ചാണ് ഈ സന്ദേശം പ്രചരിക്കുന്നത്. എന്നാല്‍ സംഗതിയുടെ നിജസ്ഥിതി പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍ തന്നെ ഇപ്പോള്‍ രംഗത്തെത്തിയിട്ടുണ്ട്.
ഈ വീഡിയോ പൂര്‍ണ്ണമായും നിര്‍മ്മിതമാണെന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചാണ് ഇത് തയ്യാറാക്കിയതെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് യൂണിറ്റ് അറിയിച്ചു.
സര്‍ക്കാര്‍ ഇത്തരമൊരു പദ്ധതിയും ആവിഷ്‌കരിച്ചിട്ടില്ല. ഇതൊരു വലിയ ഓണ്‍ലൈന്‍ തട്ടിപ്പിന്റെ ഭാഗമാണ്. നിക്ഷേപകരുടെ പണവും വ്യക്തിഗത വിവരങ്ങളും കൈക്കലാക്കുക എന്നതാണ് തട്ടിപ്പുകാരുടെ ലക്ഷ്യം. വിശ്വസനീയത ഉറപ്പാക്കാന്‍ സര്‍ക്കാരിന്റെ ചിഹ്നങ്ങളും പ്രധാനമന്ത്രിയുടെ ചിത്രങ്ങളും മറ്റും ഉപയോഗിക്കുന്നുവെന്നും പി.ഐ.ബി ഫാക്ട് ചെക്ക് യൂണിറ്റ് എക്‌സില്‍ വ്യക്തമാക്കി.
പ്രശസ്ത വ്യക്തികളുടെ മുഖം ഉപയോഗിച്ച് വിശ്വാസ്യത നേടിയെടുക്കാന്‍ ശ്രമിക്കുന്ന ഇത്തരം 'വേഗത്തില്‍ പണക്കാരനാകാം' എന്ന വാഗ്ദാനം നല്‍കുന്ന പദ്ധതികളില്‍ വീഴരുതെന്ന് ഫാക്ട് ചെക്ക് യൂണിറ്റ് പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇരകളെക്കൊണ്ട് പണം കൈമാറുന്നതിനോ വ്യക്തിഗത വിവരങ്ങള്‍ പങ്കുവെക്കുന്നതിനോ പ്രേരിപ്പിക്കുന്നതിനായി വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ അസാധാരണമായ ലാഭം ഇത്തരം തട്ടിപ്പുകാര്‍ വാഗ്ദാനം ചെയ്യുന്നു. രാജ്‌നാഥ് സിംഗ്, മുകേഷ് അംബാനി അങ്ങനെ നിരവധി പ്രമുഖരുടെ പേരില്‍ ഇത്തരം വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്.
ഒന്ന്, എ.ഐ ഉപയോഗിക്കുന്നതുകൊണ്ട് വീഡിയോ ഒറിജിനല്‍ ആണെന്ന് തോന്നും. രണ്ട്, ചെറിയ നിക്ഷേപത്തില്‍ നിന്ന് വലിയ ലാഭം ലഭിക്കുമെന്ന മോഹം. ഓഹരി വിപണിയിലോ ബാങ്ക് നിക്ഷേപങ്ങളിലോ പോലും ലഭിക്കാത്ത ഇത്ര വലിയ 'ഗാരന്റീഡ് റിട്ടേണ്‍സ്' കേള്‍ക്കുമ്പോള്‍ ആരും ഒന്ന് പ്രലോഭിക്കപ്പെടാം. പക്ഷേ സാമ്പത്തിക വിദഗ്ധര്‍ പറയുന്നത് ഒന്നേയുള്ളൂ അമിത ലാഭം വാഗ്ദാനം ചെയ്യുന്നതെല്ലാം ചതിയാണ്!'
ഏതൊരു സര്‍ക്കാര്‍ പദ്ധതിയും ഔദ്യോഗിക വെബ്സൈറ്റുകള്‍ വഴി മാത്രം പരിശോധിക്കുക. വാട്‌സാപ്പിലോ ഫേസ്ബുക്കിലോ വരുന്ന സംശയാസ്പദമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്. നിങ്ങളുടെ ബാങ്ക് വിവരങ്ങള്‍, ഒടിപി എന്നിവ ഒരിക്കലും ഇത്തരം പ്ലാറ്റ്ഫോമുകളില്‍ നല്‍കരുത്. ഒപ്പം പെട്ടെന്ന് പണക്കാരനാക്കാം എന്ന് വാഗ്ദാനം ചെയ്യുന്നവരെ സംശയത്തോടെ മാത്രം കാണുക.
ഓര്‍ക്കുക ഡിജിറ്റല്‍ യുഗത്തില്‍ തട്ടിപ്പുകള്‍ക്കും ആധുനിക മുഖമാണ്. ജാഗ്രതയാണ് നമ്മുടെ ഏറ്റവും വലിയ സുരക്ഷ. ഇതുപോലുള്ള വ്യാജ സന്ദേശങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ അവ മറ്റുള്ളവരിലേക്ക് ഷെയര്‍ ചെയ്യാതെ റിപ്പോര്‍ട്ട് ചെയ്യുക.
PIB fact-check clarifies that the viral investment video featuring Nirmala Sitharaman promising huge monthly returns is an AI-generated scam.
Read DhanamOnline in English
Subscribe to Dhanam Magazine