Canva
Personal Finance

മോദിയുടെ ആഹ്വാനം: വിപണിക്ക് മുന്നിൽ കടുത്ത വെല്ലുവിളിയോ? നിക്ഷേപകർ എന്ത് ചെയ്യണം?

ആ​ഗോള സംഘർഷങ്ങൾ എത്രത്തോളം നീളും എന്നതിനെ ആശ്രയിച്ചിരിക്കും വിപണിയുടെ ഭാവി. എന്നാൽ അനാവശ്യമായ പരിഭ്രാന്തി ഒഴിവാക്കി, യുക്തിസഹമായ സാമ്പത്തിക തീരുമാനങ്ങൾ കൈക്കൊള്ളുകയാണ് നിക്ഷേപകർ ഇപ്പോൾ ചെയ്യേണ്ടത്.

Pintu Prakash

പശ്ചിമേഷ്യൻ യുദ്ധം അനിശ്ചിതമായി നീളുന്നതു കാരണം ഉരുത്തിരിയുന്ന സാമ്പത്തിക പ്രതിസന്ധികളും വെല്ലുവിളികളും രാജ്യത്തെ തുറിച്ചുനോക്കുന്ന പശ്ചാത്തലത്തിലാണ്, സ്വർണം വാങ്ങരുതെന്നത് ഉൾപ്പെടെയുള്ള അസാധാരണ അഭ്യ‌ർത്ഥനകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുജനങ്ങളുടെ മുന്നിലേക്ക് എത്തിയത്. രണ്ടരമാസത്തോളം ആയിട്ടും ഇതുവരെയും പശ്ചിമേഷ്യൻ യുദ്ധത്തിന് ശമനം ഉണ്ടാകാത്തതിനാൽ, രാജ്യത്തിന്റെ മുന്നിൽ ഏറെ വെല്ലുവിളികൾ കാത്തിരിപ്പുണ്ടെന്നത് ഏറെക്കുറെ വ്യക്തമാണ്.

നിലവിലെ അനിശ്ചിതത്വം എത്രത്തോളം നീണ്ടുനിൽക്കുമോ അത്രത്തോളം ആഴത്തിലുള്ള സാമ്പത്തിക പ്രതിസന്ധികൾ നേരിടാനുമുള്ള സാധ്യതയുണ്ട്. ഈയൊരു സാഹചര്യത്തിൽ നിക്ഷേപകരും സാധാരണക്കാരും സ്വീകരിക്കേണ്ട പ്രധാനപ്പെട്ട 5 സാമ്പത്തിക മുൻകരുതലുകളെ കുറിച്ച് സർട്ടിഫൈഡ് ഫിനാൻഷ്യൽ പ്ലാനറായ രതീഷ് കണ്ണങ്കര വിശ​ദീകരിക്കുന്നു.

വിപണിയെ ഉലയ്ക്കുന്ന മുഖ്യ ഘടകങ്ങൾ

ഇപ്പോഴത്തെ ആഗോള സാഹചര്യങ്ങൾ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ രണ്ട് നിർണ്ണായക ഘടകങ്ങളെയാണ് പ്രധാനമായും ബാധിക്കുന്നത്. പണപ്പെരുപ്പവും രൂപയുടെ വിനിമയ മൂല്യവും. ഇവ തമ്മിലുള്ള സങ്കീർണ്ണമായ ബന്ധം നിലവിൽ വിപണിയിൽ വലിയ തോതിലുള്ള അസ്ഥിരതയ്ക്കും അനിശ്ചിതത്വങ്ങൾക്കും വഴിതെളിക്കുന്നുണ്ടെന്ന് രതീഷ് കണ്ണങ്കര പറഞ്ഞു.

പണപ്പെരുപ്പം: ഇന്ത്യയുടെ ഇന്ധന ആവശ്യത്തിന്റെ 80 ശതമാനത്തിലധികവും ഇറക്കുമതിയിലൂടെയാണ് കണ്ടെത്തുന്നത്. ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളർ കടന്നത് രാജ്യത്തെ ഇറക്കുമതി ഭാരം (വ്യാപാര കമ്മി) വർധിപ്പിക്കുന്നു. ഇത് നേരിടുന്നതിനായി ഇന്ധനവില ഉയർത്തുന്ന സാഹചര്യം ചരക്കുനീക്കത്തിനുള്ള ചെലവ് കൂട്ടുകയും, ഇത് നിത്യോപയോഗ സാധനങ്ങളുടെയും സേവനങ്ങളുടെയും വിലക്കയറ്റത്തിലേക്ക് (Inflation) നയിക്കുകയും ചെയ്യുന്നു. പണപ്പെരുപ്പം നിയന്ത്രിക്കാനായി റിസർവ് ബാങ്ക് പലിശ നിരക്കുകൾ ഉയർത്താൻ നിർബന്ധിതമാകുന്നത് വിപണിയിലെ പണലഭ്യത കുറയ്ക്കാനും സാമ്പത്തിക വളർച്ചയുടെ വേഗത കുറയ്ക്കാനും ഇടയാക്കാം.

രൂപയുടെ മൂല്യത്തകർച്ച: ആഗോള അനിശ്ചിതത്വങ്ങൾക്കിടയിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ആഗോള നിക്ഷേപകർ യു.എസ് ഡോളറിലേക്ക് തിരിയുന്നത് ഡോളറിന്റെ മൂല്യം ഉയർത്തുന്നു. ഇതിനൊപ്പം പെട്രോളിയം ഇറക്കുമതിക്കായി വലിയ തോതിൽ ഡോളർ ചെലവാക്കേണ്ടി വരുന്നതും രൂപയുടെ വിനിമയ മൂല്യത്തെ റെക്കോർഡ് താഴ്ചയിലേക്ക് എത്തിച്ചിരിക്കുകയാണ്. രൂപ ദുർബലമാകുന്നത് വീണ്ടും ഇറക്കുമതി ചെലവ് വർധിപ്പിക്കുന്ന ഒരു വിഷമവൃത്തം (Vicious Cycle) സൃഷ്ടിക്കുന്നു. ഇത് രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തിൽ (Forex Reserves) ഗണ്യമായ കുറവുണ്ടാക്കുമെന്നതാണ് പ്രധാന വെല്ലുവിളി.

ചുരുക്കത്തിൽ, ഉയരുന്ന എണ്ണവിലയും ഇടിയുന്ന രൂപയും ചേർന്ന് രാജ്യത്തിന്റെ വ്യാപാര കമ്മി വർധിപ്പിക്കുന്നത് മൂലധന വിപണിയിലും ഉപഭോഗ വിപണിയിലും ഒരേപോലെ നിഴലിക്കുന്നു. ഈ ഇരട്ട പ്രഹരത്തെ പ്രതിരോധിക്കാനാണ് സ്വർണ്ണ ഇറക്കുമതി പോലുള്ള അത്യാവശ്യമല്ലാത്ത ചെലവുകൾ (Discretionary Imports) കുറച്ച് വിദേശനാണ്യ ശേഖരം സംരക്ഷിക്കണമെന്ന നിർദ്ദേശം ഗൗരവമായി ചർച്ച ചെയ്യപ്പെടുന്നതെന്ന് രതീഷ് കണ്ണങ്കര പറഞ്ഞു.

നിക്ഷേപകർക്കും സാധാരണക്കാർക്കും 5 മുൻകരുതലുകൾ

സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിൽ വ്യക്തിഗത സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ താഴെ പറയുന്ന അഞ്ച് കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അനിവാര്യമാണെന്ന് രതീഷ് കണ്ണങ്കര ചൂണ്ടിക്കാട്ടി.

അടിയന്തര നിധി (Emergency Fund) സജ്ജമാക്കുക: നിലവിലെ അനിശ്ചിതത്വം കണക്കിലെടുത്ത് ചുരുങ്ങിയത് 6 മാസം മുതൽ ഒരു വർഷം വരെയുള്ള ജീവിത ചെലവുകൾ നേരിടാനുള്ള ഒരു തുക അടിയന്തര നിധിയായി സൂക്ഷിക്കണം. പണപ്പെരുപ്പം വർധിക്കാൻ സാധ്യതയുള്ളതിനാൽ ലിക്വിഡ് ഫണ്ടുകളോ സേവിങ്സ് അക്കൗണ്ടോ ഇതിനായി ഉപയോഗിക്കാം.

കർശനമായ ബഡ്ജറ്റിങ്: രാജ്യം ഇറക്കുമതി നിയന്ത്രണങ്ങളിലേക്ക് നീങ്ങുമ്പോൾ വ്യക്തികളും അനാവശ്യ ചെലവുകൾ ഒഴിവാക്കേണ്ടതുണ്ട്. കുടുംബ ബഡ്ജറ്റിൽ കൃത്യമായ മുൻഗണനകൾ നിശ്ചയിക്കുകയും ആഡംബര ചെലവുകൾ മാറ്റിവെക്കുകയും ചെയ്യുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ഗുണകരമാകും.

ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുക: സാമ്പത്തിക പ്രതിസന്ധി ഘട്ടങ്ങളിൽ അപ്രതീക്ഷിതമായുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ സമ്പാദ്യത്തെ ബാധിക്കാതിരിക്കാൻ നിലവിലുള്ള മെഡിക്കൽ ഇൻഷുറൻസ് പോളിസികൾ മതിയായതാണെന്ന് ഉറപ്പുവരുത്തുക. ടോപ്പ്-അപ്പ് പ്ലാനുകൾ പരിഗണിക്കുന്നത് ഉചിതമായിരിക്കും.

എസ്.ഐ.പി തുടരുക: വിപണിയിലെ ഇടിവ് നിക്ഷേപകർക്ക് ഗുണകരമാക്കാം. ഗുണനിലവാരമുള്ള ഓഹരികൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ സാധിക്കുന്ന ഘട്ടമാണിത്. അതിനാൽ എസ്‌.ഐ.പി നിക്ഷേപങ്ങൾ നിർത്തരുത്. വിപണി താഴേക്ക് പോകുമ്പോൾ നിക്ഷേപ വിഹിതം നേരിയ തോതിൽ വർധിപ്പിക്കുന്നത് വരുംകാലത്ത് മികച്ച നേട്ടം നൽകാൻ സഹായിക്കും.

കടബാധ്യതകൾ നിയന്ത്രിക്കുക: വലിയ തുക ഇ.എം.ഐ ആകുന്ന വായ്പകൾ എടുക്കുന്നതും ക്രെഡിറ്റ് കാർഡ് വഴിയുള്ള വമ്പൻ ഷോപ്പിംഗുകളും ഈ ഘട്ടത്തിൽ ഒഴിവാക്കണം. പലിശ നിരക്കുകൾ വർധിക്കാനുള്ള സാധ്യത കൂടി കണക്കിലെടുത്ത് സാമ്പത്തിക അച്ചടക്കം പാലിക്കുന്നത് സമ്മർദ്ദം കുറയ്ക്കും.

ഇനിയെന്ത് ചെയ്യണം?

ആ​ഗോള സംഘർഷങ്ങൾ എത്രത്തോളം നീളും എന്നതിനെ ആശ്രയിച്ചിരിക്കും വിപണിയുടെ ഭാവി എങ്ങനെയാകുമെന്നത്. എന്നിരുന്നാലും അനാവശ്യമായ പരിഭ്രാന്തി ഒഴിവാക്കി, യുക്തിസഹമായ സാമ്പത്തിക തീരുമാനങ്ങൾ കൈക്കൊള്ളുകയാണ് നിക്ഷേപകർ ഇപ്പോൾ ചെയ്യേണ്ടത്. രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കാനും മുന്നിലുള്ള സാമ്പത്തിക വെല്ലുവിളികളെ മറികടക്കാനും സർക്കാരിന്റെ നീക്കങ്ങളോട് സഹകരിക്കുന്നതിനൊപ്പം, സ്വയം സുരക്ഷിതമാകാനുള്ള ജാഗ്രത ഓരോ പൗരനും പുലർത്തേണ്ടതുണ്ട്. നിക്ഷേപങ്ങളിലെ വൈവിധ്യവത്കരണവും ചെലവുകളിലെ മിതത്വവുമാകണം ഈ പ്രതിസന്ധി ഘട്ടത്തിലെ നമ്മുടെ മൂലമന്ത്രമെന്നും രതീഷ് കണ്ണങ്കര കൂട്ടിച്ചേർത്തു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT