Image courtesy: Canva
Personal Finance

മലിനീകരണം വില്ലനാകുന്നു: ഇൻഷുറൻസ് ക്ലെയിമുകളിൽ വൻ വർദ്ധന; പട്ടികയിൽ എറണാകുളവും, പിടിപെടുന്ന രോഗങ്ങൾ ഏതൊക്കെ?

മലിനീകരണം മെട്രോ നഗരങ്ങളിൽ മാത്രമല്ല, രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലും വലിയ സാമ്പത്തിക-ആരോഗ്യ ഭീഷണി ഉയർത്തുന്നു

Dhanam News Desk

രാജ്യത്ത് വായുമലിനീകരണം മൂലം വർദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് ഇൻഷുറൻസ് ക്ലെയിമുകളിൽ വന്‍ വര്‍ധന. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മലിനീകരണവുമായി ബന്ധപ്പെട്ട ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകളിൽ 4.34 മടങ്ങിന്റെ വർദ്ധന രേഖപ്പെടുത്തിയതായി പോളിസിബസാറിന്റെ (Policybazaar) പഠന റിപ്പോർട്ട്. 50,000 ആളുകളുടെ സാമ്പിളുകൾ വിശകലനം ചെയ്താണ് വിവരങ്ങൾ സംഭരിച്ചത്.

രോഗങ്ങളും പ്രായപരിധിയും

മലിനീകരണം മൂലം ശ്വാസകോശ രോഗങ്ങൾ മാത്രമല്ല, ഹൃദ്രോഗങ്ങളും വൻതോതിൽ വർദ്ധിക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആകെ ക്ലെയിമുകളിൽ 43.5 ശതമാനവും ഹൃദയസംബന്ധമായ രോഗങ്ങൾക്കാണ്. ശ്വാസകോശ അണുബാധകൾ (35%), ന്യൂമോണിയ (11.2%), ബ്രോങ്കൈറ്റിസ് (6%) എന്നിവയാണ് മറ്റ് പ്രധാന രോഗങ്ങൾ.

സാമ്പത്തികമായി സജീവമായ 31 നും 55 നും ഇടയിൽ പ്രായമുള്ള തൊഴിലെടുക്കുന്ന പ്രൊഫഷണലുകളാണ് ക്ലെയിമുകളിൽ 59 ശതമാനവും സമർപ്പിച്ചിട്ടുള്ളത്. 55 വയസിന് മുകളിലുള്ള മുതിർന്ന പൗരന്മാർ 31 ശതമാനവും, 21–30 പ്രായക്കാർ 6.7 ശതമാനവും, 20 വയസിന് താഴെയുള്ളവർ 3.7 ശതമാനവും ക്ലെയിമുകൾ നൽകിയിട്ടുണ്ട്.

ചെറു നഗരങ്ങളിലേക്കും

മലിനീകരണം മെട്രോ നഗരങ്ങളിൽ മാത്രമല്ല, രണ്ടാം നിര (Tier-2), മൂന്നാം നിര (Tier-3) നഗരങ്ങളിലും വലിയ സാമ്പത്തിക-ആരോഗ്യ ഭീഷണി ഉയർത്തുന്നു. ക്ലെയിമുകളിൽ ഡൽഹി മുന്നിലാണെങ്കിലും പൂനെ, ബെംഗളൂരു, മുംബൈ, ഹൈദരാബാദ് എന്നിവയ്‌ക്കൊപ്പം എറണാകുളവും ഫരീദാബാദും ആദ്യ 10 നഗരങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്. ആകെ ക്ലെയിമുകളുടെ 55 ശതമാനവും Tier-2, Tier-3 നഗരങ്ങളിൽ നിന്നാണ്. ഒരു ക്ലെയിമിന്റെ ശരാശരി തുക 62,662 രൂപയാണ്. സാമ്പത്തിക വർഷം 2023 നും 2026 നും ഇടയിൽ അനുവദിച്ച ആകെ ക്ലെയിം തുക 4.5 ഇരട്ടിയായി വർദ്ധിച്ചു.

സീസണൽ മാറ്റങ്ങളും ഇൻഷുറൻസ് മുൻഗണനയും: ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള ശൈത്യകാലത്താണ് വാർഷിക ക്ലെയിമുകളുടെ 56 ശതമാനവും നടക്കുന്നത്. മലിനീകരണം കടുക്കുന്ന പ്രദേശങ്ങളിലെ 48 ശതമാനം ഉപഭോക്താക്കളും കൂടുതൽ തുകയുടെ സാമ്പത്തിക സംരക്ഷണം ലഭിക്കുന്ന ഉയർന്ന ഇൻഷുറൻസ് കവറേജുകൾ തിരഞ്ഞെടുക്കുന്ന പ്രവണതയും കണ്ടുവരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT