Representational image, courtesy: Canva
Personal Finance

ലോൺ ആപ്പിൽ നിന്ന് പണം സ്വീകരിക്കുമ്പോള്‍ ചതിയില്‍പെടാം, ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍

ഒരു ബട്ടൺ അമർത്തിയാൽ ഇത്തരം ആപ്പുകളിലൂടെ എളുപ്പത്തില്‍ വായ്പ ലഭിക്കും

Dhanam News Desk

മൊബൈല്‍ ആപ്പുകള്‍ വഴി ലോണ്‍ എടുക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടിവരികയാണ്. വേഗത്തില്‍ പണം ലഭിക്കും എന്നതാണ് ഇതാണ് ഇത്തരം ആപ്പുകളിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്. എന്നാല്‍ ഇതിനനുസരിച്ച് പറ്റിക്കപ്പെടുന്നവരുടെയും സാമ്പത്തിക നഷ്ടം ഉണ്ടാകുന്നവരുടെയും എണ്ണവും വര്‍ധിക്കുകയാണ്. അതായത് എല്ലാ ലോണ്‍ ആപ്പുകളും സുരക്ഷിതമല്ല എന്നര്‍ത്ഥം. മൊബൈല്‍ ആപ്പുകള്‍ വഴി ലോണ്‍ എടുക്കുന്നവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അവ ഏതൊക്കെയാണെന്നാണ് ഇവിടെ പരിശോധിക്കുന്നത്.

നിയമസാധുത: ഇത്തരം ആപ്പുകള്‍ നിയമാനുസൃതമാണോ അല്ലയോ എന്ന് പരിശോധിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. RBI യില്‍ രജിസ്റ്റർ ചെയ്ത ബാങ്കോ NBFCയോ ആണോ ഇവയെന്ന് പ്രത്യേകം ഉറപ്പാക്കേണ്ടതാണ്. അനധികൃത ലോൺ ആപ്പുകൾ ഇപ്പോള്‍ വളരെയധികം പ്രചരിക്കുന്നുണ്ട്. അവ വായ്പ എടുക്കുന്നവരെ ഗുരുതരമായ അപകടത്തിലാക്കുമെന്ന കാര്യം ഓര്‍ക്കുക.

അവലോകനങ്ങൾ പരിശോധിക്കുക: ആപ്പ് സംബന്ധിച്ച അവലോകനങ്ങൾ പരിശോധിക്കുക എന്നതാണ് മറ്റൊരു മുൻകരുതൽ നടപടി. ഇത് ഉപയോക്താക്കളില്‍ ആത്മവിശ്വാസം വളർത്തുന്നു. ആപ്പിന്റെ വിശ്വാസ്യത പരിശോധിക്കാനും കമ്പനിയുടെ പശ്ചാത്തലം വിലയിരുത്താനും ആപ്പ് സ്റ്റോറുകളിലെ അവലോകനങ്ങൾ പരിശോധിക്കുന്നത് കൊണ്ട് സാധിക്കും.

മറഞ്ഞിരിക്കുന്ന ചാർജുകൾ: പ്രോസസ്സിംഗ് ചാർജ്, EMI വൈകുമ്പോൾ ഈടാക്കുന്ന ചാർജുകൾ എന്നിവയുൾപ്പെടെ ലോണ്‍ എടുക്കുന്നവര്‍ നേരിടേണ്ടി വരുന്ന എല്ലാ ചെലവുകളെയും കുറിച്ച് അറിഞ്ഞിരിക്കേണ്ടതാണ്. ഉയർന്ന പലിശ നിരക്കുകൾ, മറഞ്ഞിരിക്കുന്ന ചാർജുകൾ, ഉയർന്ന പിഴകൾ തുടങ്ങിയവ സംബന്ധിച്ചുളള വിവരങ്ങള്‍ അറിയാന്‍ പ്രത്യേകം ശ്രദ്ധിക്കുക. തൽക്ഷണ വായ്പകൾക്ക് പലപ്പോഴും ഉയർന്ന പലിശ നിരക്കുകളാണ് ഈടാക്കുന്നത്.

സ്വകാര്യ ഡാറ്റകള്‍: കോൺടാക്റ്റുകൾ, എസ്എംഎസ് ഡാറ്റ തുടങ്ങിയ സെൻസിറ്റീവായ വ്യക്തിഗത ഡാറ്റകള്‍ ആക്‌സസ് ചെയ്യാൻ പല ആപ്പുകളും അനുമതി ചോദിക്കുന്നുണ്ട്. അതിനാല്‍ ലോണ്‍ എടുക്കുന്നവര്‍ അവരുടെ സ്വകാര്യ ഡാറ്റ നഷ്‌ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം.

ഉത്തരവാദിത്തതോടെ കടം വാങ്ങുക

മറ്റൊരു പ്രധാന കാര്യം ഒരാൾക്ക് എളുപ്പത്തിൽ തിരിച്ചടയ്ക്കാൻ കഴിയുന്ന തുക മാത്രമാണ് ഇത്തരം ആപ്പുകളിലൂടെ കടം വാങ്ങാവൂ എന്നതാണ്. ഒരു ബട്ടൺ അമർത്തിയാൽ ഇത്തരം ആപ്പുകളിലൂടെ എളുപ്പത്തില്‍ വായ്പ ലഭിക്കും. എന്നാല്‍ വാങ്ങുന്ന തുക എങ്ങനെ തിരിച്ചടക്കും എന്നത് സംബന്ധിച്ച് വ്യക്തത വരുത്തിയ ശേഷമായിരിക്കണം പണം സ്വീകരിക്കേണ്ടത്. അല്ലെങ്കില്‍ ഭാവിയില്‍ നിങ്ങള്‍ക്ക് പ്രതിസന്ധികള്‍ നേരിടേണ്ടി വരുമെന്ന കാര്യം ഓര്‍ക്കുക. കേരളത്തില്‍ ലോണ്‍ ആപ്പില്‍ നിന്ന് പണം എടുത്തവരെ ഇത്തരത്തിലുളള ചില ആപ്പുകളില്‍ നിന്നുളളവര്‍ ബന്ധപ്പെട്ട് വലിയ മാനസിക, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതായുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Precautions to avoid scams and hidden risks while borrowing money from loan apps in Kerala.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT