ഇന്ത്യയിലെ ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾ ഇന്ന് കേവലം ഒരു സുരക്ഷാ മുന്നറിയിപ്പിനപ്പുറം, രാജ്യത്തെ ജനങ്ങളുടെ സമ്പാദ്യത്തെ വിഴുങ്ങുന്ന ഗുരുതര സാമ്പത്തിക ഭീഷണിയായി മാറിയിരിക്കുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 2025-ൽ മാത്രം സൈബർ തട്ടിപ്പുകളിലൂടെ ജനങ്ങൾക്ക് നഷ്ടപ്പെട്ടത് 22,495 കോടി രൂപയാണ്. ഇതിൽ 75 ശതമാനത്തിലധികവും വ്യാജ നിക്ഷേപ പദ്ധതികൾ (Investment Scams) വഴിയാണെന്നത് ഇതിന്റെ തീവ്രത വ്യക്തമാക്കുന്നു.
2024-ൽ ഓൺലൈൻ തട്ടിപ്പിലൂടെ ജനങ്ങൾക്ക് നേരിട്ട നഷ്ടം 22,845 കോടി രൂപയായിരുന്നു. അതേസമയം തുകയിൽ നേരിയ കുറവുണ്ടായെങ്കിലും, തട്ടിപ്പ് കേസുകളുടെ എണ്ണത്തിലുണ്ടായ വൻ വർധനവ് ആശങ്കാജനകമാണ്. 2024-ൽ 22.68 ലക്ഷം പരാതികൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത്, 2025 അവസാനിച്ചപ്പോഴേക്കും ഇത് 28.15 ലക്ഷമായി ഉയർന്നു.
പ്രധാനമായും മൂന്ന് രീതികളിലാണ് വ്യാജ ഓൺലൈൻ നിക്ഷേപ പദ്ധതികൾ തട്ടിപ്പുകാർ ആസൂത്രണം ചെയ്യുന്നത്.
വ്യാജ ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകൾ: സെബി (SEBI) അംഗീകൃത വിദേശ നിക്ഷേപകരുടെ (FPI) പ്രതിനിധികളെന്ന വ്യാജേന ആളുകളെ സമീപിച്ച് വ്യാജ ആപ്പുകൾ ഡൗൺലോഡ് ചെയ്യിക്കുന്നു. ഇത്തരത്തിൽ പൂനെയിൽ മാത്രം 1,000 ശതമാനം വരെ ലാഭം വാഗ്ദാനം ചെയ്ത് 272 നിക്ഷേപകരിൽ നിന്നായി 125 കോടി രൂപ തട്ടിയെടുത്തതായി റിപ്പോർട്ട് ചെയ്തിട്ടിട്ടുണ്ട്.
പിഗ്-ബുച്ചറിംഗ് (Pig-butchering): തുടക്കത്തിൽ ചെറിയ ലാഭം നൽകി വിശ്വസിപ്പിച്ച ശേഷം, വലിയ തുക നിക്ഷേപിക്കാൻ പ്രേരിപ്പിക്കുന്നു. പിന്നീട് പണം പിൻവലിക്കാൻ ശ്രമിക്കുമ്പോൾ 'ടാക്സ്', 'കംപ്ലയൻസ് ഫീ' എന്നിവയൊക്കെ ആവശ്യപ്പെട്ട് അക്കൗണ്ട് സ്ഥിരമായി മരവിപ്പിക്കും.
വ്യാജ ലോൺ ആപ്പുകൾ: ഫോൺ കോൺടാക്റ്റുകളും വ്യക്തിഗത വിവരങ്ങളും ചോർത്തി, ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്ന രീതിയാണിത്.
ഇതിനുപുറമെ, എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്ന 'ഡീപ്പ്ഫേക്ക്' വീഡിയോകൾ വഴി പ്രമുഖ നിക്ഷേപ ഉപദേശകരുടെയും സെബി ഉദ്യോഗസ്ഥരുടെയും വ്യാജരൂപങ്ങൾ സൃഷ്ടിച്ചും പുതിയ കാലത്ത് തട്ടിപ്പുകൾ നടക്കുന്നുണ്ട്.
പൂജ്യം റിസ്കിൽ ഉറപ്പായ ലാഭം വാഗ്ദാനം ചെയ്യുക.
"ഇനി 3 സ്ലോട്ടുകൾ മാത്രം ബാക്കി" എന്നിങ്ങനെയുള്ള അനാവശ്യമായ ധൃതികൂട്ടലുകൾ വഴി വാങ്ങാൻ പ്രേരിപ്പിക്കുന്നത്.
കോർപ്പറേറ്റ് അക്കൗണ്ടുകൾക്ക് പകരം വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം ആവശ്യപ്പെടുക.
വാട്‌സ്ആപ്പ്/ടെലിഗ്രാം പ്രീമിയം ഇൻവെസ്റ്റ്‌മെന്റ് ഗ്രൂപ്പുകളിലേക്ക് നിങ്ങളെ അനുവാദമില്ലാതെ ചേർക്കുക.
ഒ.ടി.പി, യു.പി.ഐ പിൻ, സി.വി.വി അല്ലെങ്കിൽ നെറ്റ്ബാങ്കിംഗ് പാസ്‌വേഡുകൾ ആവശ്യപ്പെടുക.
ഒഫീഷ്യൽ ആപ്പ് സ്റ്റോറുകൾക്ക് പകരം ലിങ്കുകൾ വഴി ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടുക.
വ്യാജ പ്രോഫിറ്റ് സ്ക്രീൻഷോട്ടുകളും സാക്ഷ്യപത്രങ്ങളും കാണിക്കുക.
സെബി രജിസ്‌ട്രേഷൻ ഉറപ്പാക്കുക: എല്ലാ നിയമപരമായ ബ്രോക്കർമാർക്കും പ്ലാറ്റ്‌ഫോമുകൾക്കും രാജ്യത്തെ മൂലധന വിപണിയുടെ ഔദ്യോഗിക നിയന്ത്രണ ഏജൻസിയായ സെബിയുടെ (sebi.gov.in) സൈറ്റിൽ രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം. 2013-ലെ സെബി ചട്ടങ്ങൾ പ്രകാരം ഇതില്ലാത്തവർ നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് കരുതാം.
ഒഫീഷ്യൽ ആപ്പ് സ്റ്റോറുകൾ മാത്രം ഉപയോഗിക്കുക: ഗൂഗിൾ പ്ലേ സ്റ്റോർ അല്ലെങ്കിൽ ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവ വഴി മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യുക. ഡെവലപ്പർമാരുടെ വിവരങ്ങളും റിവ്യൂകളും പരിശോധിക്കുക.
കോർപ്പറേറ്റ് പേയ്‌മെന്റ് വിവരങ്ങൾ ഒത്തുനോക്കുക: പണം കൈമാറുന്നത് ജി.എസ്.ടി/പാൻ വിവരങ്ങളുമായി പൊരുത്തപ്പെടുന്ന കമ്പനിയുടെ ഔദ്യോഗിക ബിസിനസ് അക്കൗണ്ടിലേക്ക് മാത്രമായിരിക്കണം.
തട്ടിപ്പ് നടന്നതായി തിരിച്ചറിഞ്ഞാൽ എത്രയും വേഗം 1930 എന്ന നാഷണൽ സൈബർ ക്രൈം ഹെൽപ്പ്‌ലൈൻ നമ്പറിൽ ബന്ധപ്പെടുക. നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെട്ട് അക്കൗണ്ടിലെ ഇടപാടുകൾ മരവിപ്പിക്കുക. സ്ക്രീൻഷോട്ടുകൾ, ട്രാൻസാക്ഷൻ ഐ.ഡികൾ, ചാറ്റ് വിവരങ്ങൾ എന്നിവ സഹിതം —cybercrime.gov.in— എന്ന വെബ്‌സൈറ്റിൽ പരാതി നൽകുക. സെബിയുടെ 'സ്‌കോർസ്' (SCORES) പോർട്ടൽ വഴിയും പരാതിപ്പെടാം. ഇത്തരത്തിൽ വ്യാജ അക്കൗണ്ടുകളായി കണ്ടെത്തിയ ഒൻപത് ലക്ഷത്തിലധികം ബാങ്ക് അക്കൗണ്ടുകൾ ഐ.ടി ആക്ട് സെക്ഷൻ 69-A പ്രകാരം സെബി ഇതിനകം മരവിപ്പിച്ചിട്ടുണ്ട്.
അതേസമയം 2024-ലെ റിപ്പോർട്ടുകൾ പരിശോധിച്ചാൽ ഇത്തരം നിക്ഷേപ തട്ടിപ്പുകളിൽ ഇരയാകുന്നവരിൽ 60 ശതമാനവും ഡിജിറ്റൽ ഇടപാടുകളിലെ തുടക്കക്കാരാണെന്ന് കാണാം. അതിനാൽ കൃത്യമായ സാമ്പത്തിക സാക്ഷരതയും പൊതുവായുള്ള ജാഗ്രതയും മാത്രമാണ് ഇത്തരം സാമ്പത്തിക കെണികളിൽ നിന്ന് രക്ഷപ്പെടാനുള്ള ഏറ്റവും സുരക്ഷിത മാർഗ്ഗം.
Read DhanamOnline in English
Subscribe to Dhanam Magazine