Personal Finance

പഞ്ചാബ് നാഷണല്‍ ബാങ്ക് സേവിംഗ്‌സ് നിക്ഷേപ പലിശ നിരക്ക് കുറച്ചു, വിവരങ്ങള്‍ അറിയാം

പുതിയ നിരക്ക് സെപ്റ്റംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും

Dhanam News Desk

പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്ക് എല്ലാവിധ സേവിംഗ്‌സ് നിക്ഷേപങ്ങളുടെയും പലിശ നിരക്ക് കുറച്ചു. നേരത്തെയുണ്ടായിരുന്ന വാര്‍ഷിക പലിശ നിരക്ക് മൂന്ന് ശതമാനത്തില്‍നിന്ന് 2.90 ശതമാനമായാണ് കുറച്ചത്. പുതിയ നിരക്ക് സെപ്റ്റംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), ബാങ്ക് ഓഫ് ബറോഡ (ബിഒബി) എന്നിവ വാഗ്ദാനം ചെയ്യുന്ന നിക്ഷേപ നിരക്കായ 2.70 ശതമാനവും 2.75 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പരിഷ്‌കരിച്ച സേവിംഗ്‌സ് നിക്ഷേപ പലിശ നിരക്ക് ഉപഭോക്താക്കള്‍ക്ക് ഗുണകരമാണ്. പുതുക്കിയ നിരക്ക് നിലവിലുള്ളതും പുതിയതുമായ സേവിംഗ്‌സ് അക്കൗണ്ടുകള്‍ക്ക് ബാധകമാകുമെന്ന് ബാങ്ക് വ്യക്തമാക്കി.

അതേസമയം, ആഗസ്റ്റ് 1 മുതല്‍ യഥാക്രമം 7 മുതല്‍ 14 ദിവസം വരെയും 5 മുതല്‍ 10 വര്‍ഷം വരെയും കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 2.90 ശതമാനം മുതല്‍ 5.25 ശതമാനം വരെ പലിശ ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ, ഭവന വായ്പകള്‍, വാഹന വായ്പകള്‍, വ്യക്തിഗത വായ്പകള്‍, പെന്‍ഷന്‍ വായ്പകള്‍, സ്വര്‍ണ്ണ വായ്പകള്‍ എന്നിവയിലെ എല്ലാ സേവന നിരക്കുകള്‍, പ്രോസസിംഗ് ഫീസ്, ഡോക്യുമെന്റേഷന്‍ ചാര്‍ജുകള്‍ എന്നിവയും ഒഴിവാക്കുമെന്ന് പൊതുമേഖലാ ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ബാങ്കിന്റെ എല്ലാ ബ്രാഞ്ചുകളിലൂടെയും ഓണ്‍ലൈനായും ലഭ്യമാകും. പ്രോസസിംഗ് ഫീസ് ഇളവ് 2021 ഡിസംബര്‍ 31 വരെ ലഭ്യമാണ്.

ഭവന വായ്പകള്‍ക്ക് 6.80 ശതമാനവും കാര്‍ വായ്പകള്‍ക്ക് 7.15 ശതമാനവും മുതലുള്ള പലിശ നിരക്കാണ് ബാങ്ക് ഈടാക്കുന്നത്. വ്യക്തിഗത വായ്പയുടെ പലിശ നിരക്ക് 8.95 ശതമാനമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT