സൈബർ സാമ്പത്തിക തട്ടിപ്പുകളുമായും 'മണി മ്യൂൾ' (Money-mule) അക്കൗണ്ടുകളുമായും ബന്ധമുണ്ടെന്ന് സംശയിക്കുന്ന ബാങ്ക് അക്കൗണ്ടുകളിലെയും ഇടപാടുകളിലെയും താൽക്കാലിക ഡെബിറ്റ് തടഞ്ഞുവെക്കലിന് (Debit Hold) പരമാവധി 60 ദിവസത്തെ സമയപരിധി നിർദ്ദേശിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI). വ്യാജ ഇടപാടുകൾക്കെതിരെ ബാങ്കുകൾ പെട്ടെന്ന് നടപടിയെടുക്കുമ്പോൾ ഉണ്ടാകുന്ന നീണ്ട മരവിപ്പിക്കൽ കാരണം അക്കൗണ്ട് ഉടമകളായ യഥാർത്ഥ ഉപഭോക്താക്കൾ നേരിടുന്ന ബുദ്ധിമുട്ടുകൾ ലഘൂകരിക്കാനാണ് ഈ ടൈം-ബൗണ്ട് ഫ്രെയിംവർക്ക്. ആഗസ്റ്റ് 4-ലെ സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് ആർ.ബി.ഐ സമഗ്രമായ ഈ മാനദണ്ഡങ്ങൾ രൂപീകരിച്ചത്.
ഇടപാട് തിരിച്ചറിയൽ: ബാങ്കുകളുടെ എ.ഐ/മെഷീൻ ലേണിംഗ് സംവിധാനങ്ങൾ വഴി 1,000 രൂപയോ അതിനുമുകളിലോ ഉള്ള സംശയാസ്പദമായ ഇടപാടുകൾ തിരിച്ചറിഞ്ഞാൽ ബാങ്കുകൾക്ക് താൽക്കാലിക ഡെബിറ്റ് ഹോൾഡ് ഏർപ്പെടുത്താം. എന്നാൽ അക്കൗണ്ട് പൂർണമായി മരവിപ്പിക്കുന്നത് അവസാന മാർഗമായി മാത്രമേ ഉപയോഗിക്കാവൂ എന്നും ആര്‍ബിഐ പുറപ്പെടുവിച്ച കരട് മാർഗനിർദ്ദേശത്തില്‍ പറയുന്നു.
ഉപഭോക്താവിന്റെ വിശദീകരണം: തടസപ്പെടുത്തലിന്റെ കാരണം വ്യക്തമാക്കി ഉപഭോക്താവിനെ ബാങ്ക് വിവരമറിയിക്കണം. അക്കൗണ്ട് ഉടമയ്ക്ക് തങ്ങളുടെ വശം വ്യക്തമാക്കാൻ 20 ദിവസത്തെ സമയം ലഭിക്കും.
ബാങ്കിന്റെ തീരുമാനം: ഉപഭോക്താവ് മറുപടി നൽകിയാൽ 10 ദിവസത്തിനകവും, മറുപടി നൽകിയില്ലെങ്കിൽ 30 ദിവസത്തിനകവും ബാങ്ക് അന്തിമ തീരുമാനമെടുക്കണം.
പോലീസ് റഫറൽ: ഉപഭോക്താവിന്റെ വിശദീകരണത്തിൽ തൃപ്തിയില്ലെങ്കിൽ വിഷയം എൻ.സി.ആർ.പി (NCRP) പോർട്ടൽ വഴി പോലീസിന് കൈമാറും. അന്വേഷണ ഏജൻസികളുടെ നിർദ്ദേശമില്ലെങ്കിൽ 31-ാം ദിവസം തടസം ഒഴിവാക്കണം.
അന്വേഷണ ഏജൻസികളുടെ പ്രത്യേക നിർദ്ദേശങ്ങളില്ലെങ്കിൽ ഡെബിറ്റ് തടഞ്ഞുവെക്കലിന്റെ പരമാവധി സമയം 60 ദിവസമായിരിക്കും. ഒക്ടോബർ 2 നകം പൊതുജനങ്ങൾക്ക് കരട് മാർഗനിർദ്ദേശങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ സമർപ്പിക്കാം. നിർദ്ദേശങ്ങൾ 2027 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുത്താനാണ് ആർ.ബി.ഐ ലക്ഷ്യമിടുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine