Image courtesy: Canva
Personal Finance

ഭീഷണി അരുത്, ലോണ്‍ റിക്കവറി ഏജന്റുമാരുടെ ഉപദ്രവത്തിന് കടിഞ്ഞാണിട്ട് ആർബിഐ, പുതിയ മാർഗനിർദേശങ്ങളിറക്കി

ബാങ്കുകൾ നിയോഗിക്കുന്ന ഏജന്റുമാർക്ക് നിർബന്ധിത സർട്ടിഫിക്കേഷൻ ഉണ്ടായിരിക്കണം

Dhanam News Desk

വായ്പയെടുത്തവർ നേരിടുന്ന റിക്കവറി ഏജന്റുമാരുടെ ക്രൂരമായ നടപടികൾക്കും ഉപദ്രവങ്ങൾക്കും തടയിടാനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. 2026 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ നിർദേശങ്ങൾ എല്ലാ വാണിജ്യ ബാങ്കുകൾക്കും സ്മോൾ ഫിനാൻസ് ബാങ്കുകൾക്കും റീജിയണൽ റൂറൽ ബാങ്കുകൾക്കും ബാധകമാണ്.

സമയക്രമവും സന്ദർശനവും

വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് പണമെടുക്കുന്നവരെയോ ഗ്യാരന്ററെയോ രാവിലെ 8 മണി മുതൽ വൈകുന്നേരം 7 മണി വരെ മാത്രമേ ബന്ധപ്പെടാൻ പാടുള്ളൂ. രാത്രികാലങ്ങളിൽ റിക്കവറി വിളികൾ നടത്തുന്നത് പൂർണമായും നിരോധിച്ചു. കുടുംബത്തിലെ മരണം, പ്രകൃതിക്ഷോഭങ്ങൾ, കല്യാണം, ഉത്സവങ്ങൾ തുടങ്ങിയ സന്ദർഭങ്ങളിൽ സന്ദർശനം നടത്താനോ വിളിക്കാനോ പാടില്ല. പണമെടുക്കുന്നയാൾ ആവശ്യപ്പെടുന്ന സ്ഥലത്തോ അല്ലെങ്കിൽ അവരുടെ വീട്ടിലോ ജോലിസ്ഥലത്തോ മാത്രമേ ഏജന്റിന് വരാൻ അനുവാദമുള്ളൂ.

സ്വകാര്യതയും മാന്യതയും

റിക്കവറി ഏജന്റുമാർ പണമെടുക്കുന്നയാളോടോ ഗ്യാരന്ററോടോ മാത്രമേ സംസാരിക്കാവൂ. അവരുടെ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സഹപ്രവർത്തകരെയോ ബന്ധപ്പെടുന്നത് ആർബിഐ കർശനമായി വിലക്കി. ഏജന്റുമാർ എപ്പോഴും മാന്യമായും വിനീതമായും പെരുമാറണം. അസഭ്യമായ ഭാഷ ഉപയോഗിക്കുകയോ, ഭീഷണിപ്പെടുത്തുകയോ, ശാരീരികമായോ മാനസികമായോ ഉപദ്രവിക്കുകയോ ചെയ്യരുത്. സോഷ്യൽ മീഡിയ വഴിയോ ഫോൺ വഴിയോ മോശം സന്ദേശങ്ങൾ അയക്കുന്നതും അജ്ഞാത നമ്പറുകളിൽ നിന്ന് ഭീഷണിപ്പെടുത്തുന്നതും കുറ്റകരമാണ്.

ബാങ്കുകളുടെ ഉത്തരവാദിത്തം

ബാങ്കുകൾ നിയോഗിക്കുന്ന ഏജന്റുമാർക്ക് നിർബന്ധിത സർട്ടിഫിക്കേഷൻ ഉണ്ടായിരിക്കണം. ബാങ്ക് ഔദ്യോഗികമായി അധികാരപ്പെടുത്തിയ വ്യക്തികൾക്ക് മാത്രമേ വായ്പക്കാരെ സമീപിക്കാൻ അനുവാദമുള്ളൂ. പണം കൈപ്പറ്റുമ്പോൾ ഉടൻ തന്നെ രസീത് നൽകണം. കൂടാതെ, റിക്കവറി സംബന്ധിച്ച പരാതികൾ പരിഹരിക്കാൻ ബാങ്കുകൾ പ്രത്യേക സംവിധാനം (Grievance redressal mechanism) ഏർപ്പെടുത്തണമെന്നും അതിന്റെ വിവരങ്ങൾ വായ്പാ കരാറിൽ ഉൾപ്പെടുത്തണമെന്നും ആർബിഐ നിർദ്ദേശിക്കുന്നു. ഉപഭോക്താക്കളുടെ അന്തസും സ്വകാര്യതയും സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുളളതാണ് ആർബിഐ യുടെ ഈ പരിഷ്‌കാരങ്ങള്‍.

RBI introduces strict guidelines from July 2026 to curb harassment by loan recovery agents and ensure borrower privacy and dignity.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT