മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ വായ്പയെടുത്ത് തിരിച്ചടവ് മുടക്കിയാല്‍ ഉപഭോക്താക്കളുടെ ഫോണ്‍ പൂര്‍ണമായി ലോക്ക് ചെയ്യുന്ന ഡിജിറ്റല്‍ ലെന്‍ഡര്‍മാരുടെയും ഫിന്‍ടെക് കമ്പനികളുടെയും രീതിക്ക് പൂട്ടിട്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI). വായ്പ തിരിച്ചുപിടിക്കല്‍ നടപടികള്‍ കൂടുതല്‍ സുതാര്യമാക്കാനും ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കാനും ലക്ഷ്യമിട്ട് ആര്‍ബിഐ പുറത്തിറക്കിയ 'റെസ്പോണ്‍സിബിള്‍ ബിസിനസ് കണ്ടക്ട്' മാര്‍ഗനിര്‍ദ്ദേശങ്ങളുടെ കരട് ഭേദഗതിയിലാണ് കടുത്ത നിയന്ത്രണങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. പുതിയ നിയമങ്ങള്‍ 2026 ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും.
പുതിയ നിര്‍ദ്ദേശങ്ങള്‍ പ്രകാരം ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഇനിമുതല്‍ തോന്നിയതുപോലെ ഉപഭോക്താവിന്റെ ഫോണ്‍ ബ്ലോക്ക് ചെയ്യാനാകില്ല. വായ്പ കരാറില്‍ ഈ വിവരങ്ങളും പരാതി പരിഹാര മാര്‍ഗങ്ങളും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
ഏത് ഫോണ്‍ വാങ്ങാനാണോ വായ്പ നല്‍കിയത്, ആ ഉപകരണത്തില്‍ മാത്രമേ നിയന്ത്രണം കൊണ്ടുവരാന്‍ അനുവാദമുള്ളൂ. പൂര്‍ണ്ണമായ ബ്ലോക്കിംഗ് പാടില്ല. ഇന്റര്‍നെറ്റ് സേവനങ്ങള്‍, ഇന്‍കമിംഗ് കോളുകള്‍, എമര്‍ജന്‍സി എസ്ഒഎസ് (SOS) ഫീച്ചറുകള്‍, സര്‍ക്കാര്‍-പൊതു സുരക്ഷാ അറിയിപ്പുകള്‍ എന്നിവ ഒരു കാരണവശാലും നിര്‍വീര്യമാക്കാന്‍ പാടില്ല.
മാത്രമല്ല കുടിശിക വന്ന ഉടനെ ഫോണ്‍ സ്തംഭിപ്പിക്കരുത്. പകരം ഘട്ടം ഘട്ടമായി മാത്രമേ (Graduated Approach) നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താവൂ. വായ്പയെടുത്ത ആളുടെ മൊബൈല്‍ ഫോണിലുള്ള യാതൊരുവിധ വ്യക്തിഗത വിവരങ്ങളും (Data) പരിശോധിക്കാനോ, ശേഖരിക്കാനോ, ഉപയോഗിക്കാനോ ബാങ്കുകള്‍ക്കോ ധനകാര്യ സ്ഥാപനങ്ങള്‍ക്കോ ഒരു സാഹചര്യത്തിലും അവകാശമുണ്ടായിരിക്കില്ല.
കുടിശ്ശിക വരുത്തുന്ന ഉപഭോക്താക്കള്‍ക്ക് തുക അടച്ചുതീര്‍ക്കാന്‍ കൃത്യമായ സമയപരിധിയും നോട്ടീസുകളും നല്‍കിയ ശേഷമേ നടപടികളിലേക്ക് കടക്കാന്‍ പാടുള്ളൂ എന്ന് ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്.
തിരിച്ചടവ് മുടങ്ങിയാല്‍ 60 ദിവസം പിന്നിടുമ്പോള്‍ ബാങ്ക് ആദ്യത്തെ നോട്ടീസ് നല്‍കണം. കുടിശ്ശിക തീര്‍ക്കാന്‍ കുറഞ്ഞത് 21 ദിവസത്തെ സമയം അനുവദിക്കണം. ആദ്യ നോട്ടീസിന് ശേഷം രണ്ടാമതൊരു നോട്ടീസ് കൂടി നിര്‍ബന്ധമായും നല്‍കണം. ഇതില്‍ 7 ദിവസത്തെ സമയ പരിധി നല്‍കണം. രണ്ട് നോട്ടീസുകള്‍ക്കും ശേഷവും കുടിശ്ശിക അടച്ചില്ലെങ്കില്‍ മാത്രമേ ഫോണ്‍ പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അനുവാദമുള്ളൂ.
കുടശിക തുക ഉപഭോക്താവ് അടച്ചുതീര്‍ത്താല്‍ ഒരു മണിക്കൂറിനകം ഫോണിന്മേലുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കേണ്ടതുണ്ട്. വായ്പ പൂര്‍ണമായി തിരിച്ചടച്ചു കഴിഞ്ഞാല്‍ ഫോണ്‍ നിയന്ത്രിക്കാന്‍ ഉപയോഗിച്ച സാങ്കേതികവിദ്യ (Software/App) പൂര്‍ണമായും അണ്‍ഇന്‍സ്റ്റാള്‍ ചെയ്യണം. തെറ്റായ രീതിയില്‍ ഫോണ്‍ ബ്ലോക്ക് ചെയ്യുകയോ, പണം അടച്ചിട്ടും ഒരു മണിക്കൂറിനകം നിയന്ത്രണം മാറ്റാതിരിക്കുകയോ ചെയ്താല്‍, വൈകുന്ന ഓരോ മണിക്കൂറിനും 250 രൂപ നിരക്കില്‍ ബാങ്കുകള്‍ ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കേണ്ടി വരും. വായ്പ മുന്‍കൂട്ടി അടച്ചു തീര്‍ക്കാനുള്ള അവകാശവും ഉപഭോക്താവിനുണ്ടായിരിക്കും.
വായ്പ തിരിച്ചടവ് വസൂലാക്കുന്നതുമായി ബന്ധപ്പെട്ട് റിക്കവറി ഏജന്‍സികള്‍ക്കും ഏജന്റുമാര്‍ക്കും ആദ്യമായി ആര്‍ബിഐ വ്യക്തമായ പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നുണ്ട്. റിക്കവറി ഏജന്റായി ജോലി ചെയ്യുന്നവര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍സ് (IIBF) വഴി സര്‍ട്ടിഫിക്കേഷന്‍ നേടിയിരിക്കണം. ബിസിനസ് കറസ്പോണ്ടന്റുകളും ഇതിന്റെ പരിധിയില്‍ വരും.
ബാങ്കുകള്‍ ചുമതലപ്പെടുത്തിയിട്ടുള്ള റിക്കവറി ഏജന്‍സികളുടെ വിവരങ്ങള്‍ വെബ്സൈറ്റിലും ശാഖകളിലും പരസ്യപ്പെടുത്തണം. റിക്കവറി സന്ദര്‍ശനത്തിന് മുന്‍പ് ഉപഭോക്താവിനെ വിവരമറിയിക്കണം. രാവിലെ 8 മണിക്ക് മുന്‍പും വൈകിട്ട് 7 മണിക്ക് ശേഷവും ഉപഭോക്താക്കളെ ഫോണില്‍ വിളിക്കാനോ ബന്ധപ്പെടാനോ പാടില്ല.
വായ്പ തുകയെയോ റിക്കവറി പ്രക്രിയയെയോ സംബന്ധിച്ച് ഉപഭോക്താവ് നല്‍കിയ പരാതികള്‍ പരിഹരിക്കപ്പെടാതെ കിടക്കുന്നുണ്ടെങ്കില്‍ ആ കേസ് റിക്കവറി ഏജന്റുമാര്‍ക്ക് കൈമാറാന്‍ പാടില്ല. റിക്കവറി കോളുകളുടെ റെക്കോര്‍ഡുകള്‍ കുറഞ്ഞത് 6 മാസത്തേക്ക് സൂക്ഷിക്കുകയും വേണം.
അസഭ്യം പറയുകയോ, ഭീഷണിപ്പെടുത്തുകയോ, കുടുംബാംഗങ്ങളെ ശല്യം ചെയ്യുകയോ, സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കാന്‍ ശ്രമിക്കുകയോ ചെയ്താല്‍ കര്‍ശന നടപടിയുണ്ടാകും. തെറ്റായ നടപടികള്‍ മൂലം ഉപഭോക്താവിന് നഷ്ടമുണ്ടായാല്‍ ബാങ്കുകള്‍ നഷ്ടപരിഹാരം നല്‍കണം.
RBI introduces strict new rules preventing complete mobile phone blocking for loan defaults and mandates certification for recovery agents from October 2026.
Read DhanamOnline in English
Subscribe to Dhanam Magazine