Image by Canva 
Personal Finance

ലഘുസമ്പാദ്യ പദ്ധതികളിലേക്ക് പണമൊഴുക്കി ജനം; മുന്നില്‍ മുതിര്‍ന്ന പൗരന്മാര്‍

മഹിളാ സമ്മാന്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റിലും നിക്ഷേപം കൂടി

Dhanam News Desk

കേന്ദ്ര സര്‍ക്കാരിന്റെ ലഘുസമ്പാദ്യ പദ്ധതികളിലേക്കുള്ള നിക്ഷേപത്തില്‍ സെപ്റ്റംബര്‍ പാദത്തില്‍ വന്‍ കുതിപ്പ്. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സീനിയര്‍ സിറ്റിസണ്‍സ് സേവിംഗ്‌സ് സ്‌കീമാണ് (Senior Citizen's Small Savings Scheme/SCSS) ഇക്കാലയളവില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം ആകര്‍ഷിച്ചത്. കഴിഞ്ഞ വര്‍ഷം 28,715 കോടി രൂപ നിക്ഷേപമെത്തിയിടത്ത് ഇക്കുറി 160 ശതമാനം വളര്‍ച്ചയോടെ 74,675 കോടി രൂപയായായി. മുന്‍ വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് രണ്ടിരട്ടിയിലേറെ നിക്ഷേപമാണ് ഇക്കാലയളവിലെത്തിയത്. ഇതോടെ സീനിയര്‍ സേവിംഗ്‌സ് സ്‌കീമിലെ മൊത്തം നിക്ഷേപം ഒരു ലക്ഷം കോടി കടന്നു.

പലിശയും നിക്ഷേപപരിധിയും

സീനിയല്‍ സിറ്റിസണ്‍സ് സേവിംഗ് സ്‌കീമിന്റെ പലിശ ജൂണ്‍ പാദത്തില്‍ 8 ശതമാനത്തില്‍ നിന്ന് 8.2 ശതമാനമായി വര്‍ധിപ്പിച്ചതാണ് കൂടുതല്‍ പേരെ നിക്ഷേപത്തിലേക്ക് ആകര്‍ഷിച്ചത്. കൂടാതെ കഴിഞ്ഞ ഏപ്രിലില്‍ നിക്ഷേപ പരിധി 15 ലക്ഷം രൂപയില്‍ നിന്ന് 30 ലക്ഷം രൂപയാക്കി ഉയര്‍ത്തുകയും ചെയ്തിരുന്നു. ഉയര്‍ന്ന പലിശയ്‌ക്കൊപ്പം നിക്ഷേപ പരിധി ഉയര്‍ത്തിയതും കൂടുതല്‍ പേര്‍ പദ്ധതി പ്രയോജനപ്പെടുത്താനിടയാക്കി.

മഹിളാ സമ്മാന്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ്

വനിതകള്‍ക്കായുള്ള മഹിളാ സമ്മാന്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് (Mahila Samman Savings Certificate) വഴി ഇക്കാലയളവിൽ  13,512 കോടി രൂപയാണ് നിക്ഷേപമായെത്തിയത്. വനിതകള്‍ക്ക് ഒറ്റത്തവണയായി രണ്ട് ലക്ഷം രൂപ വരെ നിക്ഷേപിക്കാനാകുന്ന പദ്ധതിയാണിത്. 7.5 ശതമാനമാണ് പലിശ നിരക്ക്.

പെണ്‍കുട്ടികളുടെ പേരില്‍ നിക്ഷേപിക്കാവുന്ന സുകന്യ സമൃദ്ധി യോജന, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് സ്‌കീം എന്നിവയാണ് കൂടുതല്‍ ജനപ്രീതിയുള്ള മറ്റു ചെറു സമ്പാദ്യ പദ്ധതികള്‍. ഇതില്‍ പി.പി.എഫിന്റെ പലിശ നിരക്ക് 7.1 ശതമാനം മാത്രമാണ്. പലിശയ്ക്ക് നികുതി ഇല്ലെന്നതാണ് പദ്ധതിയുടെ ആകര്‍ഷണം. ചെറുസമ്പാദ്യ പദ്ധതികളില്‍ അഞ്ച് വര്‍ഷ കാലാവധിയുള്ള റിക്കറിംഗ് ഡിപ്പോസിറ്റ് നിരക്ക് മാത്രമാണ് ഡിസംബര്‍ പാദത്തില്‍ 0.2 ശതമാനം വര്‍ധിപ്പിച്ചിട്ടുള്ളത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT