പ്രതിമാസം 15,000 രൂപയുടെ വാടക കൃത്യമായി നൽകുന്നുണ്ട്. വൈദ്യുതി, വെള്ളം, ഫോൺ ബില്ലുകളും മുടക്കമില്ലാതെ അടയ്ക്കുന്നു. എന്നിട്ടും ഒരു ഹോം ലോണിനായി ബാങ്കിനെ സമീപിക്കുമ്പോൾ 'ക്രെഡിറ്റ് ഹിസ്റ്ററി ഇല്ല' എന്ന കാരണം പറഞ്ഞ് അപേക്ഷ നിരസിക്കപ്പെടുന്നത് പലരെയും നിരാശരാക്കാറുണ്ട്. അതേസമയം, ചെറിയൊരു ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച്, തിരിച്ചടവുകൾ നടത്തുന്ന മറ്റൊരു വ്യക്തിക്ക് മികച്ച ക്രെഡിറ്റ് സ്കോറും ലഭിക്കുന്നു. സാമ്പത്തിക അച്ചടക്കത്തിൽ യാതൊരുവിധത്തിലും പിന്നിലല്ലെങ്കിലും, ഔപചാരിക വായ്പാ ചരിത്രമില്ലാത്തവരെ (Credit History) പരമ്പരാഗത ക്രെഡിറ്റ് വിശകലന സമ്പ്രദായങ്ങളിൽ എങ്ങനെ പിന്തള്ളപ്പെടുന്നു എന്നതിന്റെ നേർക്കാഴ്ചയാണിത്.
വായ്പാ തിരിച്ചടവ്, ക്രെഡിറ്റ് കാർഡ് ഉപയോഗം, നിലവിലുള്ള കടബാധ്യതകൾ തുടങ്ങിയവയാണ് സാധാരണയായി ക്രെഡിറ്റ് സ്കോർ നിർണയിക്കുന്നതിൽ പ്രധാന ഘടകങ്ങളാകുന്നത്. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നൽകുന്ന വിവരങ്ങളാണ് സിബിൽ (CIBIL) ഉൾപ്പെടെയുള്ള ക്രെഡിറ്റ് ബ്യൂറോകൾ പ്രധാനമായും ഉപയോഗിക്കുന്നത്. അതിനാൽ, വീട്ടുടമയ്ക്ക് ബാങ്ക് ട്രാൻസ്ഫർ വഴി വാടക നൽകിയതുകൊണ്ടു മാത്രം ആ വിവരം ക്രെഡിറ്റ് റിപ്പോർട്ടിൽ ഇടംപിടിക്കണമെന്നില്ല.
വാടക വിവരങ്ങൾ ക്രെഡിറ്റ് ബ്യൂറോകളിൽ രേഖപ്പെടുത്തുകയും, ബന്ധപ്പെട്ട ഏജൻസികൾ അത് അംഗീകരിക്കുകയോ അല്ലെങ്കിൽ വായ്പാദാതാവായ ബാങ്ക്, വായ്പയ്ക്കുള്ള അപേക്ഷ പരിഗണിക്കുമ്പോൾ അത് പ്രത്യേകമായി കണക്കിലെടുക്കുകയും ചെയ്താൽ മാത്രമേ ഇതിന്റെ ഗുണഫലം കിട്ടുകയുള്ളൂ.
കൃത്യമായ വാടക തിരിച്ചടവ് ചരിത്രത്തിന്റെ ഏറ്റവും പ്രായോഗികമായ നേട്ടം, ഭവന വായ്പ അപേക്ഷകളിലെ വിലയിരുത്തലിലാണ്. മുടക്കമില്ലാതെ വാടക നൽകുന്നതിലൂടെ ഒരാളുടെ സാമ്പത്തിക അച്ചടക്കവും, പ്രതിമാസ ബാധ്യതകൾ കൃത്യമായി നിറവേറ്റാനുള്ള ശേഷിയുമാണ് വായ്പാദാതാക്കൾ തിരിച്ചറിയുന്നത്. എന്നിരുന്നാലും മൊത്തത്തിലുള്ള വരുമാനം, തൊഴിൽ സ്ഥിരത, നിലവിലുള്ള മറ്റ് ബാധ്യതകൾ, തിരിച്ചടവുശേഷി, മുൻകാല ക്രെഡിറ്റ് വിവരങ്ങൾ എന്നിവയോടൊപ്പം മാത്രമാണ് ഇത്തരം രേഖകൾ ബാങ്കുകൾ പരിഗണിക്കുന്നത്. വാടക കൃത്യമായി നൽകി എന്നതുകൊണ്ടു മാത്രം ഒരു ലോൺ തടസ്സമില്ലാതെ ലഭിക്കുമെന്നോ കുറഞ്ഞ പലിശ നിരക്ക് ഉറപ്പാണെന്നോ ഇതിലൂടെ കരുതാനാകില്ല.
സ്ഥിരവരുമാനമോ ഔപചാരിക ക്രെഡിറ്റ് ഹിസ്റ്ററിയോ ഇല്ലാത്ത ഗിഗ് തൊഴിലാളികൾ, യുവ പ്രൊഫഷണലുകൾ, ആദ്യമായി വായ്പ തേടുന്നവർ തുടങ്ങിയവർക്ക് ബദൽ സാമ്പത്തിക വിവരങ്ങൾ സഹായകമായേക്കാം. വാടക, വൈദ്യുതി, ടെലികോം ബില്ലുകൾ, ബാങ്ക് അക്കൗണ്ടിലെ പണമൊഴുക്ക് തുടങ്ങിയവ ക്രെഡിറ്റ് വിലയിരുത്തലിന് അധിക സൂചനകൾ നൽകും. വരുമാനം മാസംതോറും മാറിയാലും വാടകയും മറ്റ് ആവർത്തിച്ചുള്ള ചെലവുകളും കൃത്യമായി കൈകാര്യം ചെയ്യുന്ന ഒരാളുടെ സാമ്പത്തിക പെരുമാറ്റം ഇതിലൂടെ വിലയിരുത്താനാകും. എന്നാൽ പരമ്പരാഗത ക്രെഡിറ്റ് സ്കോറിന് പകരമാകുന്നതല്ല ഇത്തരം വിവരങ്ങൾ.
വാടക അടയ്ക്കുന്നതിന്റെ ചരിത്രവും വാടകക്കാരന്റെ പ്രൊഫൈലും അടിസ്ഥാനമാക്കി 'റന്റൻപേ' (RentenPe) നൽകുന്ന പ്രത്യേക ബദൽ സ്കോറാണ് 'റന്റ് സ്കോർ' അഥവാ 'ആർ-സ്കോർ'. ഉപഭോക്താവിന്റെ തിരിച്ചറിയൽ രേഖകൾ, വാടക ചരിത്രം, ഈ ബദൽ സ്കോർ എന്നിവ ഉൾപ്പെടുന്നതാണ് കമ്പനിയുടെ 'റെസിഡൻസ് കാർഡ്'.
റന്റൻപേ ആപ്പിലൂടെ തുടർച്ചയായി ആറുമാസം വാടക അടയ്ക്കുകയാണെങ്കിൽ ആർ-സ്കോർ ഗണ്യമായി മെച്ചപ്പെടുത്താൻ കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. കൂടാതെ, ആറുമാസമോ അതിലധികമോ കാലയളവിലെ പരിശോധിച്ചുറപ്പിച്ച വാടക വിവരങ്ങൾ ഭവന വായ്പ വിലയിരുത്തലുകളിൽ പരിഗണിക്കാമെന്ന് ചില ബാങ്കുകളും എൻ.ബി.എഫ്.സികളും സൂചിപ്പിച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കുന്നു. എങ്കിലും, എല്ലാ വായ്പാദാതാക്കളും ഈ പുതിയ സ്കോർ ഔദ്യോഗികമായി അംഗീകരിക്കുമെന്ന കാര്യത്തിൽ ഇനിയും വ്യക്തത വരാനുണ്ട്.
വാടക ഡിജിറ്റലായി അടച്ച് രസീതുകളും ഇടപാട് രേഖകളും സൂക്ഷിക്കുക. വീട്ടുടമയുടെ വിവരങ്ങൾ കൃത്യമാണെന്ന് ഉറപ്പാക്കുക. വാടക റിപ്പോർട്ടിങ് സേവനം ഉപയോഗിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട ക്രെഡിറ്റ് ബ്യൂറോയും വായ്പാദാതാക്കളും അതിനെ അംഗീകരിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം. ശേഖരിക്കുന്ന വിവരങ്ങൾ ആര് ഉപയോഗിക്കും, എങ്ങനെ സുരക്ഷിതമാക്കും, തെറ്റായ രേഖകൾ തിരുത്താൻ സംവിധാനമുണ്ടോ തുടങ്ങിയ കാര്യങ്ങളും മനസ്സിലാക്കണം. ആവശ്യമെങ്കിൽ സെക്വേർഡ് ക്രെഡിറ്റ് കാർഡ് (Secured Credit Card) പോലുള്ള മറ്റ് മാർഗങ്ങളിലൂടെ പരമ്പരാഗത ക്രെഡിറ്റ് ഹിസ്റ്ററിയും ഒപ്പം കെട്ടിപ്പടുക്കാൻ ശ്രദ്ധിക്കുക.
ചുരുക്കത്തിൽ, വാടക കൃത്യമായി നൽകുന്നത്, സാമ്പത്തിക അച്ചടക്കത്തിന്റെ തെളിവാണ്. പക്ഷേ അത് സ്വയം ഒരു സിബിൽ സ്കോറായി മാറില്ല. പരിശോധിച്ചുറപ്പിച്ച വാടക വിവരങ്ങൾക്ക് വായ്പാദാതാവിന്റെ അംഗീകാരം കൂടി ലഭിക്കുമ്പോഴാണ് യഥാർത്ഥത്തിൽ വായ്പാ യോഗ്യത മെച്ചപ്പെടുത്താനുള്ള പുതിയ സാധ്യതകൾ തുറക്കപ്പെടുന്നത്.
Timely rent payments do not automatically improve a CIBIL score, but verified rental records and alternative scoring models such as RentenPe’s R Score may offer additional information to lenders assessing home loan applications.
Read DhanamOnline in English
Subscribe to Dhanam Magazine