വിദ്യാഭ്യാസം ഇന്ന് കൂടുതൽ ചെലവേറിയതായി മാറിയിരിക്കുകയാണ്. പ്രത്യേകിച്ച് സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ വിദേശ രാജ്യങ്ങളിലോ വിദ്യാഭ്യാസം നടത്താന്‍ ആഗ്രഹിക്കുകയാണെങ്കില്‍ ചെലവ് വളരെയധികം ഉയര്‍ന്നതായിരിക്കും. ഈ അവസരങ്ങളില്‍ കുടുംബങ്ങള്‍ സാധാരണയായി വിദ്യാഭ്യാസ വായ്പകളെ ആശ്രയിക്കുന്നത് പതിവാണ്. വിദ്യാഭ്യാസ വായ്പ എടുക്കുന്ന പ്രക്രിയയില്‍ ധനകാര്യ സ്ഥാപനങ്ങള്‍ അധിക ഉറപ്പിനായി ഗ്യാരണ്ടി നില്‍ക്കാന്‍ ഒരാളെ ആവശ്യപ്പെടാറുണ്ട്.
വായ്പ എടുക്കുന്നയാൾ തിരിച്ചടയ്ക്കുന്നില്ലെങ്കിൽ വായ്പ തിരിച്ചടവിന് ഉത്തരവാദിയാണെന്ന് സമ്മതിക്കുകയാണ് ഗ്യാരണ്ടി നില്‍ക്കുന്നയാള്‍ ചെയ്യുന്നത്. മിക്ക വിദ്യാഭ്യാസ വായ്പകൾക്കും ദീർഘകാല കാലാവധിയുളളതിനാലാണ് സാധാരണയായി ധനകാര്യ സ്ഥാപനങ്ങള്‍ ഗ്യാരണ്ടി നില്‍ക്കാന്‍ ഒരാളെ നിര്‍ദേശിക്കണമെന്ന നിബന്ധന മുന്നോട്ടു വെക്കുന്നത്. ഗ്യാരണ്ടി നില്‍ക്കുന്നയാളും സഹ-അപേക്ഷകരും തമ്മില്‍ വ്യത്യാസമുണ്ടെന്ന കാര്യം ശ്രദ്ധിക്കുക. വായ്പ എടുത്തയാളുടെ തിരിച്ചടവ് മുടങ്ങിയാൽ മാത്രമാണ് ഗ്യാരണ്ടി നില്‍ക്കുന്നയാള്‍ ഉത്തരവാദിയാകുക. അതേസമയം വായ്പയുടെ തുടക്കം മുതൽ തന്നെ, അത് തിരിച്ചടയ്ക്കാൻ സഹ-അപേക്ഷകന് ഉത്തരവാദിത്തമുണ്ട്.
വായ്പയുടെ അപകടസാധ്യത കുറയ്ക്കുന്നതിനാണ് ബാങ്കുകൾ ഗ്യാരണ്ടർമാരെ ആവശ്യപ്പെടുന്നത്. സ്ഥിരമായ വരുമാനവും മികച്ച ക്രെഡിറ്റ് ചരിത്രവുമുള്ള ഒരു ഗ്യാരണ്ടർ, വായ്പ തിരിച്ചടയ്ക്കപ്പെടുമെന്ന് ബാങ്കുകള്‍ക്ക് ഉറപ്പു നല്‍കുന്നു.
നിയമപരവും സാമ്പത്തികവുമായ ബാധ്യതകൾ: വിദ്യാർത്ഥി വായ്പ തിരിച്ചടച്ചില്ലെങ്കിൽ, ഗ്യാരണ്ടർ എന്ന നിലയിൽ നിങ്ങളിൽ നിന്ന് ബാങ്ക് തിരിച്ചടവ് ആവശ്യപ്പെടുന്നതാണ്.
ക്രെഡിറ്റ് സ്കോറിൽ ഉണ്ടാകുന്ന ആഘാതം: വിദ്യാർത്ഥി വായ്പ തിരിച്ചടയ്ക്കാതിരിക്കുകയും ഇഎംഐ കളും കുടിശ്ശികകളും വരുത്തുകയും ചെയ്താൽ, അത് ഗ്യാരണ്ടർ എന്ന നിലയിൽ നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെയും പ്രതികൂലമായി ബാധിക്കും.
ഗ്യാരണ്ടറുടെ വായ്പാ യോഗ്യതയിലുള്ള ആഘാതം: ഗ്യാരണ്ടർ പദവി എന്നത് ധനകാര്യ സ്ഥാപനങ്ങള്‍ ബാധ്യതയായാണ് കണക്കാക്കുന്നത്. അതിനാൽ വീട്, വാഹന, പേഴ്സണല്‍ ലോണുകള്‍ക്ക് ചിലപ്പോള്‍ നിങ്ങള്‍ ആകർഷകമല്ലാത്ത അവസ്ഥ ഉണ്ടായേക്കാം.
അതേസമയം, നിങ്ങൾക്ക് മറ്റ് ഉയർന്ന തലത്തിലുള്ള വലിയ വായ്പകളുടെ ബാധ്യത ഏറ്റെടുക്കേണ്ടി വന്നാല്‍ ഗ്യാരണ്ടര്‍ എന്ന നിലയില്‍ പിൻവലിയുന്നത് സംബന്ധിച്ച് ഉചിതമായി തീരുമാനിക്കാം.
പ്രിയപ്പെട്ട ഒരാളുടെ ജീവിത ഉന്നമനത്തിനായി ഗ്യാരണ്ടി നില്‍ക്കുമ്പോള്‍, വിദ്യാർത്ഥിക്ക് നിങ്ങളുടെ പേരിൽ പ്രവേശനം ലഭിക്കുകയും ഫീസ് അടയ്ക്കുകയും ഉന്നത പഠനം നടത്തുകയും ചെയ്യാം എന്ന ചാരിതാര്‍ത്ഥ്യം നിങ്ങളില്‍ ഉണ്ടാകുന്നു. കൂടാതെ ഒരു കുടുംബാംഗത്തെ അവരുടെ വിദ്യാഭ്യാസത്തിന് സഹായിക്കുന്നത് നിങ്ങൾക് സംതൃപ്തിയും അഭിമാനവും നൽകുന്നതായിരിക്കും. അതിനാല്‍ ലോണുകള്‍ക്ക് ഗ്യാരണ്ടി നില്‍ക്കുമ്പോള്‍ അപകടസാധ്യതകളെക്കുറിച്ച് ചിന്തിക്കുകയും വിവേകത്തോടെ പ്രവർത്തിക്കുകയും ചെയ്യുക.
Understanding the financial and legal responsibilities of becoming a guarantor for an education loan.
Read DhanamOnline in English
Subscribe to Dhanam Magazine