Image courtesy: Canva
Personal Finance

റിട്ടയര്‍മെന്റ് പ്ലാനിങ്: സാമ്പത്തിക സുരക്ഷയ്ക്ക് പുറമെ സന്തോഷകരമായ ‘സെക്കന്റ് ഇന്നിങ്‌സ്’ എങ്ങനെ ഒരുക്കാം?

റിട്ടയര്‍മെന്റ് പ്ലാനിങ് എന്നാല്‍ ജോലിയെല്ലാം നിര്‍ത്തി, വെറുതെ ഇരിക്കലല്ല; പിന്നെ എന്താണ്?

Dhanam News Desk

ബാലചന്ദ്രന്‍ വിശ്വറാം

അടുത്തിടെ ധനം ബിസിനസ് മീഡിയ കൊച്ചി ഐഎംഎ ഹൗസില്‍ നടത്തിയ ധനം ഹെല്‍ത്ത്‌കെയര്‍ സമിറ്റില്‍ ഞാന്‍ സംബന്ധിച്ചിരുന്നു. വിവിധ വിഷയങ്ങളെ അധികരിച്ച് ഒട്ടേറെ വിദഗ്ധര്‍ പ്രഭാഷണങ്ങള്‍ നടത്തി. പാനല്‍ ചര്‍ച്ചകളും അരങ്ങേറി. അതില്‍ എന്നെ ഏറെ സ്പര്‍ശിച്ച ഒരു കാര്യം കേരളത്തില്‍ കുതിച്ചുയരുന്ന മുതിര്‍ന്ന പൗരന്മാരുടെ ജനസംഖ്യയെ കുറിച്ചുള്ള നിരീക്ഷണങ്ങളാണ്.

പാനല്‍ ചര്‍ച്ചയില്‍ സംസാരിച്ച ഡോ. മാത്യു നുമ്പേലി ഈ വിഷയത്തെ കുറിച്ച് ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ നടത്തുകയും ചെയ്തു. മക്കള്‍ വിദേശത്ത് ഉപരിപഠനത്തിനോ ജോലിക്കോ പോകുന്നതോടെ വീട്ടില്‍ മുതിര്‍ന്ന പൗരന്മാരായ മാതാപിതാക്കള്‍ മാത്രമാകുന്നു. ഇവരില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ ജീവനക്കാരോ, സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരോ അധ്യാപകരോ ഒക്കെയാണ്. വിരമിക്കല്‍ പ്രായമെത്തിയാല്‍ ജോലിയില്‍ നിന്ന് പിരിയണം. അതിന് ശേഷം ഇവര്‍ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല എന്ന അവസ്ഥയാണ്.

വിരമിച്ച ശേഷം ജോലിക്ക് പോകേണ്ടതില്ല. തിരക്കിട്ട ജീവിതരീതി ഒറ്റ ദിവസം കൊണ്ട് സ്വിച്ചിട്ട പോലെ നില്‍ക്കും. അത് നല്ല കാര്യമല്ലേ എന്നൊക്കെ ഒറ്റ നോട്ടത്തില്‍ തോന്നും. പക്ഷേ അപകടകരമായ കാര്യമാണത്. നിങ്ങള്‍ അതിവേഗമൊരു രോഗിയായി മാറും.

കോവിഡ് വ്യാപന കാലത്തെ കാര്യം ഞാന്‍ ആലോചിക്കാറുണ്ട്. ലോക്ക്ഡൗണിന്റെ ആരംഭ ദിവസങ്ങള്‍ വെറുതെ ഇരിക്കാന്‍ രസമായിരുന്നു. വായന, ടിവി കാണല്‍ ഒക്കെയായി ആസ്വദിച്ചു. പക്ഷേ കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞതോടെ ഞാന്‍ വല്ലാത്ത മാനസിക സമ്മര്‍ദ്ദത്തിലായി.

സാമ്പത്തിക ഉപദേഷ്ടാക്കള്‍ റിട്ടയര്‍മെന്റ് പ്ലാനിങ്ങിനെ കുറിച്ച് പറയാറുണ്ട്. പക്ഷേ ജോലിയില്‍ നിന്ന് വിരമിച്ച്, കുറച്ച് ദിവസം കഴിയുമ്പോഴുണ്ടാകുന്ന മാനസിക പ്രയാസങ്ങളെ കുറിച്ച് പൊതുവെ അങ്ങനെ പറയാറില്ല. റിട്ടയര്‍മെന്റ് പ്ലാനിങ് എന്നാല്‍ പ്രാഥമിക വരുമാനം ലഭിക്കുന്ന ജോലിയില്‍ നിന്ന് മാറി, നിങ്ങള്‍ക്ക് മാനസിക സംതൃപ്തി നല്‍കുന്ന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ്.

ജോലി എന്തിനാണ്?

നമ്മള്‍ എന്തിനാണ് ജോലി ചെയ്യുന്നത്? ജീവിക്കാന്‍ ആവശ്യമായ പണം കണ്ടെത്തുന്നതിന്, ആഗ്രഹങ്ങള്‍ സാധിക്കാന്‍, സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടാന്‍. ചെയ്യുന്ന ജോലി മടുപ്പിക്കുന്നതാണെങ്കിലും അത് ചെയ്യാന്‍ നിര്‍ബന്ധിതരാകും. കാരണമെന്താണ്? ആ ജോലിയില്ലാതായാലുള്ള പ്രത്യാഘാതം അവര്‍ക്കറിയാം. ശമ്പളമില്ലാതെ വന്നാല്‍ കാര്യങ്ങള്‍ അവതാളത്തിലാകും.

ഇനിയൊന്ന് ചിന്തിച്ചുനോക്കൂ. നിങ്ങള്‍ സാമ്പത്തികമായി സ്വന്തം കാലില്‍ നില്‍ക്കുകയാണ്. എല്ലാ ചെലവുകളും നടന്നുപോകാനുള്ള പണം മാസംതോറും കയ്യില്‍ വരും. നിങ്ങളുടെ സമ്മര്‍ദ്ദം കുറയില്ലേ? അത് തന്നെയാണ് റിട്ടയര്‍മെന്റ് പ്ലാനിങ്ങിന്റെ നിര്‍വചനവും. നിങ്ങള്‍ക്ക് മാസച്ചെലവുകള്‍ നടക്കാനുള്ള പണം കയ്യില്‍ വരുന്നു. യഥേഷ്ടം സമയമുണ്ട്. അപ്പോള്‍ മാനസികമായി ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ ചെയ്യാം. എത്ര ചെയ്താലും മടുപ്പിക്കാത്ത ജോലിയാണെന്ന തോന്നല്‍ ഇല്ലാതെ ആസ്വദിച്ച് ചെയ്യാന്‍ പറ്റുന്ന കാര്യം നിങ്ങള്‍ അപ്പോള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു.

റിട്ടയര്‍മെന്റ് പ്ലാനിങ് ബുദ്ധിമുട്ടേറിയ കാര്യമല്ല. നിങ്ങളുടെ വരുമാനത്തിന്റെ 20 ശതമാനം, പ്രതിവര്‍ഷം 12 ശതമാനം പലിശ കിട്ടുന്ന ഒരു നിക്ഷേപ മാര്‍ഗത്തില്‍ 20 വര്‍ഷം നിക്ഷേപിക്കണം. ഇത് നിങ്ങളുടെ റിട്ടയര്‍മെന്റ് കാലത്തെ പ്രതിമാസ വരുമാനം നടത്തിക്കൊണ്ടുപോകാനുള്ള സമ്പാദ്യമായി വരും.

ഉദാഹരണത്തിന് നിങ്ങളുടെ വാര്‍ഷിക വരുമാനം 12 ലക്ഷമാണെന്ന് കരുതുക. അതായത് മാസം ഒരുലക്ഷം രൂപ. അതിന്റെ 20 ശതമാനം, അതായത് 20,000 രൂപ 20 വര്‍ഷം എസ്ഐപിയായി നിക്ഷേപിക്കുക. 12 ശതമാനം വാര്‍ഷിക പലിശ കണക്കാക്കിയാല്‍ ഏതാണ്ട് രണ്ട് കോടി രൂപ സമ്പാദ്യമുണ്ടാകും.

21-ാം വര്‍ഷത്തില്‍ പ്രതിമാസം ഒരുലക്ഷം രൂപ വീതം പിന്‍വലിക്കാം. അങ്ങനെ ചെയ്താല്‍ പോലും 30 വര്‍ഷം ഇത് തുടരാം. അതും ഫണ്ട് മൂല്യം കുറയാതെ തന്നെ.ഇത് നിങ്ങളുടെ മാനസിക സമ്മര്‍ദ്ദം കുറക്കും. പക്ഷേ റിട്ടയര്‍മെന്റിന് ശേഷം ഞാന്‍ എന്തുചെയ്യുമെന്ന് ചോദ്യത്തിന് ഉത്തരം, തീര്‍ച്ചയായും വേണം.

ഇതും ഒരു തുടക്കം

രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് വരെ നീളുന്ന ജോലിക്ക് പോകേണ്ടാത്തത് അനുഗ്രഹമായെടുത്ത് ഏറെ ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യണം. അത് എന്തുമാകാം. പാട്ട്, ചിത്രംവര, ക്രാഫ്റ്റിങ്, എഴുത്ത്, പൂന്തോട്ട പരിപാലനം, ട്യൂഷന്‍, കേറ്ററിങ്, വ്‌ളോഗിങ്... അങ്ങനെ എന്തും. നിങ്ങള്‍ക്ക് ചെയ്യാന്‍ ഇഷ്ടമുള്ളത് ജോലിയിലിരിക്കെ തന്നെ ചെറുതായി തുടങ്ങിനോക്കുക. വിരമിച്ചതിന് ശേഷം അത് പൂര്‍ണതോതില്‍ ചെയ്തുതുടങ്ങാം. ഇനി സാമൂഹ്യ സേവനമാണ് നിങ്ങള്‍ക്ക് ഇഷ്ടമെങ്കില്‍ അതും ചെയ്യാം. അപ്പോള്‍ പണമൊന്നും കിട്ടില്ല. അതുംകൂടി മനസില്‍ വെക്കണം. ജോലിയില്‍ നിന്ന് വിരമിക്കുന്നത് ഒരു അവസാനമല്ല. മറ്റൊരു ഇന്നിങ്‌സിന്റെ തുടക്കമാണ്. ആ ഇന്നിങ്‌സ് എങ്ങനെയാകണമെന്ന് ആലോചിച്ച് തയാറെടുക്കുന്നതും റിട്ടയര്‍മെന്റ് പ്ലാനിങ് തന്നെയാണ്.

സാമ്പത്തികമായി മാത്രം സുരക്ഷിതരായാല്‍ പോര. മനസും ശരീരവും ആരോഗ്യത്തോടെ നിലനില്‍ക്കണം. അതുകൊണ്ട് നിങ്ങളുടെ പാഷന്‍ ഏതിലാണെന്ന് തിരിച്ചറിയൂ. അത് ആസ്വദിച്ച് ചെയ്യാന്‍ വേണ്ട കാര്യങ്ങള്‍ കൂടി മുന്‍കൂട്ടി തയാറാക്കി തുടങ്ങൂ.

(Originally published in Dhanam Magazine December 28, 2025 issue.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT