canva
Personal Finance

റിട്ടയര്‍മെന്റ് കഴിഞ്ഞാലും മാസം ₹1.5 ലക്ഷം വീതം കിട്ടും! വയസുകാലത്ത് ആരെയും ആശ്രയിക്കാതെ ജീവിക്കാന്‍ ഒരു പദ്ധതി

റിവേഴ്‌സ് മോര്‍ട്ടേജ് (Reverse Mortgage) രീതിയിലൂടെയാണ് വീട് വില്‍ക്കാതെ തന്നെ ആവശ്യങ്ങള്‍ക്കുള്ള പണം കണ്ടെത്താന്‍ കഴിയുന്നത്

Dhanam News Desk

ജീവിതകാലം മുഴുവന്‍ ജോലി ചെയ്ത സമ്പാദ്യം ഉപയോഗിച്ചാകും മിക്കവരും സ്വന്തമായൊരു വീടുണ്ടാക്കുന്നത്. റിട്ടയര്‍ ചെയ്താല്‍ പലരുടെയും വരുമാന സാധ്യതകള്‍ കുറയുകയും ഇത്രയും പണം മുടക്കി വീട് വെക്കേണ്ടിയിരുന്നില്ല എന്ന ചിന്ത തുടങ്ങുകയും ചെയ്യും. എന്നാല്‍ ഈ വീട് ഉപയോഗിച്ച് പ്രതിമാസം ഒന്നര ലക്ഷം രൂപ വരെ ലഭിക്കുന്ന പദ്ധതിയുണ്ടെന്ന് എത്ര പേര്‍ക്കറിയാം. അടുത്തിടെ ലിങ്ക്ഡ്ഇനില്‍ ഇന്‍വെസ്റ്റ് ബാങ്കറും സാമ്പത്തിക ഉപദേശകനുമായ സാര്‍ത്ഥക് അഹൂജ പങ്കുവെച്ച കുറിപ്പ് ഇപ്പോള്‍ വലിയ ചര്‍ച്ചയാണ്. റിവേഴ്‌സ് മോര്‍ട്ട്‌ഗേജ് (Reverse Mortgage) രീതിയിലൂടെയാണ് വീട് വില്‍ക്കാതെ തന്നെ ആവശ്യങ്ങള്‍ക്കുള്ള പണം കണ്ടെത്താന്‍ കഴിയുന്നത്. ഇതെങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്.

എന്താണ് റിവേഴ്‌സ് മോര്‍ട്ടേജ്

സ്വന്തം വീട് ജാമ്യമായി നല്‍കി ബാങ്കുകളില്‍ നിന്ന് വായ്പയെടുക്കാന്‍ കഴിയുന്ന പദ്ധതിയാണിത്. പക്ഷേ, പരമ്പരാഗത ബാങ്ക് വായ്പകളെപ്പോലെ പ്രതിമാസ വായ്പാ തിരിച്ചടവുണ്ടാകില്ല. പകരം വീട്ടുടമക്ക് പ്രതിമാസ തവണകളായോ മുഴുവനായോ നിശ്ചിത തുക കൈമാറും. പ്രതിമാസം 1.5 ലക്ഷം രൂപ വീതം 20 വര്‍ഷത്തേക്ക് വരെ ഇത്തരത്തില്‍ ലഭിക്കും. പകരം വീടിന്റെ ഉടമസ്ഥാവകാശത്തില്‍ 40 ശതമാനം ബാങ്കിന് കൈമാറണം. ജീവിത സായാഹ്നത്തില്‍ ആര്‍ക്ക് മുന്നിലും കൈനീട്ടാതെ സ്വന്തം വീടിന്റെ സാമ്പത്തിക സാധ്യത പരമാവധി പ്രയോജനപ്പെടുത്തി ചെലവിനുള്ള പണം കണ്ടെത്താമെന്നതാണ് പ്രധാന ഉപയോഗം

വീട്ടില്‍ നിന്ന് ഇറക്കിവിടില്ലേ

വീട്ടുടമയോ പങ്കാളിയോ ജീവിച്ചിരിക്കുന്നത് വരെ അതേ വീട്ടില്‍ തന്നെ താമസിക്കാന്‍ കഴിയും. ജീവിച്ചിരിക്കുമ്പോള്‍ ഇവരെ കുടിയിറക്കരുതെന്നാണ് നിയമം. ബാങ്കില്‍ നിന്ന് ലഭിക്കുന്ന പണമെല്ലാം നികുതി രഹിതമാണ്. റിട്ടയര്‍മെന്റായവര്‍ക്ക് നിത്യച്ചെലവുകള്‍ക്കും ആരോഗ്യകാര്യത്തിനുമെല്ലാം പണം കണ്ടെത്താനുള്ള മികച്ച ഓപ്ഷനാണ് ഇതെന്നും ലിങ്ക്ഡ്ഇന്‍ പോസ്റ്റില്‍ അഹൂജ വിശദീകരിക്കുന്നു.

പണം ആര് തിരിച്ചടക്കണം

വീട്ടുടമസ്ഥനും പങ്കാളിയും മരണപ്പെട്ടതിന് ശേഷം മക്കള്‍ക്കു നിയമപരമായ അവകാശികള്‍ക്കും ഈ വീട്ടില്‍ ചില അവകാശങ്ങള്‍ ഉണ്ടായിരിക്കും. വേണമെങ്കില്‍ റിവേഴ്‌സ് മോര്‍ട്ടേജ് വഴി ബാങ്ക് നല്‍കിയ തുക പലിശ സഹിതം അടച്ചശേഷം അവകാശികള്‍ക്ക് വീട് സ്വന്തമാക്കാം. അല്ലെങ്കില്‍ വീട് വിറ്റതിന് ശേഷം ബാങ്കിന്റെ ബാധ്യത തീര്‍ത്ത് ബാക്കി പണം അവകാശികള്‍ക്ക് എടുക്കാം.

ഇത് മറക്കരുത്

എന്നാല്‍ ചില കാര്യങ്ങള്‍ ഓര്‍ക്കുന്നത് നല്ലതാണ്. വര്‍ഷങ്ങള്‍ കഴിയുന്തോറും ബാങ്കില്‍ നിന്നെടുത്ത പണം പലിശയും ചേര്‍ന്ന് വലുതാകും. ബാങ്കിന് വീടിന്റെ ഉടമസ്ഥാവകാശം കൈമാറാന്‍ വേണ്ട രേഖകള്‍ കൃത്യമായി നല്‍കുകയും വേണം. വീടിന്റെ പേരിലുള്ള നിയമപ്രശ്‌നങ്ങള്‍ പരിഹരിക്കുക, നികുതി അടക്കുക, ഇന്‍ഷുറന്‍സ് എന്നിവയും ഉടമസ്ഥന്റെ ചുമതലയാണ്. വായ്പയെടുത്തയാളും പങ്കാളിയും മരണപ്പെട്ട ശേഷം ബാങ്കിന്റെ ബാധ്യത തീര്‍ക്കാന്‍ അധികം സമയം അനുവദിക്കാത്തതും തിരിച്ചടിയാണ്. ഇത്തരം വായ്പ എടുക്കുന്നതിന് മുമ്പ് ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ നിബന്ധനകളും പരിശോധിക്കണമെന്നും ഒരു വിദഗ്ധന്റെ സേവനം തേടണമെന്നും ഈ രംഗത്തുള്ളവര്‍ പറയുന്നു.

Discover how reverse mortgages help seniors turn their homes into a steady income without selling. Learn key benefits, risks, and how families can plan ahead.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT