പശ്ചിമേഷ്യൻ സംഘർഷം ശക്തമാകുമ്പോൾ, പ്രവാസികൾ ഇന്ത്യയിലെ ടേം ഇൻഷുറൻസ് പോളിസികൾ എടുക്കുന്നതിൽ വൻ വർധന. കുറഞ്ഞ പ്രീമിയം, പൂർണ്ണ ഡിജിറ്റൽ ഓൺബോർഡിംഗ് എന്നിവ കാരണമാണ് ഇന്ത്യൻ ഇൻഷുറൻസ് പോളിസികൾക്ക് മുൻഗണന നൽകുന്നത്. ഉയർന്ന വരുമാനക്കാർ 3–5 കോടി വരെ കവറേജ് എടുക്കുമ്പോൾ, യുവതലമുറ ഇൻഷുറൻസിനെ റിസ്ക് മാനേജ്മെന്റിന്റെ ഭാഗമായി കാണുന്നു.
ആഗോളതലത്തിലെ രാഷ്ട്രീയ — സാമ്പത്തിക അനിശ്ചിതത്വങ്ങൾ, മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി (NRI) സമൂഹത്തിന്റെ ഇൻഷുറൻസ് മുൻഗണനകളിൽ വലിയ മാറ്റം വരുത്തുന്നതായി റിപ്പോർട്ട്. പ്രമുഖ ഫിൻടെക് കമ്പനിയായ പോളിസിബസാർ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കഴിഞ്ഞ രണ്ട് വർഷത്തിനിടെ പ്രവാസികൾക്കിടയിൽ ടേം ഇൻഷുറൻസ് ആവശ്യകതയിൽ ഇരട്ടി വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷാവസ്ഥ പ്രവാസികൾക്കിടയിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിലെ വേഗത ഒന്നുകൂടി വർധിപ്പിക്കാൻ ഇടയാക്കി. യു.എസിനുള്ള തിരിച്ചടിയെന്നോണം വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് ഇറാൻ നടത്തിയ ആക്രമണത്തെ തുടർന്ന്, ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ മാത്രം ഇൻഷുറൻസ് പോളിസി വിൽപ്പനയിൽ മുൻ മാസത്തെ അപേക്ഷിച്ച് 35 ശതമാനം വർധനവുണ്ടായി.
ഇൻഷുറൻസ് പോളിസി വാങ്ങുന്നവരിൽ യുവാക്കളുടെ പങ്കാളിത്തം ഗണ്യമായി ഉയർന്നിട്ടുണ്ട്. ആകെ ഡിമാൻഡിന്റെ 54 ശതമാനവും ഇപ്പോൾ 25–35 പ്രായപരിധിയിലുള്ളവരിൽ നിന്നാണ്. മുൻവർഷം ഇത് 44 ശതമാനമായിരുന്നു. അതേസമയം മുൻതലമുറകളെ സംബന്ധിച്ച്, മിച്ചം വരുന്ന തുക ഉപയോഗിച്ച് മാത്രം ഇൻഷുറൻസ് വാങ്ങുന്ന ശീലമാണ് ഉണ്ടായിരുന്നത്. കൈവശം പണമുണ്ടെങ്കിൽ പോലും ഇൻഷുറൻസ് പലപ്പോഴും മാറ്റി വെക്കപ്പെട്ടിരുന്നു. എന്നാൽ റിസ്ക് മാനേജ്‌മെന്റിനെ നിക്ഷേപത്തിന്റെ ഭാഗമായിത്തന്നെ യുവതലമുറ നോക്കിക്കാണുന്നു എന്നത് സാമ്പത്തിക വിപണിയിലെ ഗൗരവമേറിയ മാറ്റമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
ഡിജിറ്റല്‍ സംവിധാനങ്ങള്‍ മുഖേന ലളിതമായ നടപടിക്രമങ്ങളേ ഉള്ളൂവെന്നതും പോളിസികളുടെ പ്രീമിയം നിരക്ക് താരതമ്യേന കുറവാണെന്നതും ആണ് വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ നിന്നുള്ള ഇൻഷുറൻസ് പോളിസികൾ തിരഞ്ഞെടുക്കാൻ പ്രവാസികളെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങൾ. വിദേശത്തെ ഇൻഷുറൻസ് പോളിസികളെ അപേക്ഷിച്ച്, ഇന്ത്യയിലെ പ്രീമിയം നിരക്കുകൾ 20–30 ശതമാനം വരെ കുറവാണ്. അതുപോലെ പൂർണ്ണമായും ഡിജിറ്റലായ ഓൺബോർഡിംഗ് പ്രക്രിയയും ഇന്ത്യൻ പോളിസികൾ വാങ്ങുന്നത് എളുപ്പമാക്കി.
അതേസമയം 50 ശതമാനത്തിലധികം വിഹിതവുമായി പശ്ചിമേഷ്യൻ രാജ്യങ്ങളാണ് പ്രവാസികളുടെ ഇൻഷുറൻസ് വിപണിയിൽ മുന്നിൽ നിൽക്കുന്നത്. യു.എ.ഇ. ആണ് ഇതിൽ ഒന്നാമത്. തൊട്ടുപിന്നാലെ യു.എസ്., കാനഡ, യു.കെ. എന്നീ രാജ്യങ്ങളുണ്ട്. സൗദി അറേബ്യ, ഖത്തർ എന്നിവിടങ്ങളിലും ഇന്ത്യൻ ഇൻഷുറൻസ് പോളിസി വിൽപ്പനയിൽ സ്ഥിരമായ വളർച്ച രേഖപ്പെടുത്തുന്നുണ്ട്.
തങ്ങളുടെ വാർഷിക വരുമാനത്തെ അടിസ്ഥാനമാക്കി പോളിസി തുക (Sum Assured) തിരഞ്ഞെടുക്കുന്നതിൽ പ്രവാസികൾ കൂടുതൽ ജാഗ്രത കാണിക്കുന്നത് ശ്രദ്ധേയമാണ്.
ഉയർന്ന വരുമാനക്കാർ (40 ലക്ഷത്തിന് മുകളിൽ): 3 മുതൽ 5 കോടി രൂപ വരെയുള്ള ഇൻഷുറൻസ് കവറേജ്.
ഇടത്തരം വരുമാനക്കാർ (20–40 ലക്ഷം): 2 മുതൽ 3 കോടി രൂപ വരെയുള്ള ഇൻഷുറൻസ് കവറേജ്.
തുടക്കക്കാർ (20 ലക്ഷത്തിന് താഴെ): 1 കോടി രൂപയുടെ അടിസ്ഥാന കവറേജ്.
അതുപോലെ ഇൻവെസ്റ്റ്‌മെന്റ്-കം-ഇൻഷുറൻസ് പോലെയുള്ള സങ്കീർണ്ണമായ ഹൈബ്രിഡ് ഇൻഷുറൻസ് സ്കീമുകളേക്കാൾ ലളിതമായ ടേം പ്ലാനുകൾക്കാണ് പ്രവാസികൾ മുൻഗണന നൽകുന്നത്.
അപ്രതീക്ഷിത സാഹചര്യങ്ങളെ പ്രതിരോധിക്കാൻ ഇൻഷുറൻസ് ഒരു നിർണ്ണായക സുരക്ഷ കവചമാണ്. അതിനാൽ പ്രതിസന്ധികൾക്കായി കാത്തിരിക്കാതെ, മുൻകൂട്ടി സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്ന ശൈലി സ്വീകരിക്കുക. വാർഷിക വരുമാനത്തിന്റെ 10 മുതൽ 15 മടങ്ങ് വരെയുള്ള ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുക. അതുപോലെ സങ്കീർണ്ണമായ പ്ലാനുകൾ ഒഴിവാക്കി ലളിതമായ ടേം പ്ലാനുകൾ തിരഞ്ഞെടുക്കുക. ചെറിയ പ്രായത്തിൽ തന്നെ പോളിസികൾ എടുക്കുക.
Read DhanamOnline in English
Subscribe to Dhanam Magazine