ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തല്‍ക്ഷണം അറിയാന്‍ മൊബൈൽ ബാങ്കിംഗ് അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്. സ്മാര്‍ട്ട്ഫോണുകളുടെ പ്രചാരം വര്‍ധിച്ചതും ഡിജിറ്റല്‍ സാക്ഷരത വ്യാപകമായതുമാണ് ഇതിനുളള കാരണങ്ങള്‍. എന്നാല്‍ മൊബൈൽ ബാങ്കിംഗ് അക്കൗണ്ടുകളില്‍ ഹാക്കിംഗ് നടക്കുകയോ മറ്റൊരാള്‍ ദുരുപയോഗം ചെയ്യുകയോ സൈബര്‍ ക്രൈം കുറ്റവാളികള്‍ തട്ടിയെടുക്കുകയോ ചെയ്യാനുളള സാധ്യതകളും ഉപയോക്താക്കള്‍ മുന്‍കൂട്ടി കാണേണ്ടതുണ്ട്.
മൊബൈല്‍ ബാങ്കിംഗ് അക്കൗണ്ടുകള്‍ മറ്റൊരു ഡിവൈസില്‍ അനധികൃതമായി തുറന്നാല്‍ ചിലപ്പോള്‍ യഥാര്‍ത്ഥ ഉപയോക്താവ് അറിയണമെന്നില്ല. ബാങ്കുകളില്‍ നിന്ന് എല്ലാ സമയവും കൃത്യമായി അലേര്‍ട്ട് മെസേജുകള്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കാത്തതാണ് ഇതിലെ ഏറ്റവും വലിയ തടസം.
അതുകൊണ്ട് ഓരോ ഉപയോക്താവും തങ്ങളുടെ മൊബൈല്‍ അക്കൗണ്ട് സുരക്ഷിതമാണോയെന്ന് സ്വയം പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. ഇത് എങ്ങനെയാണെന്ന് നമുക്ക് പരിശോധിക്കാം.
മിക്ക ബാങ്കിംഗ് ആപ്പുകളും ലോഗിൻ വിവരങ്ങൾ ട്രാക്ക് ചെയ്യുന്നുണ്ടെങ്കിലും അവ പ്രധാന സ്ക്രീനില്‍ തന്നെ കാണിക്കണമെന്നില്ല. എന്നാല്‍ ആപ്പിലെ 'Security settings' (സുരക്ഷാ ക്രമീകരണങ്ങൾ), 'Manage devices' (ഡിവൈസുകൾ നിയന്ത്രിക്കുക), അല്ലെങ്കിൽ 'Login activity' (ലോഗിൻ വിവരങ്ങൾ) എന്നീ സെക്ഷനുകളിൽ ഈ വിവരങ്ങൾ ലഭ്യമായിരിക്കും. ഈ ടാബുകളില്‍ പരിശോധിച്ചാല്‍ നിങ്ങളുടെ അക്കൗണ്ട് ആക്സസ് ചെയ്ത ഡിവൈസുകൾ, സ്ഥലങ്ങൾ, സമയങ്ങൾ എന്നിവ വ്യക്തമായി അറിയാവുന്നതാണ്.
ഈ സമയത്ത് ഒട്ടും പരിഭ്രാന്തരാകാതെ സമചിത്തതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണം. നിങ്ങളുടെ സ്മാര്‍ട്ട്ഫോണ്‍ മറ്റൊരാള്‍ ഉപയോഗിക്കുന്നതായി സംശയം തോന്നിയാല്‍ ഉടന്‍ തന്നെ നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടത്.
ആപ്പിലെ സവിശേഷത ഉപയോഗിച്ച് മൊബൈൽ ബാങ്കിംഗ് അക്കൗണ്ട് എല്ലാ ഡിവൈസുകളിൽ നിന്നും ലോഗ് ഔട്ട് ചെയ്യേണ്ടതാണ്.
അതിന് ശേഷം അക്കൗണ്ടിന്റെ പാസ്‌വേഡും പിൻ നമ്പറും മാറ്റുക.
അപരിചിതമായ ഡിവൈസുകള്‍ ലിസ്റ്റിൽ നിന്ന് നീക്കം ചെയ്ത ശേഷം ഉടനെ ബാങ്കിനെ വിവരം അറിയിക്കുക, സൈബര്‍ കുറ്റവാളികള്‍ ഉടനെ പണം തട്ടിയെടുത്തില്ലെങ്കിലും ചിലപ്പോള്‍ വലിയ തട്ടിപ്പുകൾ നടത്തുന്നതിനായി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നിരീക്ഷിക്കുന്ന രീതിയുണ്ട്.
അതുകൊണ്ട് ഇടക്കിടെ ലോഗിൻ ഹിസ്റ്ററി പരിശോധിച്ച് അസ്വഭാവികമായ പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടത് നിങ്ങളുടെ സുരക്ഷയ്ക്ക് വളരെ അത്യാവശ്യമാണ്.
Read DhanamOnline in English
Subscribe to Dhanam Magazine